- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതുക്കും മേലെ' എന്ന് പറഞ്ഞത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്പോൾ വില നൽകുന്നത്; സിൽവർ ലൈൻ നഷ്ടപരിഹാരം കമ്പോള വിലയുടെ ഇരട്ടി; എന്തു വന്നാലും പിന്നോട്ടില്ലെന്ന് പിണറായി; ഒരു കൂട്ടർക്ക് എതിർപ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല; ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്തു തന്നെ നടപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി നഷ്ടപ്പെടുന്നവർക്ക് കമ്പോള വിലയുടെ ഇരട്ടിയിലധികമാണ് നഷ്ടപരിഹാരമായി നൽകുന്നത്. ആവശ്യമെങ്കിൽ 'അതുക്കും മേലെ' നൽകാനും സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കാലിക്കട്ട് പ്രസ് ക്ലബിന്റെ സുവർണജൂബിലി ആഘോഷചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൂട്ടർക്ക് എതിർപ്പുള്ളതു കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്തു തന്നെ നടപ്പാക്കേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെ നടപ്പാക്കുന്നതിനെ ഏതെങ്കിലും ചിലർ നിക്ഷിപ്ത താൽപ്പര്യം വെച്ച് എതിർക്കുകയാണ്. അതിന്റെ കൂടെ വെള്ളമൊഴിച്ചും വളമിട്ടും നിൽക്കലാണോ നാട്ടിലെ മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് പിണറായി വിജയൻ ചോദിച്ചു.
ഇക്കാര്യത്തിൽ സ്വയം പരിശോധന മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് നല്ലതാണ്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണായി മാധ്യമങ്ങൾ മാറരുത്. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുകയാണ്. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാർത്ഥ മാധ്യമപ്രവർത്തനം. മാധ്യമങ്ങൾ ഇടതുപക്ഷത്തെ അപമാനിക്കുന്നു. അധികാരികളുടെ വാഴ്‌ത്തുപാട്ടുകാരായി മാധ്യമങ്ങൾ അധഃപതിച്ചു. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അതേസമയം കെ റെയിലിന് എതിരായ കേന്ദ്രമന്ത്രി വി മുരളീധരന്റെ സമരയാത്രയിൽ നാടകീയ രംഗങ്ങളുമുണ്ടായി. വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിൽ സിൽവർ ലൈനിനായി കുടുംബം വാദിച്ചു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറെന്ന് അറിയിച്ച കുടുംബം, വി മുരളീധരനും സംഘത്തിനും മുമ്പിൽ സിൽവർ ലൈൻ അനുകൂല മുദ്രാവാക്യം വിളിച്ചു. സിപിഎം കൗൺസിലറുടെ കുടുംബമാണ് മുരളീധരനെതിരെ പ്രതിഷേധം ഉയർത്തിയത്.
വി മുരളീധരന്റെ സിൽവർ ലൈൻ വിരുദ്ധ യാത്രയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാർ സംസാരിച്ചത്. ഭവന സന്ദർശനത്തിന് ഇടയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി നൽകാൻ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കിയത്. വി മുരളീധരന് മുന്നിൽ കെ റെയിൽ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രവാക്യം മുഴക്കുകയും ചെയ്തു. അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബമാമെന്ന് വി മുരളീധരൻ പറഞ്ഞു.
അതിനിടെ കെ റെയിൽ ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്റ്ററുമായി കുടുംബങ്ങളും രംഗത്തുണ്ട്. ബോധവൽക്കരണത്തിനായി എത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് ചെങ്ങന്നൂർ പുന്തല പ്രദേശത്തുകാർ ഗേറ്റിന് പുറത്ത് പോസ്റ്റർ പതിച്ചത്. പത്തോളം കുടുംബങ്ങളാണ് ഇങ്ങനെ പോസ്റ്റർ പതിച്ചത്. കെ - റെയിൽ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് - എന്നെഴുതിയ പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.
വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടർ ഇതിനായി ഏറ്റെടുക്കേണ്ടി വരും. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകുംമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം സിപിഎം പ്രാദേശികമായി തന്നെ കെ റെയിൽ വിരുദ്ധ സമരത്തെ ബോധവൽക്കരണത്തിലൂടെ നേരിടുമ്പോൾ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പദ്ധതിയെ എതിർത്തത് വിവാദമായിരുന്നു. വെൺമണി വഴി പാത കടന്നുപോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് നേതാവ് പറഞ്ഞത്. എന്നാൽ ഇയാൾക്കെതിരെ നടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനം. ഭൂമിയും വീടും പോകുമെന്നതിനാൽ നാട്ടുകർ കെ റെയിലിനെതിരെ പ്രതിഷേധിക്കുകയാണ്. കിടപ്പാടം വിട്ടിറങ്ങില്ലെന്ന നിലപാടിലാണ് ഇവർ. നാട്ടുകാരെ ബോധവൽക്കരിക്കുന്നതിനായുള്ള ശ്രമങ്ങൾ പാർട്ടി തലങ്ങളിൽ നിന്ന് നടക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ