- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരാറുകാരുമായി വരരുതെന്ന് 25 വർഷം മുമ്പേ പറഞ്ഞിരുന്നു; ഷംസീറിനെ പരസ്യമായി തള്ളി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; ഇക്കാര്യത്തിൽ പാർട്ടിക്കൊരു നിലപാടുണ്ടെന്നും പിണറായി; മുഖ്യമന്ത്രിയുടെ പിന്തുണ ഉറപ്പിച്ചതോടെ കരാറുകാർക്കെതിരെ നടപടിയുമായി മന്ത്രി റിയാസും
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വിമർശനം ഉന്നയിച്ച എ എൻ ഷംസീറിനെ പൂർണമായി തള്ളി മുഖ്യമന്ത്രി പിണറായി. മുഹമ്മദ് റിയാസിനെ പിന്തുണച്ചാണ് പിണറായി ഇന്ന് രംഗത്തുവന്നത്. എംഎൽഎമാർ കരാറുകാരുമായി മന്ത്രി ഓഫീസുകളിൽ വരരുതെന്ന റിയാസിന്റെ നിലപാടിൽ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്നു മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കി.
അതു പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. 1996 ൽ താൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കരാറുകാരനെ കൂട്ടി തന്നെ കാണാൻ വന്ന എംഎൽഎയോട് അന്നു താൻ ഇതേകാര്യം പറഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു നിങ്ങളുടെ ജോലിയിൽ പെട്ട കാര്യമല്ലെന്നാണ് അന്നു താൻ പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ പാർട്ടിക്കൊരു നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലും കരാറുകാരെ കൂട്ടിവരുന്ന എംഎൽഎമാരെ മന്ത്രി റിയാസ് വിമർശിച്ചിരുന്നു. അഴിമതി കരാർ രംഗത്ത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവും മന്ത്രി നൽകിയിരുന്നു. റിയാസിന്റെ നിലപാടിനെതിരെ സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ വിമർശനമുയർന്നിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിന്തുണയുമായി എത്തുന്നത്.
അതേസമയം മുഖ്യമന്ത്രിയിൽ നിന്നും പിന്തുണ ഉറപ്പിച്ചതോടെ കരാറുകാർക്കെതിരെ കർശന നടപടിയുമായി റിയാസും രംഗത്തു വന്നു. റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച കരാറുകാർക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്. കോഴിക്കോട് ജില്ലയിലെ കരാറുകാരനിൽ നിന്ന് പിഴ ഈടാക്കാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാർശ ചയ്തത്. ദേശീയ പാത 766ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് നടപടി.
കരാർ രംഗത്തെ ശക്തരായ നാഥ് ഇൻഫാസ്ട്രക്ചർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ നിർദ്ദേശം നൽകി. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവർത്തിയിലാണ് കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് അലംഭാവം വരുത്തിയത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് സെപ്റ്റംബർ മാസത്തിൽ ഈ സ്ഥലം സന്ദർശിച്ചിരുന്നു. പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിർദ്ദേശവും മന്ത്രി നൽകിയിരുന്നു.
ഒരു ഭാഗത്ത പ്രവർത്തി ഒക്ടോബർ 15 നകം തീർക്കണം എന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ കരാറുകാരൻ മന്ത്രിയുടെ നിർദ്ദേശത്തിന് കാര്യമായ വില നൽകിയില്ല. തുടർന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പ്രവർത്തി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ