- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോലിയക്കോട് കൃഷ്ണൻ നായർ തിരഞ്ഞെടുപ്പിൽ പാരപണിതു; തനിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നൽകരുതെന്ന് പലരോടും പറഞ്ഞു; സി.കെ സീതാറാമിനെ നിർത്തിയാൽ ജയിപ്പിച്ചു കൊടുക്കാമെന്ന് ഗൗരിയമ്മയ്ക്ക് വാഗ്ദാനവും നൽകി; 96-ലെ തിരഞ്ഞെടുപ്പിൽ തന്നെ കാലുവാരിയ കഥകൾ പീരപ്പൻകോട് മുരളി തുറന്നു പറയുന്നു
തിരുവനന്തപുരം: തന്നെ തിരഞ്ഞെടുപ്പിൽ കാലുവാരി തോൽപ്പിക്കാൻ സിപിഎമ്മിന്റെ മുതിർന്ന നേതാവ് കോലിയക്കോട് കൃഷ്ണൻനായർ ശ്രമിച്ചുവെന്ന് മുൻ എംഎൽഎ പീരപ്പൻകോട് മുരളി. 1996-ൽ വാമനപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. വി എസ് അച്യുതാനന്ദന്റെ അണിയായിരുന്ന മുരളിയെ തോൽപ്പിക്കാൻ പിണറായിയുടെ അടുപ്പക്കാരനായ കോലിയക്കോടും സംഘവും കിണഞ്ഞ് പരിശ്രമിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിക്കുന്നതിനിടയിൽ സിപിഎമ്മിനുള്ളിലെ കാലുവാരലിന്റെ കഥകൾ പാർട്ടിയെ സമ്മർദത്തിലാക്കും. പിണറായിയുടെ അടുപ്പക്കാരനായ കോലിയക്കോടിനെതിരെയുള്ള ഈ തുറന്നുപറച്ചിൽ വരും ദിവസങ്ങളിൽ ജില്ലയിലെ പ്രവർത്തകർക്കിടയിൽ സജീവ ചർച്ചയ്ക്കിടയാക്കുമെന്ന് ഉറപ്പാണ്.
1980 മുതൽ തുടർച്ചയായി നാലുവട്ടം മണ്ഡലത്തിൽ നിന്നും ജയിച്ച വ്യക്തിയാണ് കോലിയക്കോട്. മുരളിയെ ഒഴിച്ച് ആരെ നിർത്തിയാലും താൻ ജയിപ്പിച്ചുകൊടുക്കാമെന്ന് കൃഷ്ണൻനായർ പാർട്ടി നേതാക്കളിൽ പലരേയും ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. അക്കാലത്ത് കോലിയക്കോട് പാർട്ടി അച്ചടക്ക നടപടി നേരിട്ട ശേഷം കൺട്രോൾ കമ്മീഷന്റെ സഹായത്തോടെ പാർട്ടിയിൽ തിരിച്ചുവന്ന കാലമായിരുന്നു.
മണ്ഡലത്തിലെ സ്വാധീനവും പാർട്ടിയിലെ വ്യക്തിപ്രഭാവവും ഉപയോഗിച്ച് ഏത് വിധേയനേയും തന്നെ ഒതുക്കാൻ കോലിയക്കോട് കരുക്കൾ നീക്കിയെന്നാണ് പീരപ്പൻകോട് മുരളി പ്രസാധകൻ മാസികയിൽ എഴുതുന്ന എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്ന പരമ്പരയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വാമനപുരത്ത് സുശീല ഗോപാലനെ മത്സരിപ്പിച്ച് ജയിപ്പിക്കാമെന്നായിരുന്നു കോലിയക്കോടിന്റെ വാഗ്ദാനം. എന്നാൽ അവർക്ക് പകരം അക്കാലത്തെ പ്രമുഖ വിദ്യാർത്ഥി നേതാവായിരുന്ന ഗീനകുമാരിയെ മത്സരിപ്പിക്കണമെന്നായിരുന്നു തന്റെ നിർദ്ദേശം. പക്ഷേ, ഗീനകുമാരിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായമാകാത്തതുകൊണ്ട് തന്റെ നിർദ്ദേശം തള്ളപ്പെട്ടു.
ഒടുവിൽ, സ്ഥാനാർത്ഥിത്വം തന്റെ തലയിൽ വന്നുവീണു. തന്നെ ഒരു കാരണവശാലും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്ന് തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന സെക്രട്ടറിയേറ്റ് മെമ്പർ ചടയൻ ഗോവിന്ദനെ നേരിൽ കണ്ട് കോലിയക്കോട് കൃഷ്ണൻ നായർ തനിക്കെതിരെ ചില വസ്തുതകൾ ബോധിപ്പിച്ചതായി അറിഞ്ഞു.- പീരപ്പൻകോട് മുരളിക്ക് ഏറെ നാളായി വാമനപുരം മണ്ഡലത്തിൽ ഒരു ബന്ധവുമില്ല. വാമനപുരം മണ്ഡലം ഉൾക്കൊള്ളുന്ന വെഞ്ഞാറംമൂട് ഏരിയ കമ്മിറ്റി ഏകകണ്ഠമായി മുരളിയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നു. തന്നെയല്ല, മുരളിക്ക് സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണ് കൃഷ്ണൻനായരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന ധാരണയാണ് ജനങ്ങൾക്കിടയിലുള്ളത്. കൃഷ്ണൻനായർ എംഎൽഎ എന്ന നിലയിൽ ബഹുജനസമ്മതനാണ്. ഈ
പശ്ചാത്തലത്തിൽ സുശീല ഗോപാലനെ പോലെ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ മുരളിയും കൂട്ടരും എതിർക്കുകയില്ല.
ഒരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പണം മുരളിയുടെ കൈയിലില്ല. പണം ഉണ്ടാക്കാൻ മുരളിക്ക് അറിഞ്ഞൂകൂടാ. അതുകൊണ്ട് പാർട്ടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പണം ഉണ്ടാക്കി തിരഞ്ഞെടുപ്പ് വിജയപൂർവ്വം സംഘടിപ്പിക്കാൻ സഖാവ് സുശീല ഗോപാലനെ സ്ഥാനാർത്ഥിയാക്കി തന്നെ ഏൽപ്പിച്ചാൽ മതിയെന്ന് കൃഷ്ണൻനായർ ചടയൻ ഗോവിന്ദനെ ബോധ്യപ്പെടുത്തി. ഉന്നത നേതാവിന്റെ ശുപാർശ കൂടി ആയപ്പോൾ ചതിക്കുഴി അറിയാത്ത നേരസ്ഥനായ സഖാവ് ചടയൻ ഇതൊക്കെ വിശ്വസിച്ചു. ജില്ലാ സെക്രട്ടറി സത്യനേശനോട് ചടയൻ വള്ളിപുള്ളി വിടാതെ തുറന്നുപറഞ്ഞു. മാത്രമല്ല, എന്നെ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കാനും സത്യനേശനെ ഉപദേശിച്ചു. സത്യനേശൻ ഇക്കാര്യങ്ങളെല്ലാം എന്നോട് തുറന്നു പറഞ്ഞു. പക്ഷേ, അദ്ദേഹം എന്നോട് തിരഞ്ഞെടുപ്പിൽ നിന്നും ഒഴിഞ്ഞു നിൽക്കാനല്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഉപദേശിച്ചത്. തിരഞ്ഞെടുപ്പിന് ആവശ്യമായ പണം മുഴുവൻ താനും പേരൂർക്കട സദാശിവനും കൂടി സംഘടിപ്പിച്ചു തരാമെന്ന് ഉറപ്പ് നൽകി.
വെഞ്ഞാറംമൂട് ഏരിയാ കമ്മിറ്റിയുടെ എതിർപ്പിനെ വകവെയ്ക്കാതെയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി പീരപ്പൻകോട് മുരളിയെ സ്ഥാനാർത്ഥിയാക്കിയത്. പിറ്റേന്ന് തന്നെ താൻ മുൻകൂട്ടി അറിയിച്ച ശേഷം ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിയെങ്കിലും ഏരിയാ സെക്രട്ടറി ആലിയാട് മാധവൻപ്പിള്ളയോ ഉത്തരവാദിത്തപ്പെട്ട മറ്റ് ഭാരവാഹികളോ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. തനിക്കെതിരെയുള്ള പടപുറപ്പാടിന്റെ തുടക്കമായിട്ടാണ് ഈ ഒഴിഞ്ഞുമാറലിനെ കണ്ടതെന്ന് അദ്ദേഹം ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി പല പ്രമുഖരെയും കണ്ടപ്പോൾ തണുത്ത പ്രതികരണമാണുണ്ടായിരുന്നത്. കൃഷ്ണൻനായരുടെ അടുപ്പക്കാരായ പല പണക്കാരും മുഖത്തടിച്ച പോലെ തനിക്ക് പണം നൽകാനാവില്ലെന്ന് തുറന്നുപറഞ്ഞു. കോലിയക്കോട് കൃഷ്ണൻനായരുടെ ശത്രുവിനെ ഒരു കാരണവശാലും സഹായിക്കില്ലെന്നായിരുന്നു ചിലരുടെ മറുപടി. തോൽക്കുന്ന സ്ഥാനാർത്ഥിക്ക് ആരെങ്കിലും പണം കൊടുക്കുമോ എന്നായിരുന്നു വേറൊരു കൂട്ടരുടെ ആക്ഷേപം. ഇങ്ങനെയൊക്കെയായിരുന്നു കോലിയക്കോടിന്റെ പാരവെപ്പുകൾ. ഒടുവിൽ പേരൂർക്കട സദാശിവൻ ഒരു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തന്നതോടെയാണ് പ്രചരണ പരിപാടികൾ സജീവമായത്.
മണ്ഡലത്തിലുടനീളം കോലിയക്കോട് തന്റെ അനുയായികളുടെ രഹസ്യമീറ്റിംഗുകൾ വിളിച്ചുചേർത്ത് തനിക്കെതിരെ നീങ്ങാൻ അവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. തന്നോടൊപ്പം പ്രവർത്തിച്ച പലരെയും ഇന്നും കൃഷ്ണൻനായരുടെ സംഘം വേട്ടയാടുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംഘത്തിന്റെ നേതാവായ എം.ജി മീനാംബിക ഇപ്പോഴും ഇത്തരത്തിൽ വേട്ടയാടപ്പെടുന്ന ഒരാളാണ്. തന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിൽ പലയിടത്തും സ്വീകരണത്തിന് വേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്താതെ അട്ടിമറിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന അഡ്വ. സി.കെ സീതാറാം വോട്ടെണ്ണൽ ദിവസം തന്നെ നെടുമങ്ങാട് ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു. - മുരളീ, പറയുന്നതിൽ വിഷമമുണ്ട്. മുരളി ഈ തിരഞ്ഞെടുപ്പിൽ തോൽക്കും കാരണം, ഞാൻ വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റിയുടെ സ്ഥാനാർത്ഥിയാണ്. പോരെങ്കിൽ വാമനപുരം മണ്ഡലത്തിൽ എന്റെ രാഷ്ട്രീയ സ്വാധീനവും എംഎൽഎ കൃഷ്ണൻനായരുടെ ജനസ്വാധീനവും മുരളിക്ക് അറിയാമല്ലോ. മാണിക്കൽ, കല്ലറ പഞ്ചായത്തുകളിൽ നാലായിരത്തിലധികം വോട്ടുകൾ എനിക്ക് കിട്ടും. കുറഞ്ഞത് 15000 വോട്ടിന് ഞാൻ ജയിക്കും. ഇത് കേട്ട ഞാനൊന്നും പറഞ്ഞില്ല. ചിരിക്കുക മാത്രം ചെയ്തു. അപ്പോൾ ഞങ്ങളുടെ സുഹൃത്ത് ആർ.ഗോപി സീതാറാം സ്ഥാനാർത്ഥിയായ ഘട്ടത്തിൽ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ഓർത്തു. സമുന്നതനായ ഒരു വ്യക്തിയും, കുട്ടികൃഷ്ണൻ നായരും, ആലിയാട് മാധവൻപിള്ളയും ചേർത്തലയിൽ ഗൗരിയമ്മയുടെ വീട്ടിൽ പോയി അവരെകണ്ട് അവർക്ക് ഉറപ്പ്‌കൊടുത്താണ് സി.കെ സീതാറാമിനെ സ്ഥാനാർത്ഥിയാക്കി നിർത്തിയത്. ഇക്കാര്യങ്ങൾ നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു.
ഇങ്ങനെ കോലിയക്കോട് കൃഷ്ണൻ നായരും വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറിയും ആലിയാട് മാധവൻപിള്ളയും വെഞ്ഞാറമുട് ഏരിയാ കമ്മിറ്റിയും ഒന്നടങ്കം ശ്രമിച്ചിട്ടും താൻ 6386 വോട്ടുകൾക്ക് വിജയിച്ചു. സ്വന്തം പാർട്ടിയിൽപ്പെട്ട അവരുടെ നേതാക്കളും അവരുടെ അനുയായികളും ചേർന്നൊരുക്കിയ അരക്കില്ലത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും മുരളി വിവരിക്കുന്നു. പീരപ്പൻകോടിന്റെ ഈ പുതിയ വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ വീണ്ടും കലാപങ്ങൾക്ക് ഇടയാക്കുമെന്നുറപ്പാണ്.