തിരുവനന്തപുരം: ആട്ടചിത്തിരക്കായി ശബരിമല നട തുറന്നപ്പോഴും കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ്. ബിജെപി പ്രവർത്തകരും നേതാക്കളും തന്നെയാണ് സന്നിധാനത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയും 52 വയസുള്ള സ്ത്രീയെ ഭക്തർ സംഘടിച്ച് തടയുന്ന സ്ഥിതിവിശേഷം ഉണ്ടായതോടെ യുവതി പ്രവേശനം എളുപ്പമല്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.

ശബരിമലയിൽ ക്രമസമാധാനം തകർക്കാൻ നോക്കുന്ന ആളുകളുണ്ടെന്നും അവർക്ക് വളക്കൂറായ മണ്ണായി കേരളം മാറില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രമസമാധാനം തകർക്കാൻ നോക്കുന്നവർക്ക് പറ്റിയ മണ്ണ് കേരളമല്ലെന്ന് മനസിലാകും. പൊതുവായ അവസ്ഥ തകർക്കാൻ ശ്രമിക്കുന്നവർക്ക് ആ ശേഷിയിൽ എത്തുമെന്ന് കരുതരുത്. മറ്റിടങ്ങലിൽ നടക്കുന്ന കാര്യങ്ങൾ ഈ മണ്ണിൽ തെളിയിച്ചു കളയാം എന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിൽ കാര്യങ്ങൾ പൊലീസ് നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ ക്രമസമാധാന പ്രശ്‌നം ആരും പ്രതീക്ഷിക്കുന്നില്ല. ശാന്തിക്ക് വിഘ്‌നമുണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കും. ബിജെപിക്കാർ സന്നിധാനത്ത് തങ്ങാൻ ശ്രമിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരെ തല്ലിയത് പൊലീസ് അല്ല, അത് അടിടെ തമ്പടിച്ചവരാണ്. ബിജെപി പ്രവർത്തകർ സന്നിധാനത്ത് തമ്പടിക്കുന്നത് അവിടത്തെ സമാധാന അന്തരീക്ഷം തകർക്കാൻ വേണ്ടിയാണ്. നിങ്ങൾക്കും അത് മനസിലായി എന്നുള്ളതാണ് കാര്യം. ആ ശക്തികളുടെ ശ്രമം വിജയിക്കാനല്ല പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ തൃശ്ശൂർ സ്വദേശിനിയെ സന്നിധാനത്തു വെച്ചു തടഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അനധികൃതമായി സംഘം ചേരൽ സ്ത്രീകളെ ആക്രമിക്കൽ, അസഭ്യം വിളിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശബരിമല വലിയ നടപ്പന്തലിൽ സംഘർഷം ഉണ്ടായത്.

ഇന്ന് രാവിലെ ഏഴു മണിയോടെ ദർശനത്തിനായി വലിയ നടപ്പന്തൽ വരെയെത്തിയ തൃശ്ശൂർ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. ഇതിന് നേതൃത്വം നൽകിയ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സന്നിധാനത്ത് സംഘർഷം ഉടലെടുത്തത്. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി എത്തിയാണ് സംഭവങ്ങൾ നിയന്ത്രിച്ചത്. തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദർശനത്തിനായി എത്തിയത്. ഇതിൽ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശരണം വിളിയും ആക്രോശവുമായി 200 ലധികമാളുകൾ ഇവരെ വളഞ്ഞു. ഉടൻ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു.

ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് പൊലീസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതിൽ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്റ്റേഷൻ ഉപരോധിച്ചു.

ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങൾ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയത്ത് പൊലീസിനെ മുന്നിൽ നിർത്തി എല്ലാം വൽസൻ തില്ലങ്കിരി ഏറ്റെടുത്തു. വൽസൻ തില്ലങ്കേരിയുമായി പൊലീസ് ചർച്ചകൾ നടത്തി. വൽസൻ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദർശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദർശനത്തിന് അനുവദിക്കുകയും ചെയ്തു.

കൊച്ചുമകന്റെ ചോറൂണിനെത്തിയവരാണ് കുടുങ്ങിയത്. ഇവർ സംഘർഷത്തിനിടെ ചവിട്ടേറ്റെന്ന് പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിടിയിലായ ആൾക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുമെന്നത് നിർണ്ണായകമാണ്. ഈ സംഘർഷത്തിനിടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായി. പൊലീസ് ഏയ്ഡ് പോസ്റ്റിന്റെ മുകളിൽനിന്ന് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാർ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു

പ്രതിഷേധക്കാരിൽ ചിലർ വിഷ്ണുവിനു നേർക്ക് കസേര വലിച്ചെറിയുകയും ചെയ്തു. മറ്റൊരു ദൃശ്യമാധ്യമപ്രവർത്തകന്റെ നേർക്കും പ്രതിഷേധക്കാർ ഓടിയെത്തി. ന്യൂസ് 18 കേരളയുടെ ക്യമാറ തകർക്കുകയും ചെയ്തു, പൊലീസിന് ഒരു നിയന്ത്രണവുമില്ലായിരുന്നു. നേരത്തെ ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ ആറു യുവതികൾ സാഹചര്യം കണക്കിലെടുത്ത് ദർശനം നടത്താതെ മടങ്ങിയിരുന്നു. പൊലീസും ഭക്തരും കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ഇവർ ദർശനത്തിന് മുതിരാതെ മടങ്ങിയത്. എന്നാൽ ദർശനം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവർ അറിയിക്കുകയായിരുന്നു.