തിരുവനന്തപുരം: തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ നാലരയ്ക്ക് തിരുവനന്തപുരത്ത് നിന്നായിരുന്നു വിമാനം. റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി തുടർ ചികിത്സ നടത്തുന്നത്. 18 ദിവസത്തേക്കാണ് അദ്ദേഹം വിദേശത്തേക്ക് പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

തുടർന്ന് മെയ്‌ രണ്ടാം വാരത്തോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മറ്റാർക്കും താത്കാലിക ചുമതല നൽകിയിട്ടില്ല. മന്ത്രിസഭായോഗങ്ങളിൽ ഓൺലൈനായി പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയുമായ കമലയുമുണ്ട്. പേഴ്സണൽ അസിസ്റ്റന്റ് വി എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.

ജനുവരി മാസത്തിലായിരുന്നു മുഖ്യമന്ത്രി ചികിത്സാ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയത്. ജനുവരി 11 മുതൽ 27 വരെയായിരുന്നു അദ്ദേഹം അമേരിക്കയിൽ തുടർന്നത്. ഇതിന് മുൻപ് 2018 ലും ചികിത്സയ്ക്ക് വേണ്ടി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയിരുന്നു. അന്നും ഭരണകാര്യങ്ങൾ അദ്ദേഹം തന്നെയാണ് നിർവിച്ചിരുന്നത്.

അതേസമയം അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങി എത്തിയ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പോകും. പാൻക്രിയാസ് കാൻസർ ബാധിതനായ കോടിയേരി 2020 ജനുവരിയിൽ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ചില പരിശോധനകളിൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നു വന്നതോടെയാണ് അദ്ദേഹം വീണ്ടും യുഎസിലേക്കു പോകുന്നത്.