- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്: മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്; ഭാഷയുടെ അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനും വിഭജിക്കാനും ശ്രമിക്കുന്നവർ പിന്മാറണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ജി ബി പന്ത് ആശുപത്രിയിലെ മലയാളി നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിച്ച് കാണുകയും അവരെ തമ്മിൽ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്താൻ നഴ്സിങ് സ്റ്റാഫിന് ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി ആശുപത്രി നൽകിയ സർക്കുലറിനേക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്.
അത്തരത്തിൽ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സർക്കാർ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നമ്മുടെ സംസ്കാരത്തിൽനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിൻവലിച്ചു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്.
അത്തരത്തിൽ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സർക്കാർ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേർന്നതല്ല അത്തരം നടപടികൾ.
നമ്മുടെ സംസ്കാരത്തിൽനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിൻവലിച്ചു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ വേർതിരിച്ച് കാണുകയും അവരെ തമ്മിൽ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് ഓർമിപ്പിക്കുന്നു.
ജി ബി പന്ത് ആശുപത്രിയിൽ ഉൾപ്പെടെ ഡെൽഹിയിലെ നിരവധി ആശുപത്രികളിൽ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാർ. അവർക്കെല്ലാവർക്കും ഊഷ്മളമായ അഭിവാദ്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ