ന്യൂഡൽഹി: ഇന്ത്യക്കാരായ പ്രവാസികൾ രണ്ടുതരമുണ്ട്. പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നിങ്ങനെ. വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ വരുന്നതിനും ഇവിടെ ബിസിനസ് നടത്തുന്നതിനുമുള്ള സാഹചര്യങ്ങൾ അനായാസമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിസ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഇതുവരെ മാറിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ ആക്ഷേപം പരിഹരിക്കാനുള്ള നടപടികൾ ഒടുവിൽ തുടങ്ങുകയാണ്.

പി.ഐ.ഒ കാർഡുള്ളവർ അത് ഒ.സി.ഐ കാർഡ് ആക്കണോ എന്ന കാര്യത്തിൽപ്പോലും ഇതുവരെ കൃത്യമായ സിഥിരീകരണമില്ല. പി.ഐ.ഒ കാർഡുടമകൾ ഒറ്റയടിക്ക് 180 ദിവസത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുകയാണെങ്കിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ടെന്നും എല്ലാ 15 വർഷം കൂടുമ്പോഴും കാർഡ് പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ് മോദിയുടെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള സൗകര്യം കിട്ടുന്നതിന് ആകെ ചെയ്യേണ്ടത് പി.ഐ.ഒ കാർഡുള്ളവർ അത് ഒ.സി.ഐ ആയി മാറ്റുക എന്നതുമാത്രമാണ്. ഒ.സി.ഐ കാർഡുള്ളവർക്ക് ആജീവനാന്തം ഇന്ത്യയിൽ വന്നുപോകാൻ വിസയുടെ ആവശ്യമുണ്ടാകില്ല. എന്നാൽ, ഈ മാറ്റവും കഴിഞ്ഞ ജനുവരി മുതൽ ഫലപ്രദമായി നടപ്പാക്കുന്നില്ല. പി.ഐ.ഒ കാർഡുടമകൾ പഴയതുപോലെ അതേ കാർഡ് തന്നെ ഉപയോഗിച്ചാൽ മതിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

എന്നാൽ, അധികൃതർ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്നത്. പി.ഐ.ഒ കാർഡുടമകൾ അത് ഒ.സി.ഐ കാർഡുകളാക്കണമെന്ന തീരുമാനം നിർബന്ധമായി നടപ്പാക്കാൻ പോകുന്നു എന്ന സൂചനയാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്നത്. ഇതിന് വേണ്ടി വിദേശത്തുള്ള ഇന്ത്യൻ എംബസിയിൽ രേഖകൾ ഹാജരാക്കുകയോ ആദ്യം പി.ഐ.ഒ കാർഡ് നൽകിയ ഇന്ത്യയിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിനെ സമീപിക്കുകയോ വേണം.

പി.ഐ.ഒ കാർഡുടമകൾക്ക് ഒ.സി.ഐയിലേക്ക് മാറുന്നതിന് ഓൺലൈനിലൂടെ അപേക്ഷിക്കാനുള്ള സൗകര്യം അമേരിക്കയിലെ വാഷിങ്ടണിലുള്ള ഇന്ത്യൻ എംബസി സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തിയിട്ടുണ്ട്. കോക്‌സ് ആൻഡ് കിങ്‌സ് ഗ്ലോബൽ സർവീസസ് എന്ന സ്ഥാപനമാണ് ഇത് ചെയ്യുന്നത്. കോക്‌സ് ആൻഡ് കിങ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.in.ckgs.us/) ഒ.സി.ഐ കാർഡിന് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യേകിച്ച് രജിസ്‌ട്രേഷൻ ഫീസൊന്നും ഈടാക്കുന്നില്ല. കാർഡ് മാറ്റം കൈകാര്യം ചെയ്യുന്ന ഔട്ട്‌സോഴ്‌സിങ് കമ്പനിക്കുള്ള സർവീസ് ചാർജും പോസ്റ്റൽ ചാർജുമാണ് ആകെ ഈടാക്കുന്നത്.

പി.ഐ.ഒ കാർഡുടമകൾ അത് ഒ.സി.ഐയിലേക്ക് മാറ്റുന്നതിനുള്ള അവസാന തീയതി 2016 മാർച്ച് 31 ആണ്. പി.ഐ.ഒ കാർഡുടമ ഒ.സി.ഐ കാർഡിനുവേണ്ടി ഈ ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കേണ്ടതാണ്. (http://passport.gov.in/oci/capchaActionPIO). പി.ഐ.ഒ കാർഡുടമകൾക്ക് ഇന്ത്യയിലേക്ക് പി.ഐ.ഒ കാർഡുപയോഗിച്ച് യാത്ര ചെയ്യാനാവും. പി.ഐ.ഒ കാർഡിന് ആജീവനാന്ത വാലിഡിറ്റി ഉണ്ടാകും. എന്നാൽ, ഇതുപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് താമസിക്കുന്ന രാജ്യത്തെ പാസ്‌പോർട്ട് ആവശ്യമാണ്. അമേരിക്കയുടെയോ വേറെ ഏതെങ്കിലും രാജ്യങ്ങളുടെയോ പാസ്‌പോർട്ട് ഉടമകളും പി.ഐ.ഒ കാർഡുടമകളുമായവർക്ക് ഒ.സി.ഐ കാർഡിന് അപേക്ഷിക്കാവുന്നതാണ്. https://www.in.ckgs.us/ എന്ന ലിങ്ക് ഇതിനായി സന്ദർശിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് എന്ന http://www.in.ckgs.us/oci/ocicategories/ociinlieuofpiousminor.shtml വെബ്‌സൈറ്റ് സന്ദർശിക്കുക.

കേന്ദ്ര സർക്കാർ നൽകുന്ന സൂചനയനുസരിച്ച് ഈ വർഷം മാർച്ച് 31ന് മുമ്പ് പിഐഒ കാർഡുകൾ, ഒസിഐയായി മാറ്റിയിരിക്കണം. അതിന് ശേഷം പിഐഒ കാർഡുകൾ ഇല്ലാതാകുമെന്നാണ് വിശദീകരണം. അതുകൊണ്ട് തന്നെ ഒസിഐ കാർഡുകൾക്ക് മാത്രമേ നിലവിലെ അവസ്ഥയിൽ ഇന്ത്യൻ സർക്കാർ അംഗീകരിക്കൂ. ഇതുള്ളവർക്ക് വിസയില്ലാതെ ഇന്ത്യയിലേക്ക് വന്ന് പോകാം. മറ്റുള്ളവർ ഇന്ത്യൻ വിദേശ കാര്യമന്ത്രാലയത്തിന്റെ കണ്ണിൽ വിദേശി മാത്രമായിരിക്കും. അവർക്ക് സാധാരണ മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുമ്പോൾ എടുക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും. വിസ ഓൺ അറൈവൽ സംവിധാനമുള്ള രാജ്യത്തിലെ പൗരന്മാരാണെങ്കിൽ തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ നിന്ന് ഓൺ അറൈവൽ വിസ കിട്ടും. അല്ലാത്ത പക്ഷം അത് മുൻകൂട്ടി എടുക്കേണ്ടതുണ്ട്.

മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിലും, മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുകയോ ജന്മനാ പൗരത്വം ലഭിക്കുകയോ ചെയ്തവരെയാണ് പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ വിഭാഗത്തിൽ പരിഗണിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ മറ്റൊരു രാജ്യത്തെ പൗരത്വം കൂടി സ്വീകരിച്ചവരാണ് ഓവർസീസ് സിറ്റീസൺ ഓഫ് ഇന്ത്യ(ഒസിഐ) ആയി പരിഗണിക്കുന്നത്. ഇന്ത്യൻ വംശജൻ എന്നു തെളിയിക്കുന്ന പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) എന്ന കാർഡ് നിലവിൽ പ്രവാസികളുടെ നാലാം തലമുറയിൽപെട്ടവർക്കു മാത്രമാണ് നൽകിയിരുന്നത്. 2014ൽ പി.ഐ.ഒ കാർഡുകൾ നിർത്തലാക്കുകയും ഒ.സി.ഐ കാർഡുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വിദേശ പൗരത്വമുള്ള ഇന്ത്യക്കാരന് ഒ.സി.ഐ കാർഡ് ലഭിക്കണമെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കാൻ അർഹതയുള്ളവരോ,1950 ജനുവരി 26ന് മുമ്പ് ഇന്ത്യൻ പൗരത്വം നേടിയവരോ ആയവർ, 1947 ഓഗസ്റ്റ് 15നു ശേഷം ഇന്ത്യയുടെ ഭാഗമായ പ്രദേശത്തുള്ളവരോ ആയിരിക്കണമെന്നതായിരുന്നു നിബന്ധന. ഇവരുടെ മകനോ, മകളോ, പേരക്കുട്ടികൾക്കോ ഒ.സി.ഐ കാർഡ് ലഭിക്കണമെങ്കിൽ അവർ ഇരട്ട പൗരത്വം അനുവദിക്കുന്ന രാജ്യത്തെ പൗരന്മാരായിരിക്കണമെന്നും നിബന്ധനകളുണ്ട്. അതേ സമയം ഇവർ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഏതെങ്കിലും സമയത്ത് പൗരന്മാരായിട്ടുണ്ടെങ്കിൽ ഒ.സി.ഐ കാർഡ് ലഭിക്കില്ലെന്നും നിയമമുണ്ട്.

എന്നാൽ പി.ഐ.ഒ പദ്ധതി നിർത്തലാക്കുകയും ഒ.സി.ഐ കാർഡ് കൊണ്ടുവരുകയും ചെയ്തതോടെ നിയമത്തിൽ കാതലായ മാറ്റം വരുത്തിയിരുന്നു. ഇതു പ്രകാരം ഒ.സി.ഐ കാർഡ് ലഭിക്കണമെങ്കിൽ വ്യക്തികൾ ഏതെങ്കിലും സമയത്ത് ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഉടമകളാവുകയോ, മാതാപിതാക്കളോ, മുത്തച്ഛൻ, മുത്തശ്ശിയോ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരോ ആയാൽ മതി. ഇതിൽ കാര്യമായ മാറ്റം വരുത്തി അഞ്ചാം തലമുറയിലേയും ആറാം തലമുറയിലേയും അംഗങ്ങളെ കൂടി ഈ പരിധിയിൽ കൊണ്ടു വരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനും ഉടൻ തന്നെ അന്തിമരൂപമുണ്ടാകുമെന്നാണ് സൂചന. പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റീസൺഓഫ് ഇന്ത്യ(ഒസിഐ) കാർഡുകൾ ഒന്നിപ്പിക്കുന്ന ഇന്ത്യൻ പൗരത്വ നിയമ ഭേദഗതിയാണ് പ്രവാസികൾക്ക് ആശ്വാസമായി മാറുന്ന സൂചന നൽകുന്നത്. ഇതുവരെ 15 വർഷമായിരുന്നു പി.ഐ.ഒ കാർഡുകളുടെ കാലാവധി. പുതിയ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയതോടെ കാർഡുകൾ ഇനി പുതുക്കേണ്ടതില്ലെന്ന അവസ്ഥ വന്നു. ഫലത്തിൽ ഒസിഐയായി ഇവരും അംഗീകരിക്കപ്പെട്ടു.

2015 ജനുവരി ഒന്നിനാണ് ഇത് നിലവിൽ വന്നത്. ഇതോടെ വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ആജീവനാന്ത വിസ ലഭിക്കുന്നതിനൊപ്പം, ആറുമാസത്തിലൊരിക്കൽ പൊലീസ് സ്‌റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും ഇല്ലാതായി. പ്രവാസികളായ ഇന്ത്യക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായത്. തുടർന്ന് നിയമഭേദഗതിയും വന്നു. പ്രവാസികളായ ഇന്ത്യക്കാർക്ക് ഏറെ നേട്ടങ്ങളുണ്ടാക്കുന്നതാണ് ഈ നിയമം. പിഐഒഒസിഐ കാർഡുകൾ ഒന്നായതോടെ, പ്രവാസികൾക്ക് ഇന്ത്യയിൽ മുതൽമുടക്കാനും കൂടുതൽ എളുപ്പമായി. ഇത് വൻ നിക്ഷേപം എത്തിച്ചെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യാക്കാരെയെല്ലാം മാതൃരാജ്യത്തോട് കൂടുതൽ അടുപ്പിക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ സഫലീകരിച്ചത്.

180 ദിവസത്തിൽക്കൂടുതൽ നാട്ടിൽത്തങ്ങുകയാണെങ്കിൽ പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ വിദേശ ഇന്ത്യക്കാരെ അലോസരപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, പിഐഒ കാർഡ് ഉടമകൾക്ക് 15 വർഷത്തേയ്ക്കു മാത്രമാണ് വിസ ലഭിച്ചിരുന്നതും. എന്നാൽ, 1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വന്നതോടെ, പിഐഒ കാർഡ് ഉടമകൾക്കും ഒസിഐ കാർഡ് ഉടമകളുടേതിന് സമാനമായ രീതിയിൽ ആജീവനാന്ത വിസയ്ക്ക് അർഹത ലഭിച്ചു. പുതിയ ഭേദഗതി അനുസരിച്ച് പിഐഒ, ഒസിഐ സംവിധാനങ്ങൾ ഒന്നാവുകയും പ്രവാസികൾ ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്ന ഒറ്റ നിർവചനത്തിന് കീഴിലാവുകയും ചെയ്തു. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കണമെങ്കിൽ തുടർച്ചയായി ഒരുവർഷം ഇവിടെ താമസിക്കണമെന്ന നിഷ്‌കർഷയ്ക്കും ഇതോടെ ഇളവുവരും. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് നിർദിഷ്ട ഒരുവർഷത്തിനിടെ 30 ദിവസത്തിൽ കവിയാത്ത വിദേശയാത്രകൾ നടത്താനും ഇതോടെ അനുമതിയുണ്ടാകും.

ഒ.സി.ഐ, പി.ഐ.ഒ കാർഡുകളെ ഒരുമിപ്പിക്കുകയെന്നത് യു.പി.എ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ആലോചനയാണ്. എന്നാൽ, അന്നത് യാഥാർഥ്യമായില്ല. വിദേശത്തുള്ള ഇന്ത്യക്കാരുടെ യാത്രകളും ഇന്ത്യയിലെ ഇടപാടുകളും കൂടുതൽ സുഗമമാക്കുന്നതിന് ഈ കാർഡുകളുടെ ഏകീകരണം വഴിതെളിക്കും. ഇന്ത്യയുടെ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾക്ക് പ്രവാസി ഇന്ത്യക്കാരുടെ കൂടുതൽ സഹകരണം ഉറപ്പാക്കാനും ഇത് വഴിതെളിക്കുമെന്ന് സർക്കാർ കരുതുന്നു. അതുകൊണ്ട് തന്നെ ആശങ്കകൾ ഉടൻ തന്നെ പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.