കോതമംഗലം:കോതമംഗലം :യാക്കോബായ സഭാ വിശ്വാസികളുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രാർത്ഥന യാത്ര നടന്നു . കോതമംഗലം മാർത്തോമ ചെറിയ പള്ളിയുടെയും മർത്തമറിയം വലിയ പള്ളിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രാർത്ഥന യാത്ര സംഘടിപ്പിച്ചത്.

ഇരു ദേവാലയങ്ങളിലെ വികാരിമാരും മറ്റ് നിരവധി വൈദീകരും കന്യസ്ത്രീകളും ഭക്ത സംഘടനാ നേതാക്കളും നേതൃത്വം നൽകി. 10.30 തോടെ ചെറിയ പള്ളിത്താഴത്തു നിന്നാരംഭിച്ച യാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി.മറ്റൊരു വിഭാഗത്തിനും കോതമംഗലം ചെറിയ പള്ളി വിട്ടു കൊടുക്കില്ലന്നും ഇതിനായി ഓർത്തഡോക്‌സ് പക്ഷം നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ലന്നും മറ്റുമുള്ള മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ശക്തി പ്രകടനം.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ എല്ലാ ഇടവക പള്ളികളിലും ഇന്ന് രാവിലെ കുർബ്ബാനയ്ക്ക് ശേഷം പ്രർത്ഥന യാത്രകൾ നടന്നു. മറുവിഭാഗം കൈയടക്കിയ വരിക്കോലി, മണ്ണത്തൂർ ,കോലഞ്ചേരി ,ചാത്തമറ്റം ഉൾപ്പെടെയുള്ള 12 പള്ളികളിലേയ്ക്ക് കുടി എത്തത്തക്ക വിധത്തിലാണ് പ്രാർത്ഥനയാത്ര യത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് സഭാനേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. 650 ലേറെ ഇടവക പള്ളകളിൽ ഇന്ന് ഇത്തരത്തിൽ പ്രാർത്ഥനയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

യാക്കോബായ സുറിയാനി സഭയുടെ കൈവശത്തിലുള്ള പള്ളികൾ കോടതി മുഖേനെ സ്വന്തമാക്കുവാൻ ശ്രമിക്കുന്ന ഓർത്തഡോക്‌സ് പക്ഷത്തി നിലപാടുകൾക്കെതിരെ യാക്കോബായ സുറിയാനി സഭാ മെത്രപ്പൊലീത്തമാരും വൈദീകരും വിശ്വാസി സംഘടനാ ഭാരവാഹികളും വിശ്വാസി സമൂഹവും ഒത്തുചേർന്നാണ് പ്രാർത്ഥന യാത്രകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലത്തെ കുർബ്ബാനയ്ക്ക് ശേഷം പള്ളി പരിസരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് എത്തി തിരിച്ച് പള്ളിയിലെത്തും വിധമാണ് യാത്രകൾ ക്രമീകരിച്ചിരുന്നത്.

പ്രാർത്ഥന യാത്രകൾ ഒരു തരത്തിലും സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലന്നും തികച്ചും സമാധന പരമായി പ്രാർത്ഥന യാത്ര പൂർത്തിയാക്കണമെന്നാണ് സഭാനേതൃത്വം ലക്ഷ്യമിട്ടിട്ടുള്ളതെന്നും കഴിഞ്ഞ ദിവസം സഭയുടെ മീഡിയ സെൽ ചെയർമാൻ കുര്യക്കോസ് മോർ തെയോഫിലോസ് മെത്രപ്പൊലീത്ത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പിറവം വലിയ പള്ളി പൊലീസ് സേനയെ ഉപയോഗിച്ച് ഏറ്റെടുക്കാൻ ശ്രമിച്ചതാണ് പൊടുന്നനെ യാക്കോബായ സഭ പ്രാർത്ഥന യാത്രകളും മറ്റും സംഘടിപ്പിച്ച് നിരത്തിലിറങ്ങാൻ തീരുമാനിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .

യാക്കോബായ വിഭാഗത്തിന്റെ ആചാരത്തിലും ഭരണത്തിലും നിലനിൽക്കുന്ന പള്ളി സംരക്ഷിക്കുന്നതിന് വിശ്വാസികൾ ഒരു വശത്തും മറുവശത്ത് മറുപക്ഷത്തിന് വേണ്ടി പൊലീസും സംഘടിച്ചതോടെ കോതമംഗലത്തും പിറവത്തും കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടായി. പിറവത്ത് സ്ത്രീകളടക്കം ഏതാനും പേർ മണ്ണെണ്ണയുമായി പള്ളിമേടയ്ക്ക് മുകളിൽ കലയുറപ്പിച്ചതോടെ സ്ഥിതി ശാന്തമാക്കാൻ ഗത്യന്തരമില്ലാതെ പൊലീസ് പിൻവാങ്ങുകയായിരുന്നുതുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പള്ളി ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്‌സ് സഭയുടെ കോട്ടയത്തെ ആസ്ഥാനത്തേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് അനുനയിപ്പിച്ച് മടക്കിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ സുന്നഹദോസ് ചേർന്ന് ശക്തമായ നിലപാടുകൾ സ്വീകരിച്ചത്.