- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് പാതയൊരുക്കാൻ ബിന്ദു കൃഷ്ണയുടെ ഭർത്താവിനെ കരുതൽ തടങ്കലിലാക്കി; തോന്നയ്ക്കലിലെ നടപടി സുപ്രീംകോടതി നിർദ്ദേശം ലംഘിച്ചെന്ന് ആരോപണം; വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന കരുതൽ തടങ്കൽ നിയമം വളരെ മിതമായി മാത്രമേ പ്രയോഗിക്കാവൂ എന്ന ഉത്തരവിനെയും അട്ടിമറിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നു പ്രധാന കാര്യം. വിമാനത്തിലെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് ശേഷം ഇപ്പോൾ മുഖ്യമന്ത്രി പ്രതിഷേധം എന്നു കേട്ടാൽ പേടിക്കുന്ന അവസ്ഥയിലാണ്. ഇതോടെ മുഖ്യമന്ത്രി പുറത്ത് എന്തു പരിപാടിക്ക് പോയാലും ഇപ്പോൾ കർശന സുരക്ഷയാണ് ഒരുക്കുന്നത്. എന്നാൽ, പലപ്പോഴും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുമ്പോൾ മനുഷ്യാവകാശങ്ങൽ പോലും ലംഘിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന്റെ ഉ്ത്തമ ഉദാഹണമായിരുന്നു ജൂലായ് 23-ന് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ ആശാന്റെ 150-ാം ജന്മവാർഷികാഘോഷത്തിൽ നടന്നത്.
ഈ പരിപാടിക്ക് മുഖ്യമന്ത്രി എത്തുന്നതി മുമ്പായി വൻ സുരക്ഷയാണ് ഒരുക്കിയത്. കൂടാതെ കരുതൽ തടങ്കൽ നിയമവും ദുരുപയോഗിച്ചു. സാധാരണ ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടാൻ കരുതൽ തടങ്കൽ നിയമം സർക്കാരുകൾ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി വിധിപ്രസ്താവിച്ച ജൂലായ് മാസത്തിൽത്തന്നെ കേരളത്തിൽ കരുതൽ നടപടിയായി പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത് 25 പേരെയായിരുന്നു.
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുന്നത് തടയാനാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് പ്രതിഷേധിക്കുമെന്ന് സംശയിക്കുന്നവരെ ഇത്തരത്തിൽ നീക്കിയത്. റോഡിൽ നിൽക്കുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളാണ് പൊലീസ് സ്റ്റേഷനിൽ ഇരുത്തുന്നത്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന സർക്കാരുകൾക്കുള്ള അസാധാരണ അധികാരമാണ് കരുതൽ തടങ്കൽ നിയമമെന്നും അതുകൊണ്ട് വളരെ മിതമായി മാത്രമേ ഈ നിയമം പ്രയോഗിക്കാവൂ എന്നുമാണ് ജൂലായ് നാലിന് ജസ്റ്റിസ് സി.ടി. രവികുമാർ വിധി പ്രസ്താവിച്ചത്.
കേരളത്തിൽ കഴിഞ്ഞമാസം മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ ചായ കുടിച്ചു നിന്നവരെയും ഖദർ ധരിച്ച് കൂടിനിന്നവരെയും കരിങ്കൊടി കാണിച്ചവരുടെ പിന്നാലെവന്നവരെയുമൊക്കെയാണ് കരുതൽ തടങ്കൽ എന്ന് പേരിൽ അറസ്റ്റുചെയ്തു നീക്കിയത്. ജൂലായ് 23-ന് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ ആശാന്റെ 150-ാം ജന്മവാർഷികാഘോഷം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഡി.സി.സി. ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്തു നീക്കിയത്. സ്വാഗതസംഘം വൈസ് ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഗേറ്റിന് മുന്നിൽനിന്ന് പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
മൂന്നുമണിക്ക് കസ്റ്റഡിയിലെടുത്ത കൃഷ്ണകുമാറിനെ വൈകീട്ട് ഏഴു മണിയോടെയാണ് വിട്ടയച്ചത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ എത്തിയെന്ന സന്ദേശം ലഭിച്ച ശേഷമാണ് തന്നെ വിട്ടയച്ചതെന്ന് കൃഷ്ണകുമാർ പറയുന്നു. തോന്നയ്ക്കൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിന് മുമ്പായി കണിയാപുരത്ത് റോഡരികിൽ ചായ കുടിച്ചു നിൽക്കുകയായിരുന്ന ഡി.സി.സി. വൈസ് പ്രസിഡന്റ് എം. മുനീറിനെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്ത് നീക്കി. അതിനുമുമ്പ് മുഖ്യമന്ത്രി ഉദ്ഘാടകനായ ആറ്റിങ്ങലിൽ നടന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിന് റോഡ് ക്ലിയറൻസിന് എത്തിയ പൊലീസുകാർ വഴിയിൽനിന്ന നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഇതേപോലെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മുഖ്യമന്ത്രി മടങ്ങിയ ശേഷമാണ് ഇവരെയും വിട്ടയച്ചത്.
ജൂലായ് 20-ന് മുഖ്യമന്ത്രി പങ്കെടുത്ത വിളപ്പിൽശാല ഇ. എം.എസ്. അക്കാദമിയിലെ പരിപാടിക്കു മുന്നോടിയായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.സി.സി. ജനറൽ സെക്രട്ടറി എം.ആർ. ബൈജു, പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ജൂലായ് 30-ന് എറണാകുളം ഗവ. പ്രസിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കു മുന്നോടിയായി ഏഴു പേരെയും നാലുദിവസം മുമ്പ് കുന്നംകുളത്തുനിന്ന് മൂന്നുപേരെയും പൊലീസ് കരുതൽ തടങ്കലിലാക്കി.
ഏതു സാഹചര്യത്തിൽ കരുതൽ തടങ്കൽ നിയമം പ്രയോഗിക്കാമെന്ന് ജൂലായ് നാലിലെ വിധിയിൽ ജസ്റ്റിസ് രവികുമാർ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള സമാധാന ലംഘനങ്ങളും കരുതൽ തടങ്കൽ നിയമം പ്രയോഗിക്കേണ്ട പൊതു ക്രമക്കേടായി കാണാനാവില്ലെന്നും സാധാരണ ക്രമസമാധാന പ്രശ്‌നങ്ങൾ അതിന്റേതായ നിയമംവഴി നേരിടണമെന്നുമാണ് വിധിയിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ