വാഷിങ്ടൺ: പ്രപഞ്ചത്തിൽ തമോദ്രവ്യം ഉണ്ടെന്നു സ്ഥിരീകരിക്കാൻ സഹായിച്ച വിഖ്യാത അമേരിക്കൻ ജോതിശാസ്ത്രജ്ഞ വേര റൂബിൻ (88) അന്തരിച്ചു. ന്യൂ ജേഴ്‌സിയിലെ പ്രിൻസ്റ്റണിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന വനിതാ ശ്ാസ്ത്രജ്ഞരിലാരൊളായിട്ടാണ് വേരയെ പരിഗണിക്കുന്നത്.

ഗാലക്‌സികളുടെ ഭ്രമണനിരക്കു നിരിക്ഷിക്കവേയാണ് തമോദ്രവ്യത്തെക്കുറിച്ചുള്ള സൂചനകൾ വേരയ്ക്കു ലഭിച്ചത്. ബാഹ്യഅതിരുകളിലുള്ള നക്ഷത്രങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഗാലക്‌സി കേന്ദ്രത്തെ ചുറ്റുന്നതായി 1974 ൽ അവർ കണ്ടെത്തി. ഗുരുത്വബലം അടിസ്ഥാനമാക്കി നടത്തിയ കണക്കുകൂട്ടലുകൾ അനുസരിച്ച് ആ നക്ഷത്രങ്ങൾ കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കേണ്ടിയിരുന്നത്. അദൃശ്യമായ ഒരിനം നിഗൂഢദ്രവ്യം പ്രപഞ്ചത്തിലുണ്ടെന്നും, അതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നും ശാസ്ത്രലോകം നിഗമനത്തിലെത്തി. ഇതിന് പിന്നീട് തമോദ്രവ്യം (Dark Matter) എന്നു പേരും നല്കി. പ്രപഞ്ചത്തിന്റെ 27 ശതമാനവും തമോദ്രവ്യമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

യുഎസിലെ ഫിലഡൽഫിയയിൽ ജനിച്ച വേര നന്നെ ചെറുപ്പത്തിൽത്തന്നെ ജ്യോതിശാസ്ത്രരംഗത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. കോർണൽ യൂണിവേഴ്‌സിറ്റിയിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ജോർജ്ജ്ടൗൺ സർവ്വകലാശാലയിൽനിന്ന് 1954 ൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിന്നീട് വാഷിങ്ടണിലെ കോർണിജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ഗവേഷണം നടത്തി. ജ്യോതിശാസ്ത്ര രംഗത്ത് വേര റൂബിൻ നടത്തിയ കണ്ടെത്തലുകൾക്ക് നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 1993 ൽ യുഎസ് നാഷണൽ മെഡൽ ഓഫ് സയൻസിന് അർഹയായി.