- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിൽവർലൈൻ കടലാസിലൊതുങ്ങില്ല, ജനപിന്തുണയോടെ നടപ്പാക്കും; നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്നവാരായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറി; പ്രക്ഷോഭം തുടരുന്നതിനിടെ മുഖ്യമന്ത്രി; കേരളത്തെ കലാപഭൂമിയാക്കാൻ നീക്കമെന്ന് കോടിയേരിയും
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ജനപിന്തുണയോടെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ല. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്ന ഒരു വിഭാഗമായി നാട്ടിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
'നമ്മുടെ നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്ന ഒരു വിഭാഗമായി നാട്ടിലെ കോൺഗ്രസ് നേതൃത്വത്തിനുള്ള പ്രതിപക്ഷം മാറി. അതോടൊപ്പം ബിജെപിയും സമാന നിലപാട് സ്വീകരിക്കും. ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. സർക്കാർ എന്തൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടോ ജനപിന്തുണയോടെ അതെല്ലാം നടപ്പിലാക്കും. കടലാസിൽ കിടക്കുന്നതായിരിക്കില്ല. എല്ലാം പൂർണമായ തോതിൽ നടപ്പാക്കും.' കൊല്ലത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിൽ പദ്ധതിക്കെതിരായ സമരങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സിൽവർ ലൈനിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചത്. സർവ്വേ കല്ല് സ്ഥാപിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
അതേസമയം സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഇഎംഎസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ വിമർശനം.
'കോൺഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ