ലയാളത്തിന്റെ വിശ്വചലച്ചിത്രകാരനെന്നും മാസ്റ്റർ ക്രാഫ്റ്റ്മാൻ എന്നുമൊക്കെയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന് ലോകമെമ്പാടും ചെറുതല്ലാത്ത ആരാധകവൃന്ദത്തെയും സൃഷ്ടിക്കാൻ കഴിഞ്ഞു. അടുരിന്റെ ആദ്യകാല സൃഷ്ടികളായ കൊടിയേറ്റം, എലിപ്പത്തായം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളെവച്ചുനോക്കുമ്പോൾ ആ വിശേഷണങ്ങളെ സാധൂകരിക്കാം. എന്നാൽ നരച്ചഷോട്ടും, മന്ദംമന്ദം നീങ്ങുന്ന, കുത്തിയാൽമാത്രം സംസാരിക്കുന്നപോലത്തെ കഥാപാത്രങ്ങളും, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത സീനുകളുമായി, നാം ഇന്ന് അവാർഡ് സിനിമയെന്ന് പരിഹസിക്കുന്ന സർഗാത്മക വഞ്ചനക്ക് വഴിമരുന്നിട്ടതും അടൂരാണെന്ന് വാദിക്കുന്നവരും കുറവല്ല.

കേരളത്തിന്റെ തിളയ്ക്കുന്ന ജീവിതം ഒരിക്കൽപോലും ക്യാമറയിൽ പകർത്താതെ, തീർത്തും വ്യാജമായ ഒരു കേരളം സൃഷ്ടിച്ച്, കയറ്റുമതി മാത്രം ലക്ഷ്യമിടുന്ന ചിത്രങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് അടൂർ കാലഘട്ടത്തിന് ശേഷമാണെന്നതിൽ തർക്കമില്ല.അതുവഴി ഇല്ലാതായത് നല്ല സിനിമയെ സ്‌നേഹിക്കുന്ന സിനിമാധാരയാണ്. ചലച്ചിത്രമെന്നാൽ ഒന്നുകിൽ അറുവഷളൻ കച്ചവട ചിത്രങ്ങൾ, അല്ലെങ്കിൽ ഒന്നും മനസ്സിലാവാത്ത അവാർഡ് സിനിമകൾ എന്നീരീതിയിൽ മലയാള സിനിമ മാറി മറിഞ്ഞു.

കാലം ഇത്രയൊക്കെയായിട്ടും, ലോക സിനിമകൾ അത്ഭുദകരമായി മാറിയിട്ടും, ഈ 75ാം വയസ്സിൽ, തന്റെ സിനിമാജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവേളയിൽ അടൂർ പുറത്തിറക്കിയ 'പിന്നെയും' കണ്ടപ്പോൾ അദ്ദേഹം ഒട്ടും മാറിയിട്ടില്ലെന്ന സങ്കടമാണ് ഉണ്ടായത്. സദാ മലബന്ധം അലട്ടുന്നവരെപ്പോലത്തെ മുഖഭാവവുമായി,പ്രാഞ്ചിനടക്കുന്ന കഥാപാത്രങ്ങളും,വെളിച്ചത്തോട് അലർജിയുള്ള മട്ടിലുള്ള ഷോട്ടുകളും ചേർന്നുള്ള ഒന്നാന്തരം നാടകം! അസംബന്ധ ജടിലമായ ഒരു കഥ അങ്ങേയറ്റം ബോറടിയോടെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ഷോട്ടുപോലും മനോഹരം എന്നുപറയാനില്ല. ഡയലോഗുകളാണ് കേമം. നബിദിനത്തിനും ഓണാഘോഷത്തിനുമൊക്കെ 'വല്ല തെറ്റുകുറ്റമുണ്ടെിൽ പൊറുക്കണം' എന്ന് പറഞ്ഞ് കുട്ടികൾ നടത്തുന്ന പ്രസംഗംപോലുള്ള ചത്ത സംഭാഷണങ്ങൾ.ഇടക്കിടെ ഇന്ദിരാഗാന്ധി മരിച്ചപ്പോൾ ആകാശവാണിയിലൂടെ കേട്ടതുപോലുള്ള ശോകനാദം പശ്ചാത്തലത്തിൽനിന്ന് ഉയരും. പ്രിയപ്പെട്ട അടൂർ ലജജാകരമാണ് ഈ അവസ്ഥ.താങ്കളെ മാനസഗുരുവായി കാണുന്ന ചില ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളൊക്കെ ഈ പടം കണ്ടാൽ ഹൃദയാഘാതം വന്ന് മരിച്ചുപോവും.

സുകുമാരക്കുറുപ്പിന്റെ കഥ വെള്ളപൂശി അഭ്രപാളിയിൽ

പടം അടൂരല്ല മറ്റാരെങ്കിലുമാണ് എടുത്തതെങ്കിൽ വരാവുന്ന എറ്റവും വലിയ വിമർശം, കേരളാ പൊലീസിന്റെ ചരിത്രത്തിലെ പ്രഹേളികയായ, കൊടും കുറ്റവാളി സുകുമാരക്കുറുപ്പിനെ വെള്ളപൂശാൻ ശ്രമിക്കുന്നു എന്നതാവും.പക്ഷേ അടൂർ ആയതുകൊണ്ട് കുഴപ്പമില്ല. കാരണവരാവുമ്പോൾ അടുപ്പിലും ആവാമല്ലോ.മാത്രമല്ല,ഇത് കുറുപ്പിന്റെ കഥയല്ലെന്നും അത്യാഗ്രഹം മനുഷ്യ മനസ്സിൽ സൃഷ്ടിക്കുന്ന ഭ്രാന്താണെന്നുമൊക്കെയുള്ള വ്യാഖാനങ്ങളും ആരാധകർ അടിച്ചുവിട്ടോളും.

ചിത്രത്തിന് പ്രേരണയായത് സുകുമാരക്കുറുപ്പിന്റെ തിരോധാനമാണെന്ന് ചിത്രീകരണ സമയത്ത് അടൂർ പറഞ്ഞിരുന്നു. പല സമയങ്ങളിലായി പത്രങ്ങളിൽ വായിച്ച കുറ്റകൃത്യ വാർത്തകൾ രചനകളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.അതിൽ കുഴപ്പില്ലതാനും. നന്മയെപ്പോലെ തന്നെ തിന്മയും ചലച്ചിത്രങ്ങൾക്ക് പ്രേമേയമാവുമല്ലോ. എന്നാൽ കേരളത്തിന് നന്നായി അറിയാവുന്ന കുറുപ്പിന്റെ കഥയെടുത്ത്, ഒരു സന്ദർഭത്തിന്റെ അബദ്ധം മാത്രമാണ് ഈ അറുകൊലയെന്ന് ചിത്രീകരിക്കുമ്പോൾ, അടൂരിനെപ്പോലൊരു സംവിധായകൻ ഇരകൾക്കൊപ്പമല്ല,വേട്ടക്കാർക്ക് ഒപ്പമാണെന്ന ഞെട്ടിപ്പിക്കുന്ന സന്ദേശമാണ് കിട്ടുന്നത്.ഇവിടെയാണ് ഈ പടം ഒരു സാംസ്കാരിക കുറ്റകൃത്യമാവുന്നതും.

ഗൾഫിൽവച്ച് ചേർന്ന ലക്ഷങ്ങളുടെ ഇൻഷൂറൻസ് തുക നേടാനായി ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച സുകുമാരക്കുറുപ്പിന്റെ തന്ത്രവും, അത് പൊളിഞ്ഞതിന് പിന്നാലെയുള്ള തിരോധാനവുമാണ് 'പിന്നെയും' പറയുന്നതെന്ന് ചിത്രം പുരോഗമിക്കുമ്പോൾ വ്യക്തമാവും. ദിലീപ് അവതരിപ്പിക്കുന്ന പുരുഷോത്തമൻ നായരുടെ ആകുലതകൾ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.പത്തിരുപത് വർഷം മുമ്പത്തെ കൊടിയ തൊഴിലില്ലായ്മയുള്ള കേരളമാണ്. ഇൻർവ്യൂകൾക്ക്‌പോയി ഒന്നും കിട്ടാതെ, പതിവ് അടൂർ സിനിമകളിലെ 'മലബന്ധ മുഖവുമായി' വേണുനാഗവള്ളിയെപ്പോലെ നടക്കുകയാണ് ബീകോം ബിരുദദാരിയായ അയാൾ.ജോലി ലഭിക്കുമുമ്പേ പ്രേമിച്ച് വിവാഹിതനായ ആളാണ് അയാൾ. ഒരു പണിക്കുംപോവാതെ ജോലിക്ക് അപേക്ഷിച്ചും ഡിറ്റക്റ്റീവ് നോവലുകളും വായിച്ചും മോളെ കുളിപ്പിച്ചും കാലക്ഷേപം കഴിക്കുന്ന ഒരു സാധു.ഭാര്യവീട്ടിലാണ് താമസവും. ഭാര്യ ദേവി (കാവ്യമാധവൻ) സ്‌കൂൾ അദ്ധ്യാപികയായതിനാൽ അഷ്ടിക്ക് മുട്ടില്ല. ഭാര്യയുടെയും, ഭാര്യാപിതാവിന്റെയും (നെടുമുടിവേണു) കുത്തുവാക്കുകളും ഉപദേശങ്ങളും മറ്റുമായി ആകെ അസ്വസ്ഥനായാണ് പുരുഷോത്തമൻ നായരുടെ ജീവിതം. ആ നിലക്ക് നോക്കുമ്പോൾ എലിപ്പത്തായത്തിലെ ഉണ്ണിയുടെ പുതിയ പതിപ്പുപോലെ തോന്നും ആ ഘട്ടത്തിൽ നമ്മുടെ നായർ.ഭാര്യയുടെ സഹോദരൻ ( ഇന്ദ്രൻസ്) മാത്രമാണ് അയാളോട് സ്‌നേഹത്തോടെ പെരുമാറുന്നത്.

[BLURB#1-VL]വൈകാതെ നായർക്കും നല്ലകാലം തെളിയുന്നു. സുഹൃത്തുക്കൾ വഴി അയാൾക്ക് ഗൾഫിൽ നല്‌ളൊരു വിസ കിട്ടുന്നു. അതോടെ അയാളുടെ സാമൂഹിക അവസ്ഥയും മാറുന്നു. ഇന്നലെവരെ കണ്ടാൽ മുഖം തിരിക്കുന്നവർക്ക് അയാൾ പ്രിയപ്പെട്ടവനാവുന്നു.ബന്ധുക്കളും, ഭാര്യയുടെ അമ്മാവനും( വിജയ രാഘവൻ) ഒക്കെ വലിയ സന്തോഷത്തിൽ.അങ്ങനെ നാട്ടിൽ ഉൽസവക്കമ്മറ്റിക്കാർക്കും വായനശാലക്കുമൊക്കെ നല്ല തുക പിരിവ് കൊടുത്തും മറ്റും സന്തോഷത്തോടെ കഴിയുന്ന സമയത്താണ്, പുരോഷത്തമൻ നായർ ഒരു സുപ്രഭാതത്തിൽ പ്രത്യേകിച്ചൊരുകാരണവുമില്ലാതെ ഒരുത്തനെ കൊന്ന് കത്തിച്ച് താനാണെന്ന് വരുത്തിത്തീർത്ത് ഇൻഷൂറൻസ് തുക തട്ടാമെന്ന് തീരുമാനിക്കുന്നത്!മൂന്നാംകിട സീരിയലുകളിൽപോലും ഇമ്മാതിരി അസംബന്ധങ്ങൾ ഉണ്ടാവില്ല. ഇതുപോലൊരു കഥ മലയാളത്തിലെ ഏതെങ്കിലും ഒരു സംവിധായകനോട് പറഞ്ഞാൽ ലോജിക്കില്ലെന്ന് പറഞ്ഞ് ഓടിക്കില്ലേ.

ഇനി പുരോഷത്തമൻ നായരാവട്ടെ റിട്ടയേഡ് അദ്ധ്യാപകൻ കൂടിയായ സ്വാത്വികനായ തന്റെ അമ്മായി അഛനെയും( നെടുമുടി വേണു), ജാത്യാഭിമാനിയും എക്‌സ് മിലിട്ടറിക്കാരനുമായ ഭാര്യയുടെ അമ്മാവനെയും ( വിജയരാഘവൻ) ഈ പദ്ധതിയിൽ കൂടെക്കൂട്ടുന്നു. നോക്കണം ഒരു റിട്ടയേഡ് സ്‌കൂൾ അധ്യപകൻ വയസ്സാംകാലത്ത്, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഇതുപോലൊരു ഹീനകൃത്യം ചെയ്യാൻ ഇറങ്ങിയിരിക്കയാണ്.( സൽഗുണ സമ്പന്നയും പതിവ്രതയുമായ യുവതി ഭർത്താവിന് വിഷംകൊടുത്ത് കാമുകന്റെ കൂടെപ്പോയെന്ന് ജയസൂര്യയുടെ കഥാപാത്രം ഒരു സിനിമയിൽ കഥ പറയുന്നതാണ് ഇവിടെ ഓർമ്മവരുന്നത്!)

സുകുമാരക്കുറുപ്പ് സംഭവം എന്ന കേരളത്തിന്റെ ചരിത്രം മറന്നുപോകാത്ത സംഭവമാണ്.ഇവിടെയാണ് കഥാകൃത്തുകൂടിയായ സാക്ഷാത്കാരകൻ ( എല്ലാവരും സംവിധാനം എന്ന് എഴുതികാട്ടുമ്പോൾ, അടൂർ സാക്ഷാത്ക്കാരം എന്നാണ് പറയുക. അവിടെയും കിടക്കട്ടെ ഒരു വെറെററ്റി.ആരാധകർ അതും വ്യാഖാനിച്ചോളും) അടൂരിനോട് കഠിനമായ വിയോജിപ്പ് വരുന്നത്.അങ്ങേയറ്റം ക്രിമിനൽ ബുദ്ധിയുള്ള കുറുപ്പിന്റെയും അയാളെ ബന്ധുക്കളുടെയും കഥയൊന്നും ഇങ്ങനെയല്ല. ആ വിഷയത്തെക്കുറിച്ചും ക്രിമിനൽ സൈക്കോളജിയെക്കുറിച്ചൊന്നും യാതൊരു ഗൃഹപാഠവും ചെയയെതാണ് അടൂർ സിനിമയെടുത്തത്.

ഇനി എത്രയോ കാലം കഴിഞ്ഞിട്ടും കൊന്നവന്റെ കുടുംബത്തെ കാത്തുകൊണ്ട് പുരോഷത്തമൻ പിള്ളയുടെ ഭാര്യ മാതൃകയാവുന്നുണ്ട്. നായർക്കുപകരം കത്തിക്കരിഞ്ഞവന്റെ മകനെ പഠിപ്പിക്കുന്നത് ഇവരാണ്! കൊല്ലപ്പെട്ടവന്റെ ഭാര്യ ഇതിന് നന്ദിപറഞ്ഞുകൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കി പുരുഷോത്തമൻ നായരുടെ കുടംബത്തിലേക്ക് കൊടുത്തയക്കുന്നുമുണ്ട്! ഇത്ര പൈങ്കിളിയാണ് അടൂർ എന്ന് പുതിയ തലമുറ കരുതയിട്ടുണ്ടാവില്ല.

സുകുമാരക്കുറുപ്പിൻെ പേരിൽ തല്ലുകിട്ടി ജീവിതം തുലഞ്ഞുപോയവർ അനവധിയുണ്ട് ഈ കൊച്ചുകേരളത്തിൽ. ഒരുകാലത്ത് കുറുപ്പുമായുള്ള മുഖസാമ്യം മാത്രംകൊണ്ട് ക്രൂരമായ പൊലീസ് പീഡനങ്ങൾ എറ്റ നിരപരാധികൾ എത്രയാണ്. എന്നാൽ അടൂർ ആ കണ്ണീരല്ല കാണുന്നത്. പകരം പുരുഷോത്തമൻ പിള്ളയുടെ ഭാര്യ ദേവിയുടെ നിരപരാധിയും ദീനക്കാരനാുമായ സഹോദരൻ( ഇന്ദ്രൻസ്) ഇടികൊണ്ട് കിടപ്പിലാവുന്നത് മാത്രമാണ് . അതായത് അടിമുടി അസംബന്ധവും യുക്തീഹീനവുമായ ഒരു കഥ കെട്ടിപ്പെടുത്ത് അതിൽ വേട്ടക്കാരനെ വെള്ളപൂശി നിൽക്കയാണ് നമ്മുടെ അടൂർ.ഇനി കണിച്ചുകുളങ്ങര കൊലപാതകം,അഭയകേസ് , സൂര്യനെല്ലി-വിതുര തുടങ്ങിയ പ്രമാദമായ കേസുകളെവച്ചൊക്കെ ചലച്ചിത്രമെടുക്കാനുള്ള ആയുരാരോഗ്യ സൗഖ്യം അടൂരിന് കൊടുക്കണേ എന്നാവും ഇത്തരം കേസുകളിലെ പ്രതികളുടെ പ്രാർത്ഥന.

പഴഞ്ചൻ ആഖ്യാനവും ചത്ത സംഭാഷണങ്ങളും

രു പൈങ്കിളി ക്രൈംഡ്രാമക്കുവേണ്ട എല്ലാ മുതൽക്കൂട്ടുകളും ഉള്ള സിനിമയാണെങ്കിലും, അടൂരിന്റെ പതിവ് ശൈലിയിലെ ചത്ത ആഖ്യാനത്തിനൊത്ത് എം.ജെ രാധാകൃഷ്ണൻ നരച്ച ഫ്രയിമുകളിൽ ക്യാമറയൊരുക്കിയപ്പോൾ അതൊരു ചലച്ചിത്ര ദുരന്തത്തിലാണ് കലാശിച്ചത്.ഒന്നാലോചിച്ച് നോക്കൂ. ഫിലിം ഫെസ്റ്റിവലിലൂടെയും മറ്റും ഫെല്ലിനിയും, കുറസോവയും, ബർഗ്മാനും തൊട്ട് പെഡ്രോ അൽവദോർ, മഖ്മൽബഫ്, കിം കീ ഡുക്ക്വരെയുള്ള സിനിമകൾ സുപരിചിതമായ നാടാണ് നമ്മുടേത്.ഇവരിൽ ആരെങ്കിലും അടൂർ കാണിക്കുന്നതുപോലുള്ള മന്ദിപ്പിലൂടെയാണോ കഥപറയുന്നത്. ക്യാമറ ഓണാക്കിവച്ച് സംവിധായകൻ കുളിക്കാൻ കയറിപ്പോയതുപോലുള്ള ഷോട്ടുകൾ ഈ പടങ്ങളിൽ ഒന്നും ഇല്ലല്ലോ. പിന്നെ എവിടെന്നാണ് ഈ വ്യാജ ആഖ്യാനം മാർക്കറ്റ് ചെയ്യാൻ അടൂരിന് പറ്റുന്നത്.അത് ഇവിടുത്തെ പൊക്കിവിടൽ നിരൂപക കേസരികൾതന്നെ വിലയിരുത്തേണ്ട കാര്യമാണ്.

എന്നാൽ അടൂർ പടങ്ങളിൽ വെള്ളംകോരുന്നവർ കുറെനേരം അതുതന്നെ ചെയ്തുകൊണ്ടിരിക്കും. വിറകുവെട്ടുന്നവൻ വെട്ടിത്തന്നെയും. ഈ പടത്തിലും നായിക കാവ്യ,ഒരുമുറിയിലെ ലൈറ്റ് അണച്ച് അടുത്ത മുറിയിലേക്ക് കടന്ന് മുൻവശത്തെ ലൈറ്റണച്ച് വീണ്ട് ബെഡ്‌റൂമിൽ വന്ന കതടച്ച് നീണ്ടു നിവർന്ന് കിടക്കുന്നതുവരെ ക്യാമറ അങ്ങ് ഓണാക്കിയിട്ടിരിക്കയാണ്. ഈ സീനിനൊക്കെ, അടൂരിന്റെ ആരാധകർ പറയുന്നപോലെ എന്താണാവോ കൂടുതൽ അർഥതലങ്ങൾ ഉള്ളത്.പിന്നെ വടിപോലെ മന്ദംമന്ദം നടക്കുന്നവരാണോ കേരളത്തിൽ ഉള്ളത്. ഇടിവെട്ടി കൂണുമുളക്കുന്നതുപോലെ കുറെ പൊലീസുകാർ, നായരുടെ വീട്ടിലേക്ക് മന്ദംമന്ദം നടന്നുവരുന്ന സീനൊക്കെ കണ്ട് ചിരിച്ചുപോയി. ആ അർഥത്തിൽ നല്‌ളൊരു കോമഡിയാണ് ഈ പടം.

നാടകത്തിൽ ഊഴം കാത്തുനിന്ന് മൈക്കിനുമുന്നിൽ വന്ന് ഡയലോഗ് പറയുന്നുപോലെ കൃത്രിമമാണ് ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും.ചിത്രത്തിന്റെ ഘടനയും നാടകംപോലെയാണ്. ഉൽസവപിരിവിന് ഒരുസംഘം ആളുകൾ നമ്മുടെ നായരെ കാണാൻ വന്ന സീനുണ്ട്. എന്തോ മരണം അറിയിക്കാൻ വന്നവരാണെന്നാണ് അവരുടെ ശരീരഭാഷയിൽ നിന്ന് തോന്നുക. അതുപോലെ തന്റെ കൊച്ചുമകനെ ഗൾഫിലേക്ക് അയക്കാനായി പുരുഷോത്തമൻ പിള്ളയുടെ സഹായം തേടി ഒരു അകന്ന ബന്ധു വരുന്ന സീനുണ്ട്. അയാളുടെ പമ്മിപ്പമ്മിയുള്ള വരവുകണ്ട് 'ഇവനെന്താ കോഴിയെ കക്കാൻ വരുകയാണോ എന്നാണ് 'ന്യൂജൻ പിള്ളേര് തീയേറ്റിൽ ഉറക്കെ ചോദിക്കുന്നത്.

തിരച്ചുവന്ന പുരുഷോത്തമൻനായർ ഒരു ജീപ്പിൽ മകളെ പിന്തുടർന്ന കഥയൊക്കെ തേഡ് പേഴ്‌സണായി വർണ്ണിക്കുകമാത്രമേ ഈ ചിത്രത്തിൽ ചെയ്യുന്നുള്ളൂ. കാണിക്കുന്നില്ല. അതൊക്കെ എടുത്ത് ഫലിപ്പിക്കുന്നതിലല്ലേ ഒരു സംവിധായകന്റെ മിടുക്ക്. ഇവിടെ ഒരു വീട്ടിലാണ് സിനിമയുടെ എഴുപത് ശതമാനവും ക്യാമറ കെട്ടിത്തിരിയുന്നത്. ഒരു കർട്ടൻവാങ്ങിയിട്ടാൻ പൈങ്കിളി നാടകമായി! മലയാളം കൂട്ടക്ഷരങ്ങൾ കടുപ്പിച്ച് പറയുന്നത് വലിയ പാപമായിപ്പോവുമെന്ന രീതിയിലാണ് ഇതിലെ സംഭാഷണങ്ങൾ. ( ഇനി ഇംഗ്‌ളീഷിലേക്ക് സബ്‌ടൈറ്റിൽ ചെയ്യാനുള്ള എളുപ്പം ഓർത്താണോ മലയാളം എഴുതിയുണ്ടാക്കിയത്) ആദ്യപകുതിയിലെ ദിലീപും കാവ്യയും തമ്മിലുള്ള സംഭാഷണങ്ങൾ നോക്കുക. 'പ്രിയപ്പെട്ട തങ്കം, എന്നോട് അൽപ്പം കരുണകാട്ടൂ'.. എന്ന മോഡലിൽ ഇന്ന് കേരളത്തിൽ ആരെങ്കിലും സംസാരിക്കുമോ. 'അങ്ങയേ്ക്ക് മംഗളങ്ങൾ' എന്ന് പറഞ്ഞാണ് ഭാര്യ നായരെ അവസാനം യാത്രയാക്കുന്നത്! മധുരം മലയാളം എന്ന് പറയുന്നത് ഇതിനെയൊക്കെ ആയിരിക്കും.

ദിലീപിനും കാവ്യക്കും ഇത് നഷ്ടക്കച്ചവടം,വേറിട്ടുനിന്നത് ഇന്ദ്രൻസ്

പടത്തിനുവേണ്ടി തീയേറ്ററിൽ ഫ്‌ളക്‌സ്വക്കാൻപോയ ദീലീപ് ഫാൻസാണ് ഈ വർഷത്തെ തിരുമണ്ടന്മാർ. രണ്ടാംപകുതിയിലെ ആദ്യപത്തുമിനിട്ടു കഴിഞ്ഞാൽ, ജനപ്രിയ നായകൻ പിന്നെ ഈ പടത്തിലില്ല.( പിന്നീടെങ്ങനെ കഥ നീങ്ങുന്നതെന്നത് സസ്‌പെൻസായിരിക്കട്ടെ) ഉള്ള സീനുകളാവട്ടെ ബോറടിയും. എന്നാൽ ദിലീപും കാവ്യാമാധവനും തമ്മിൽ വീണ്ടും ഒന്നിക്കുന്നവെന്ന്, ഡബിൾ മീനിങ്ങ് കിട്ടത്തക രീതിയിൽ പ്രചാരണം നടത്തി വാണിജ്യസാധ്യതകൾ ചൂഷണം ചെയ്യാനും ഈ പടത്തിന്റെ അണിയറക്കാൻ ശ്രമിച്ചിട്ടുണ്ട്്. അത് അത്ര ആശാസ്യവുമല്ല.

ദിലീപിനെ സംബന്ധിച്ച് തീർത്തും നഷ്ടക്കച്ചവടമാണ് ഈ പടം. മുമ്പ് ടി.വി ചിന്ദ്രന്റെ കഥാവശേഷനിൽ കിട്ടിയ പേരും പെരുമയും ഇവിടെ തീർത്തും കളഞ്ഞു കുളിച്ചു. (കഥാവശേഷന്റെ ഏഴയലത്ത് എത്തില്ല ഈ പടം) റേഡിയോ നാടകത്തിലെ ശബ്ദംപോലെ ഡയലോഗുപറയുന്ന കാവ്യയും എന്തൊക്കെയോ കാട്ടിക്കൂട്ടിവച്ചിരിക്കയാണ്.പുതുനിരയിലെ ഏറ്റവും നല്ല നടിമാരിൽ ഒരാളായ ശ്രിന്ദാ ഷബാബുപോലും കുളമാക്കിയിരിക്കയാണ് .പക്ഷേ മോശം അഭിനയത്തിനുള്ള ഓസ്‌ക്കാർ കൊടുക്കേണ്ടത് ഇവർക്കൊന്നുമല്ല.പുരുഷോത്തമൻ-ദേവി ദമ്പതികളുടെ കൗമാരക്കാരിയായ മകളും ഇരയുടെ മകനുമാണ്. എന്തൊരു ഭീകര വെറുപ്പിക്കലാണ് ഇവർ വരുന്ന സീനുകൾ! ലൈവ് കോമഡി കാണേണ്ടവർ സന്തോഷ് പണ്ഡിറ്റിന്റെ പടം എന്തിന് കാണുന്നു.കൗമാരക്കാരായ ഈ കുട്ടികളെ അധികം കുറ്റം പറയേണ്ട.നമ്മുടെ മാസ്റ്റർ ക്രാഫ്റ്റ്മാൻ കഥപൂർണമായും പറയുകപോലും ചെയ്യാതെ കഥാപാത്രങ്ങളിൽനിന്ന് ഒപ്പിയെടുക്കുന്ന സീനുകളാണ് ഇതൊക്കെ!

ഈ പടത്തിൽ നന്നായ ഏക വേഷം നടൻ ഇന്ദ്രൻസിന്റെതാണ്.'കളിപ്പാട്ടം കൊണ്ട് കളിക്കേണ്ട പ്രായത്തിലൊക്കെ മാമൻ ആശുപത്രിയിലായിരുന്നുവെന്ന്' കുട്ടിയോടു പറയുന്ന സീനിലൊക്കെയാണ് പ്രേക്ഷകന് എന്തെങ്കിലും ഫീൽ ചെയ്യുന്നുള്ളൂ. ഉടനീളം ഈ സ്വാഭാവികത നിലനിർത്താൻ ഇന്ദ്രൻസിന് ആവുന്നുണ്ട്.സുധീർ കരമനയും,വിജയരാഘവനും, നന്ദുപൊതുവാളും മോശമാക്കിയില്ല എന്നുമാത്രം. സാധാരണ നന്നാവാറുള്ള ബിജിപാലിന്റെ സംഗീതവും അടൂരിന്റെ ഓറയിൽ പെട്ടപ്പോൾ തഥൈവ.

വാൽക്കഷ്ണം: ഇങ്ങനെയാക്കെയാണെങ്കിലും, പ്രേക്ഷകർ ഓർത്തുവച്ചോളൂ, ഇത്തവണത്തെ സംസ്ഥാന-ദേശീയ പുരസ്‌ക്കാരങ്ങളിലെ പ്രധാനപ്പെട്ടത് ഈ അറുബോറൻ പടത്തിനായിരിക്കും!തീയേറ്ററിൽ മൂന്ന് ദിവസംകൊണ്ട് ഇത് കട്ടയും പടവുമെടുക്കുമെന്ന് ഉറപ്പാണ്. പക്ഷേ അടൂർ ചിത്രങ്ങൾ പിടിച്ച് നിൽക്കുന്നത് തീയേറ്ററുകളിലല്ല.അവാർഡുകളിലും അതുവഴികിട്ടുന്ന വിദേശ വിപണന സാധ്യതകളിലുമാണ്. ചിത്രത്തിന് നാഷണൽ അവാർഡ് കിട്ടിയാൽ നമുക്ക് വിവരമില്ല എന്ന് വരുമെന്ന് കരുതി സംസ്ഥാന അവാർഡ് കമ്മറ്റി ഒരെണ്ണം അങ്ങ് ഉഴിഞ്ഞിട്ടേക്കും.നാഷണൽ അവാർഡുകാരാവട്ടെ ഇനി വല്ല ഇന്റർ നാഷണൽ അവാർഡും ഈ പടത്തിന് കിട്ടിയാലോ എന്നു കരുതി വല്ലതും കൊടുത്തേക്കും. ലോകത്തിലെ ഏതാനും ചില പ്രമുഖ ചലച്ചിത്രമേളകളിലേക്ക് ഇപ്പോൾ തന്നെ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടത്രേ! അതായത് പണ്ട് എടുത്ത കൊടിയേറ്റത്തിന്റെയും എലിപ്പത്തായത്തിന്റെയുംമൊക്കെ തഴമ്പ്വച്ച് അടുർ എന്ത് തറപ്പടമെടുത്താലും അവാർഡ് കൊടുക്കുകയെന്നത് ഒരു നാട്ടുനടപ്പായിപ്പോയി.ഇത് ബൗദ്ധിക അടിമത്തമല്ലെങ്കിൽ പിന്നെന്താണ്?