- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം ആര് നൽകും? ബാധ്യതയില്ലെന്ന് സർക്കാർ; നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് ഹൈക്കോടതി; അപ്പീൽ ഹർജി പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. നഷ്ടപരിഹാരം നൽകാൻ പൊലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി. നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഹർജി അവധിക്ക് ശേഷം വീണ്ടും പരിഗണക്കാനായി മാറ്റി.
അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാരിന്റെ വാദം.
പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്.
പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസ്സുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഡിസംബർ 22 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതി ചെലവായി 25000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബഞ്ച് നിർദ്ദേശിച്ചിരുന്നു
പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നൽകിയ അപ്പീലിലാണ് സംസ്ഥാന സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. വിഷയത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
എന്നാൽ, വിഷയത്തിൽ സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചു. സർക്കാരിന്റെ വീഴ്ച കൊണ്ടല്ല ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾ സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാനായാണ് മാറ്റിവെച്ചത്.
ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ചത്. ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തിൽ അപമാനിച്ചത്. മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിങ്ക് പൊലീസ് ഉദ്യഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ കോടതി നേരത്തേ വിമർശിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.