കൊച്ചി: പിറവം പള്ളി പ്രശ്‌നം സംഘർഷത്തിലേക്ക്. വിഷയത്തിൽ കടുത്ത നിലപാട് എടുക്കാനാണ് ഓർത്തഡോക്‌സ് പക്ഷത്തിന്റെ തീരുമാനം. ഇത് വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഘർഷത്തിലൂടെ വിജയമുറപ്പിക്കാൻ തങ്ങളില്ലന്നും ആരെങ്കിലും മനപ്പൂർവ്വം സംഘർഷമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്താൽ സാഹചര്യത്തിനൊത്ത് പ്രവർത്തിക്കുമെന്നും ഓർത്തഡോക്‌സ് പക്ഷം അറിയിക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങൾ കൈവിട്ട് പോകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.

നാളെ പള്ളിയിൽ പ്രവേശിച്ച് കുർബ്ബാന അർപ്പിക്കുന്നതിനാണ് ഓർത്തഡോക്‌സ് പക്ഷം തീരുമാനിച്ചിട്ടുള്ളത്. സാമൂഹ്യമാധ്യമങ്ങളിയൂടെയും അല്ലാതെയും സഭാ വൃത്തങ്ങൾ ഇക്കാര്യം പ്രചരിപ്പിച്ചിട്ടുമുണ്ട്. ഇത് സംമ്പന്ധിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് സഭാവക്താക്കൾ നിലപാട് വിശദീകരിച്ചത്. കോടതി വിധി നടപ്പാക്കികിട്ടുക എന്നതാണ് ആവശ്യം.ഇതിനായി സഭാമക്കളെ തല്ലുകൊള്ളിക്കാനില്ല.നിയമപരമായി മാർഗ്ഗത്തിൽ തന്നെ മുന്നോട്ടുപോകും.സഭാനേതാക്കളിലൊരാളായ റ്റി റ്റി ജോയി മറുനാടനോട് വ്യക്തമാക്കി. ഇത്തരമൊരു കുർബാനയെ യാക്കോബായ പക്ഷം തടക്കുമെന്ന് ഉറപ്പാണ്. ഇതാണ് സംഘർഷത്തിന് സാധ്യത ഉണ്ടാക്കുന്നത്.

അനുകൂല കോടതിവിധി കൈയിൽക്കിട്ടി ആഴ്ചകൾ പിന്നിട്ടിട്ടും പിറവം  രാജാധിരാജ സെന്റ് മേരീസ് പള്ളിയിൽ പ്രവേശിക്കാൻ സാഹചര്യമൊരുക്കാത്ത സർക്കാരിനെ കോടതി ഇടപെടലിലൂടെ തങ്ങങ്ങളുടെ വഴിക്ക് കൊണ്ടുവരുന്നതിനാണ് ഇപ്പോൾ ഓർത്തോഡ്കസുകാരുടെ നീക്കം. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായി താമസിയാതെ സഭാനേതൃത്വം പൊലീസിലെ ഉന്നതരെയും ചീഫ് സെക്രട്ടറിയെയും മറ്റും കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും വിധി പകർപ്പ് കൈമാറുകയും ചെയ്തിരുന്നു.ഭരണനേതൃത്വത്തിലെ ചിലരെയും വിവരം അറിയിച്ചിരുന്നു.

പള്ളിയിലെത്തുമ്പോൾ എതിർ വിഭാഗത്തിൽ നിന്നും എതിർപ്പുണ്ടായാൽ ഏറ്റുമുട്ടലിനോ സംഘർഷത്തിനിനോ മുതിരരുതെന്നാണ് ഓർത്തഡോക്‌സ് സഭാനേതൃത്യത്വം വൈദീകരോടും വിശ്വാസികളോടും ആവശ്യപ്പെട്ടിട്ടുള്ളത്. എതിർപ്പുണ്ടായൽ പള്ളിയിൽ പ്രവേശിക്കാതെ മടങ്ങും.വീണ്ടും കോടതിയെ സമീപിച്ച് സ്ഥിതിഗതികൾ വിശദീകരിക്കും.കോടതി ഇടപെടലിലൂടെ തന്നെ പള്ളി സ്വന്തമാവുകയും ചെയ്യും.ഇതാണ് ഇപ്പോൾ ഈ വിഷയത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

ഇതിനിടെ നാളെ ഓർത്തഡോക്‌സ് പക്ഷത്തിന്റെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട് പിറവത്ത് സംഘർഷമൊഴിവാക്കാൻ പൊലീസ് തിരക്കിട്ട നീക്കം ആരംഭിച്ചിട്ടുണ്ട്.ആലുവ റൂറൽ എസ് പി യുടെ ചുമതല വഹിക്കുന്ന രാഹുൽ ആർ നായർ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.ഇരു സഭാവിഭാഗം നേതാക്കളുമായും ഇദ്ദേഹം ചർച്ച നടത്തുമെന്നാണ് അറിയുന്നത്.ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ മാത്രമേ പള്ളി പ്രശ്‌നത്തിൽ പൊലീസിന്റെ ഇടപെടൽ ഉണ്ടാവു എന്ന് അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.