- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസൽ ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിന് കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതികൾക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസൽ ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 26 വരെ 17,51,852 പ്രവാസിമലയാളികളാണ് കോവിഡ് 19 ജാഗ്രതാ പോർട്ടൽ പ്രകാരം തിരികെ എത്തിയിട്ടുള്ളത്. എന്നാൽ എയർപോർട്ട് അഥോറിറ്റി ലഭ്യമാക്കുന്ന വിവരങ്ങൾ പ്രകാരം മെയ് 2020 മുതൽ ഒക്ടോബർ 2021 വരെയുള്ള കാലയളവിൽ കേരളത്തിലെ എയർപോർട്ടുകൾ വഴി 39,55,230 പേർ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗം പേരും തിരിച്ചുപോയിട്ടുണ്ട് എന്ന് ഈ കണക്കുകൾ പ്രകാരം കരുതാവുന്നതാണ്.
വിവിധ രാജ്യങ്ങളിൽ നിന്നും Valid Passport, Valid Job Visa എന്നിവയുമായി തിരിച്ചെത്തി തിരികെപോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5,000/- രൂപ വീതം അടിയന്തിര ധനസഹായം സർക്കാർ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 1,33,800 പേർക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രവാസികൾക്ക് 10,000/- രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് നാളിതുവരെയായി 181 പേർക്ക് നൽകിയിട്ടുണ്ട്. പ്രവാസി പെൻഷൻ കൈപ്പറ്റുന്നവർക്ക് കോവിഡ് രണ്ടാം തരംഗത്തിൽ സർക്കാർ ധനസഹായമായി 1,000/- രൂപ വീതം 18,278 പേർക്ക് അനുവദിച്ചിട്ടുണ്ട്.
തിരിച്ചെത്തിയ പ്രവാസികളിൽ 12.67 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോർട്ടലിലെ ഇന്നലെ വരെയുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭക പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും 2021 - 22 ലെ ബഡ്ജറ്റിൽ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ വഴി 2 ലക്ഷം രൂപ പലിശരഹിത സംരംഭകത്വവായ്പ നൽകി സാമ്പത്തിക സ്വാശ്രയത്വം നൽകുന്ന 'പ്രവാസി ഭദ്രത-പേൾ', സഹകരണ സ്ഥാപനങ്ങൾ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവ മുഖേന 5 ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ നൽകുന്ന 'പ്രവാസി ഭദ്രത-മൈക്രോ', സ്വയംതൊഴിൽ പദ്ധതികൾക്കായി KSIDC മുഖാന്തിരം 25 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ നിരക്കിൽ വായ്പ നൽകുന്ന 'പ്രവാസി ഭദ്രത-മെഗാ' എന്നിങ്ങനെ തൊഴിൽ സംരംഭകത്വ പദ്ധതികൾ 'പ്രവാസി പുനരധിവാസ ഏകോപന സംയോജന പദ്ധതി'യിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്നു. ഇതിന് മൂലധന സബ്സിഡി, പലിശ സബ്സിഡി എന്നിവ നിബന്ധനകളോടെ ലഭ്യമാക്കുന്നതാണ്
തിരികെ എത്തിയ പ്രവാസികൾക്ക് സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പിന്തുണ നൽകുന്ന 'നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ്' (NDPREM) പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 2021-22 വർഷത്തിൽ 24.4 കോടി രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) നാലു വർഷത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതി മുഖേന ലഭിക്കുന്നതാണ്.
സംരംഭകർക്ക് സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ബാങ്ക് വായ്പ ലഭ്യമാക്കിവരുന്നു.
നാട്ടിൽ മടങ്ങി എത്തിയവരിൽ ഭവനവായ്പ ഉൾപ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുമ്പാകെ ഉന്നയിക്കുന്നതാണ്.
തിരികെ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി 'നോർക്ക സ്കിൽ റിപ്പോസിറ്ററി പദ്ധതി' എന്ന പേരിൽ ഏകജാല സംവിധാനവും തൊഴിൽ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനായി 'സ്കിൽ അപ്ഗ്രഡേഷൻ & റീഇന്റഗ്രേഷൻ പദ്ധതി'യും നടപ്പിലാക്കിയിട്ടുണ്ട്.
നിലവിലുള്ള വിദേശ റിക്രൂട്ടിങ് സംവിധാനം ശക്തമാക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒരു നൂതന സംരംഭം രൂപപ്പെടുത്തുന്നതിനും പോസ്റ്റ് റിക്രൂട്ട്മെന്റ് സേവനങ്ങൾക്കുമായി ഒരു പദ്ധതി വിഭാവനം ചെയ്യുകയും 2 കോടി രൂപ ഈ സാമ്പത്തിക വർഷത്തിൽ ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
മടങ്ങിവന്ന പ്രവാസികൾ സംസ്ഥാനത്ത് സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവർ വിശദമായ അപേക്ഷയും ബന്ധപ്പെട്ട രേഖകളും നോർക്കയുടെ ഇ-മെയിലിൽ അയക്കുവാൻ പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകൾ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ