പിറവം: പിറവത്ത് മക്കളെ കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ കാരണം ഭാര്യയോടുള്ള പകപോക്കലെന്ന് സൂചന. സംഭവം സംബന്ധിച്ച് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്.

മുളക്കുളം നോർത്തിൽ ബിപിസി കോളേജിന് സമീപം താമസിക്കുന്ന വെള്ളാങ്കൽ വീട്ടിൽ റെജിമോൻ (38), മക്കളായ അഭിനോവ് (15), ആൽവിയ (12) എന്നിവരാണ് മരിച്ചത്. റെജിയുടെ ഭാര്യ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി പാലക്കാടിന് പോകണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് സമ്മതിച്ചില്ലന്നും ഇതേത്തുടർന്നുള്ള വാക്കുതർക്കം മൂർച്ഛിച്ചപ്പോൾ ഭർത്താവ് തന്നെ ആക്രമിച്ചെന്നും ബോധം നഷ്ടപ്പെട്ട താൻ പുലർച്ചെ എഴുന്നേറ്റ് നോക്കുമ്പോഴാണ് ഭർത്താവും മക്കളും മരണപ്പെട്ട വിവരം അറിയുന്നതെന്നുമാണ് സന്ധ്യ പൊലീസിൽ നൽകിയിട്ടുള്ള വിവരം. ഇന്നുവൈകുന്നേരത്തോടെ സന്ധ്യയുടെ മൊഴിയെടുക്കാനാണ് ലക്ഷ്യമിട്ടുള്ളതെന്നും ഇതിനുശേഷമേ സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നും പൊലീസ് അറിയിച്ചു.

റെജിമോൻ വീടിനുള്ളിലെ ഹാളിൽ തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. മകൾ ആൽവിയ കിടപ്പുമുറിയിലെ ജനലിൽ പ്ലാസ്റ്റിക് ചരടിൽ കെട്ടിത്തൂക്കിയ നിലയിലാണ്. മകൻ അഭിനോവിന്റെ ജഡം ഇതേ മുറിയിലെ കട്ടിലിലാണ് കാണപ്പെട്ടത്. ഇന്ന് പുലർച്ചെ 4.45-ഓടെ സന്ധ്യയുടെ നിലവിളി കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. ഇന്നലെ രാത്രി വീട്ടിൽ ബഹളമുണ്ടായതായി സമീപവാസികൾ പറയുന്നുണ്ട്.

പിറവം സിഐ ബി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മതബോധന ക്ലാസ് നടത്തുന്ന റെജി ഭാര്യയുമായി മിക്കവാറും വീട്ടിൽ കലഹിക്കുക പതിവായിരുന്നു. സ്ത്രീധനം കുറവാണന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പലവട്ടം വഴക്കുണ്ടായതും പറയപ്പെടുന്നു. ഇന്നലെ ഇതുസംമ്പന്ധിച്ചുള്ള വിരോധം മനസ്സിലുള്ളപ്പോഴാണ് സന്ധ്യ പാലക്കാടിന് പോകണമെന്ന ആവശ്യവുമായി റെജിയെ സമീപിച്ചതെന്നും ഇതിൽ കലിപൂണ്ട് മർദിച്ചപ്പോൾ ബോധം നശിച്ചുനിലത്തുവീണ സന്ധ്യ മരിച്ചുവെന്ന് കരുതി മകളെ ബലപ്രയോഗത്തിലൂടെ കൊലപ്പെടുത്തി റെജി ആത്മഹത്യചെയ്തിരിക്കാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് അനുമാനം.

കുട്ടികൾ പിറവം എം കെ എം ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. അഭിനോവ് പത്താം ക്ലാസിലും, ആൽവിയ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുകയാണ്.