തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ഘട്ടത്തിലാണ് ശ്രീലേഖയുടെ പ്രതികരണമെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള അതൃപ്തിയും സൂചിപ്പിച്ചിട്ടില്ല. തെറ്റായ സമീപനം സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പറഞ്ഞിട്ടില്ല. അവരുടെ ആഗ്രഹം പറഞ്ഞിട്ടുണ്ട്, അതിൽ തെറ്റില്ലെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

ഏത് ഘട്ടത്തിലാണ് അവർക്ക് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും തരത്തിലും തെറ്റായ അനുഭവം ഉണ്ടാകുന്നുവെന്ന പരാതി തന്നോട് മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖ പറഞ്ഞിട്ടില്ല. അവരുടെ ആഗ്രഹം പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ആഗ്രഹങ്ങൾ പറഞ്ഞിട്ടുണ്ട് അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൽ വിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ ശ്രീലേഖ എന്തു കൊണ്ട് ഈ സംഭവങ്ങൾക്കെതിരെ സർവീസിലുണ്ടായിരുന്നപ്പോൾ പ്രതികരിച്ചില്ലെന്ന് പൊലീസ് അസോസിയേഷൻ ചോദിച്ചു.

ഒരു വനിതാ എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറി എന്ന് പറയുമ്പോഴും സംഭവത്തിന് അടിസ്ഥാനമുണ്ടെങ്കിൽ, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീർത്തും നിരുത്തരവാദിത്വത്തോടെയുള്ള സർവ്വീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേയെന്നായിരുന്നു അസോസിയേഷന്റെ ചോദ്യം.

അഭിപ്രായങ്ങളിൽ സ്വന്തം ദുർബലതകൾ നിറഞ്ഞു നിന്നതായാണ് ശ്രീലേഖയുടെ അഭിമുഖത്തിൽ കാണാൻ സാധിച്ചതെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് ഒരു വിഭാഗം പൊലീസുകാരിൽ നിന്നും നേരിടേണ്ടി വന്നതെന്നായിരുന്നു ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ. വനിതാ എസ്ഐയ്ക്കെതിരെ ഒരു ഡിഐജി നടത്തിയ അതിക്രമം നേരിട്ടറിയാം.

മാനസിക പീഡനം സഹിക്കവയ്യാതെ രാജിവെയ്ക്കാൻ പോലും ഒരുങ്ങിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് പൊലീസിൽ രക്ഷയില്ലെന്നും കേരള പൊലീസിൽ വനിത ഉദ്യോഗസ്ഥർക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. സ്ത്രീയെന്ന നിലയിൽ നിരന്തരം ആക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം. ഡിജിപി ഉൾപ്പെടെയുള്ള മേലധികാരികളെ തെറി വിളിക്കാം. വനിതാ ഓഫീസർമാർ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ടെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ.