ബെംഗളൂരു: എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദി പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനത്തിന്റെ വേദിയായിരുന്നു. എല്ലാവരും കൈകോർത്ത് മാധ്യമങ്ങൾക്ക് വേണ്ടി പോസ് ചെയ്തപ്പോഴും ആ കൂട്ടത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായിരുന്നില്ല. രാഷ്ട്രീയമായി കാർക്കശ്യം പുലർത്തുന്ന അദ്ദേഹം ബംഗാളിലെ സഖാക്കളെ കൊന്നൊടുക്കുന്നു എന്ന് ആക്ഷേപമുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും മുഖം കൊടുത്തില്ല. പരസ്പ്പരം കണ്ടിട്ടും മിണ്ടാൻ പോലും ഇരു നേതാക്കളും തയ്യാറായില്ല. ദേശീയ തലത്തിലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായി മാറിയ വേദിയിലാണ് കേരള, ബംഗാൾ മുഖ്യമന്ത്രിമാർ രാഷ്ട്രീയ വൈരം സൂചിപ്പിച്ച് അകലം പാലിച്ചത്.

സത്യപ്രതിജ്ഞാ വേദിയിൽ നേരത്തേയെത്തിയ പിണറായി വേദിയുടെ ഇടതുഭാഗത്ത് ചന്ദ്രബാബു നായിഡുവിനും മറ്റുമൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു. പ്രമുഖ നേതാക്കളെല്ലാം എത്തിക്കഴിഞ്ഞ് അൽപം വൈകിയാണ് മമതയെത്തിയത്. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് വേദിയുടെ ഇടത്തേയറ്റത്തേക്കു നടന്ന മമതയെ കണ്ട് മറ്റുള്ളവരെല്ലാം എണീറ്റെങ്കിലും പിണറായി അനങ്ങിയില്ല. മൂന്നു കസേരയ്ക്കിപ്പുറംവരെ വന്ന് പിണറായിയെ നോക്കാതെ മമത തിരിച്ചു പോകുകയും ചെയ്തു.

പിണറായി വിജയന്റെ തൊട്ടടുത്ത് ഇരുന്നത് ലോക് തന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവായിരുന്നു. മമത ബാനർജി ശരത് യാദവുമായി കുശലാന്വേഷണം നടത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിക്കാതെ ഇരുന്നു. മമതാ ബാനർജി ചടങ്ങിനെത്തിയ മുഴുവൻ നേതാക്കൾക്കും കൈകൊടുക്കുയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തപ്പോൾ പിണറായി വിജയനെ കണ്ടില്ലെന്ന് നടിച്ചു. ഇരു നേതാക്കളും പരസ്പരം മുഖം കെടുക്കാൻ തയ്യാറായില്ല. അതേസമയം സി. പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതാ ബാനർജിക്ക് കൈക്കൊടുത്തു എന്നതും ശ്രദ്ധേയമായി. ഇത് കൂടാതെ രാഹുൽ ഗാന്ധിക്ക് കൈകൊടുത്തു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യാനും എല്ലാ നേതാക്കളോടും ചിരിച്ചു കൊണ്ട് പെരുമാറാനും സീതാറാം യെച്ചൂരിക്കായി.

ബംഗാളിൽ പരസ്പരം പോരാടുന്നവരാണ് തൃണമൂൽകോൺഗ്രസും സിപിഎമ്മും. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകരെ അടിച്ചൊതുക്കുന്ന പ്രവണതയാണ് ബംഗാളിൽ ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ച് കേരള ഘടകം ശക്തമായി രംഗത്തെത്തിയിരുന്നു. 30 ശതമാനം സീറ്റുകളിൽ തൃണമൂൽ സ്ഥാനാർത്ഥികൾ എതിരാളികളില്ലാതെ വിജയിക്കുന്ന അവസ്ഥ പോലും ഉണ്ടായി. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളാ മുഖ്യമന്ത്രി മമതോട് മുഖം തിരിച്ചത്. ഇത് പ്രതിപക്ഷ ഐക്യനിരയിലെ കല്ലുകടിയായി മാറുകയായിരുന്നു.

അതേസമയം ദേശീയ തലത്തിൽ ബിജെപി. ക്കെതിരെയുള്ള കൂട്ടായ്മയുടെ തുടക്കമായിരിക്കും കർണാടകത്തിലെ സത്യപ്രതിജ്ഞച്ചടങ്ങെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എംപി. പറഞ്ഞു. ബി.ജെ. പി. ക്കെതിരേ ഒന്നിക്കാനുള്ള ശുഭ മുഹൂർത്തമാണ് ചടങ്ങ് സമ്മാനിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് അഭിപ്രായപ്പെട്ടതും ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയാണ്. പ്രദേശിക പാർട്ടികൾ ഭിന്നിച്ചു നിൽക്കുന്നതാണ് ബിജെപി.ക്ക് നേട്ടമാകുന്നത്. പ്രദേശിക പാർട്ടികൾ അഭിപ്രായ ഭിന്നത മറന്ന് ദേശീയ താത്പര്യത്തിനായി ഒന്നിക്കേണ്ടത് ആവശ്യമാണ്. മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ അനുവദിക്കരുത്. ഇതിനുള്ള തുടക്കമാണ് കണ്ടത്. പ്രാദേശിക പാർട്ടികളും കോൺഗ്രസും ഒന്നിച്ച് നിന്നാൽ ബിജെപി.ക്ക് അധികാരത്തിലെത്താൻ കഴിയില്ല. ഇനി ഡൽഹിയിൽ കാണാമെന്ന് പറഞ്ഞാണ് നേതാക്കൾ മടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.