പിറവം: ചുറ്റുമുള്ള ആൾക്കൂട്ടത്തിലെ കാമവെറിയന്മാരുടെ തുറിച്ച് നോട്ടമേൽക്കണ്ട. പൊടിയോ അഴുക്കൊ മൂലം പിഞ്ചോമനകൾക്ക് രോഗങ്ങൾ പിടിപെടുമെന്ന ഭീതിവും വേണ്ട. ചുട്ടുപൊള്ളുന്ന ഉച്ചവെയിലിന്റെ ഉഷ്ണം തളർത്തുമെന്ന ആശങ്കയും വേണ്ട. കിടന്നോ ഇരുന്നോ സൗകര്യപ്രദമായി കുട്ടിയെ കരയിക്കാതെ നോക്കാം. മുലയൂട്ടുന്ന അമ്മമാർക്കായി പിറവം നഗരഭയൊരുക്കിയ ശീതീകരിച്ച ഫീഡിങ് സെന്ററിന്റെ ഗുണഗണങ്ങൾ ചുരുക്കത്തിൽ ഇങ്ങിനെ വിവരിക്കാം.

കേന്ദ്രത്തെക്കുറിച്ചും ഇവിടുത്തെ സജ്ജീകരണത്തെക്കുറിച്ചും ഇവിടെയെത്തുന്ന അമ്മമാർക്ക് നല്ലത് മാത്രമേ പറയാനുള്ളു. ടൈലിട്ട് മനോഹരമാക്കിയ 500 ചതുരശ്ര അടിയോളം വിസ്്തീർണ്ണമുള്ള മുറിയാണ് പിറവം ബസ്സ്സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിൽ അമ്മമാർക്കുള്ള ഫീഡിങ് സെന്ററായി രൂപപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം. അതുകൊണ്ട് തന്നെ പിറവത്തെ ഈ ഇടപെടലിന് സോഷ്ടൽ മീഡിയയുടെ കൈയടിയും കിട്ടുന്നു.

കിടന്ന് മുലയൂട്ടൽ സാദ്ധ്യമാവുന്ന തരത്തിലുള്ള വലിയ ചാരുകസേരകൾ, കുട്ടിയെ കിടത്താൻ തൊട്ടിൽ,കുടിവെള്ളം ,ടോയിലറ്റ് ,വാഷ്‌ബേസിൻ തുടങ്ങി അമ്മമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി 5 ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും പിറവം നഗരസഭ ചെയർമാൻ സാബു കെ ജോർജ്ജ് മറുനാടനോട് വ്യക്തമാക്കി. ഈ മാസം നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ്് മന്ത്രി കെ ടി ജലീലാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

പലസ്ഥലങ്ങളിലും അമ്മമാർക്കായി ഫീഡിങ് സെന്ററുകൾ തുറന്നിട്ടുണ്ടെങ്കിലും ശീതികരിച്ച്,വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ കേന്ദ്രം പിറവത്തേതാണ്. നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ കരാറെടുത്തിട്ടുള്ളവർക്കാണ് താത്കാലികമായി ഫീഡിങ് സെന്ററിന്റെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. ആവശ്യക്കാരെത്തിയാൽ മുറി തുറന്ന് നൽകും. ഇവർ മടങ്ങിയാൽ ഉടൻ പൂട്ടുകയും ചെയ്യും.

ബസ്സ്റ്റാന്റിലെത്തുന്ന മറ്റ് യാത്രക്കാർ ഇവിടം ഉപയോഗിക്കാതിരിക്കുന്നതിനാണ് ഈ ക്രമീകരണം. പൊടി-പടലങ്ങൾ കുഞ്ഞുങ്ങൾക്ക് രോഗമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്രത്തിന്റെ ശുചികരണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ജിവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.