- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലേക്കു ഇടിച്ചു കയറിയത് പത്തോളം ബൈക്കുകൾ; പരിഭ്രാന്തി പരത്തിയത് ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയ ബൈക്കുകൾ: സുരക്ഷാ വീഴ്ചയെന്ന് ആരോപണം
തിരുവനന്തപുരം: നഗരമധ്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്കു ഇടിച്ചു കയറിയത് പത്തോളം ബൈക്കുകൾ. ചെങ്കൊടിവെച്ച ബൈക്കുകൾ പാഞ്ഞടുത്തപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ പാർട്ടിക്കാരാവുമെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് സംഭവം അലത്തെന്ന് മനസ്സിലായതോടെ പൊലീസും അങ്കലാപ്പിലായി. ഇന്നലെ 11.30ന് ജനറൽ ആശുപത്രിഎകെജി സെന്റർ റോഡിലായിരുന്നു സംഭവം.
നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകൾ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോൾ എത്തിയ ഈ ബൈക്കുകളിലെ ചുവന്ന കൊടി കണ്ടു സിപിഎം പ്രവർത്തകരോ, അഭിവാദ്യം അർപ്പിക്കാൻ എത്തിയവരോ ആണെന്നു കരുതി തടയാതിരുന്ന പൊലീസുകാർ ഇളിഭ്യരായി. സുരക്ഷാവീഴ്ചയെന്ന പരാതിയും ഉയർന്നു.
മുഖ്യമന്ത്രി അതു വഴി കടന്നു പോകുന്നതിനാൽ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. അപ്പോഴാണു പത്തോളം ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തിയത്. പൊലീസ് ഈ ബൈക്കുകൾ കടത്തിവിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിൽ കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോൾ മാത്രമാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് എംഎൽഎ ഹോസ്റ്റലിനു മുൻപിൽ പൊലീസ് ജീപ്പ് കുറുകെയിട്ടു ബൈക്കുകാരെ തടഞ്ഞു നിർത്തി താക്കീതു നൽകിയ ശേഷം വിട്ടയച്ചു.
ഹോട്ടലിന്റെ പ്രചാരണത്തിനായി മുൻകൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകർ അറിയിച്ചു. സമയവും റൂട്ടും നേരത്തേ പരസ്യപ്പെടുത്തിയിരുന്നു. എന്നിട്ടും സിറ്റി സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ വിവരം അറിഞ്ഞില്ല.
മറുനാടന് മലയാളി ബ്യൂറോ