- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സന്തോഷമുള്ള വാർത്തയുണ്ട്... പാലാരിവട്ടം പാലത്തിന്റെ പണി അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കി; ഡിഎംആർസിക്കും ഊരാളുങ്കൽ സൊസൈറ്റിക്കും അഭിനന്ദനം; മെട്രോമാൻ ഇ ശ്രീധരനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി; ബിജെപി പാളയത്തിൽ പോയ ശ്രീധരന്റെ പേരിലെ പബ്ലിസിറ്റി പോലും ഭയന്ന് പിണറായി
തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ഇപ്പോൾ വെറും ശ്രീധരനല്ല. ബിജെപിയിലേക്ക് ചേക്കേറി ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയക്കാരെ വെല്ലുവിളിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ശ്രീധരന്റെ പേരിലെ പബ്ലിസിറ്റിയെ നേതാക്കൾക്ക് വലിയ ഭയമാണ്. ഇത് ഏറ്റവും തിരിച്ചറിയുന്ന രാഷ്ട്രീയക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ട് തന്നെ ശ്രീധരനെ കുറിച്ചുള്ള ഓരോ വാക്കിലും വലിയ സൂക്ഷ്മതയാണ് പിണറായി സൂക്ഷിക്കുന്നത്.
പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ കാര്യം പരാമർശിക്കവെ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനെക്കുറിച്ച് മിണ്ടാതെയാണ് പിണറയാി വിജയൻ ഇന്ന് വാർത്താസമ്മേളനം നടത്തിയത്. എട്ട് മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി കേവലം അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയും ഡിഎംആർസിയെയും അഭിനന്ദിച്ചപ്പോൾ പാലത്തിന്റെ പുനർനിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളായ 'മെട്രോമാൻ' ഇ ശ്രീധരന്റെ കാര്യം വിട്ടുകളയുകയാണ് ഉണ്ടായത്.
പാലം പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെ ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പണി നേരത്തെ പൂർത്തിയാക്കിയതിൽ ഊരാളുങ്കൽ സൊസൈറ്റിയെ ഇ ശ്രീധരൻ അഭിനന്ദിച്ചതും വാർത്തയായിരുന്നു. 41 കോടി 70 ലക്ഷം രൂപ എസ്റ്റിമേറ്റിൽ മുൻ സർക്കാരിന്റെ കാലത്ത് പണിത പാലം ഒറ്റവർഷം കൊണ്ട് തകർന്നപ്പോഴാണ് കേവലം 22 കോടി 80 ലക്ഷം രൂപ നിർമ്മാണ ചെലവിൽ നൂറു വർഷത്തോളം നിലനിൽക്കുന്ന പാലം പാലാരിവറ്റത്ത് ഒരുക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ നാളെ വൈകുന്നേരം നാലു മണിക്ക് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. ഏറ്റെടുക്കുന്ന വികസന പ്രവർത്തനങ്ങൾ ഏത് പ്രതിസന്ധികളുണ്ടായാലും കാര്യക്ഷമമായും വേഗതയിലും അഴിമതി കൂടാതെയും പൂർത്തിയാക്കിയിരിക്കും എന്ന ഉറപ്പാണ് ഈ ഘട്ടത്തിൽ ജനങ്ങൾക്ക് നൽകാനുള്ളത്. വിവാദങ്ങളെല്ലാം വിവാദങ്ങളുടെ വഴിക്കു പോകും. ഞങ്ങൾ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത് നാടിന്റെ വികസന കാര്യങ്ങളിലാണ്. അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ