- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ ഭർത്താവിന് കെ ഫോണിൽ ജോലി നൽകിയിട്ടില്ല; ശിവശങ്കർ പുസ്തകമെഴുതിയത് അനുമതി വാങ്ങാതെ; സ്വപ്നയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിജിലൻസ് അന്വേഷണം നടക്കുന്നു എന്ന ഒറ്റവരി മറുപടിയും; സഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസും ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും എം ശിവശങ്കരൻ പുസ്തകം എഴുതിയതോടെ വീണ്ടും ഈ വിഷയം സൈബർ ഇടങ്ങളിൽ സജീവമായി ചർച്ചയായി. നിയമസഭയിലും ഈ വിഷയം ചോദ്യമായി എത്തി. സ്വപ്ന സുരേഷിന്റെ ഭർത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായി ജോലി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.
കോൺഗ്രസ് എംഎൽഎ എം വിൻസെന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കർ പുസ്തകമെഴുതാൻ സർക്കാരിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ശിവശങ്കർ ആത്മകഥാപരമായ പുസ്തകം എഴുതുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ചോദിച്ചിരുന്നോ എന്ന് നജീബ് കാന്തപുരം എംഎൽഎയാണ് ആരാഞ്ഞത്. ഇതിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ശിവശങ്കർ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അനുമതി തേടിയിട്ടില്ലെന്നാണ് മറുപടി.
നേരത്തെ വാർത്താസമ്മേളനങ്ങളിൽ ഇതേക്കുറിച്ച് പലതവണ ചോദ്യങ്ങൾ ഉയർന്നെങ്കിലും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിരുന്നില്ല. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് ശിവശങ്കർ പുസ്തകം പ്രസിദ്ധീകരിച്ചത്. സ്വപ്ന സുരേഷിന്റെ ഭർത്താവിന് കെ ഫോണിൽ ജോലി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ശിവശങ്കറിന് പണം ലഭിച്ചിട്ടുണ്ടെന്ന സ്വപ്നയുടെ ആരോപണത്തിനും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകിയിട്ടുണ്ട്.
ലൈഫ് ഭവനപദ്ധതി ദുബായ് റെഡ്ക്രസന്റ് അവരുടെ സ്രോതസ്സ് വിനിയോഗം ചെയ്ത് സ്വന്തം നിലയിലാണ് നടപ്പാക്കുന്നത്. നിർമ്മാണം പൂർണമായും റെഡ്ക്രസന്റിന്റെ ചുമതലയിലാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വപ്നയുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, വിജിലൻസ് അന്വേഷണം നടക്കുന്നു എന്ന ഒറ്റവരി മാത്രമാണ് മറുപടിയിലുള്ളത്.
എം.ശിവശങ്കരന്റെ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകം പുറത്തിറങ്ങും മുൻപ് വിവാദമായതോടെ സ്വപ്ന ശിവശങ്കരന് എതിരെ രംഗത്ത് എത്തിയിരുന്നു. താനും പുസ്തകമെഴുതിയാൽ ഒരു വാള്യം തന്നെ ശിവശങ്കരനെപ്പറ്റി എഴുതേണ്ടി വരുമെന്ന് സ്വപ്ന തുറന്നടിച്ചിരുന്നു. എന്നാൽ സർക്കാർ ഇപ്പോൾ സ്വപ്നയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
സ്‌പേസ്പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാൻ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് കത്തെഴുതി. സ്‌പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപ നൽകിയിരുന്നു. തുക തിരിച്ചടയ്ക്കാത്തപക്ഷം കൺസൽട്ടൻസി ഫീസായി പിഡബ്ലൂസിക്ക് നൽകാനുള്ള ഒരു കോടി രൂപ നൽകേണ്ടെന്നാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
തുക ഈടാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പിഡബ്ല്യൂസിയിൽ നിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ കെഎസ്‌ഐടി ഐഎൽ ചെയർമാൻ ആയിരുന്ന ശിവശങ്കരൻ, എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷ്യൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരിൽ നിന്ന് ഈടാക്കണമെന്നും സർക്കാർ ശുപാർശ ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ