തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ആശംസയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ ഡോക്ടർമാർ വഹിക്കുന്നത് എത്രമാത്രം പ്രാധാന്യമുള്ള ഉത്തരവാദിത്വമാണെന്ന് നമ്മൾ അനുഭവിച്ചറിയുന്ന സവിശേഷമായ കാലഘട്ടമാണ് ഇതെന്ന് പിറണായി പറഞ്ഞു. കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ കാക്കാനായി അവർ നൽകുന്ന സേവനങ്ങളുടെ മഹത്വം വാക്കുകൾക്ക് അതീതമാണെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

മറ്റ് ആരോഗ്യപ്രവർത്തകർക്കൊപ്പം ഡോക്ടർമാർ ഉയർത്തിപ്പിടിക്കുന്ന ത്യാഗസന്നദ്ധതയും കഠിനാദ്ധ്വാനവും മികച്ച രീതിയിൽ രോഗത്തെ പിടിച്ചു നിർത്തുന്നതിൽ കേരളത്തെ സഹായിച്ച സുപ്രധാന ഘടകമാണ്. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വിശ്രമരഹിതമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തളർച്ചകൾ വകവയ്ക്കാതെ അവർ തങ്ങളുടെ ഉത്തരവാദിത്വവുമായി മുൻപോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഡോക്ടർമാർക്കാവശ്യമായ പിന്തുന്ന നൽകാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുന്ന പെരുമാറ്റമോ ഇടപെടലുകളോ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിജീവനത്തിനായി നമ്മൾ നടത്തുന്ന പോരാട്ടത്തിന്റെ മുന്നണിയിൽ നിന്നുകൊണ്ട് പ്രതിരോധത്തിന്റെ കവചം തീർക്കുന്നത് ഡോക്ടർമാർ ആണെന്നത് മറന്നുകൂടാ.

ഈ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ അവർക്കുള്ള പിന്തുണ ഉറപ്പുവരുത്തുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. എല്ലാ ഡോക്ടർമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു,' മുഖ്യമ്ന്ത്രി പറഞ്ഞു. എല്ലാ വർഷവും ജുലൈ ഒന്നിനാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

അദ്ദേഹത്തിന്റെ ജന്മവാർഷികവും ചരമവാർഷികവും ജൂലൈ ഒന്നിനാണ് എന്ന പ്രത്യേകതയുമുണ്ട്. 1991ൽ കേന്ദ്ര സർക്കാർ ജൂലൈ ഒന്നിന്
ഡോക്ടേഴ്സ് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.