തിരുവനന്തപുരം: യാക്കോബായ - ഓർത്തഡോക്‌സ് സഭാ തർക്കം എന്നു മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. തീർത്താലും തീർത്താലും തീരാത്ത പ്രശ്നമായി ഓർത്തഡോക്സ് - യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം മാറുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാസം ഓർത്തഡോകസ് സഭയ്ക്ക ലഭിക്കും വിധത്തിലാണ് കോടതി വിധി വന്നത്. വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചെങ്കിലും ഓർത്തഡോക്‌സ് വിഭാഗക്കാർക്ക് നിലവിൽ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല.

യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. ഈകോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ പൊലീസ് വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്നാണ് ഓർത്തഡോക്‌സുകാരുടെ ആക്ഷേപം.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി നിധിച്ചത്. ഇതോടെയാണ് ഓർത്തഡോക്സ് സഭക്കാർക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതേസമയം 1995ൽ ഈ സുപ്രീംകേസിൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിപ്രകാരം ചില പള്ളികളിൽ യാക്കോബായക്കാർക്ക് കൈവശം വെക്കാൻ സാധിക്കുമായിരുന്നു. എന്നാൽ 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി അനുസരിച്ച് മുൻവിധികൾ എല്ലാം അപ്രസക്തമാകുകയും ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി മാറുകയുമായിരുന്നു.

മലബാർ ഭദ്രാസനത്തിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലെ തർക്കങ്ങൾ പരിഹരിച്ചത് ഓർത്തഡോക്സ് കാതോലിക്കാ ബാവ മലബാർ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ബാക്കിയുള്ള 22 പള്ളികളിൽ തർക്കം ഉണ്ടായിരുന്നതിൽ പത്തെണ്ണത്തിലെ തർക്കം ഇരുവിഭാഗങ്ങളും തമ്മിലെ ചർച്ചകളിലൂടെ പരിഹരിച്ചു. തർക്കങ്ങൾ പരിഹരിച്ചത് സഭാ നേതൃത്വങ്ങൾ നേരിട്ട് ഇടപെട്ടല്ല. അതാത് ഇടവകകളിലെ ജനങ്ങൾ തമ്മിൽ ചർച്ചകൾ നടത്തിയാണ് പ്രശ്നപരിഹാരം കണ്ടത്. അതിന് ഇരു സഭാ നേതൃത്വങ്ങളും അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, ഇന്ന് കോടതി വിധിയോടെ തർക്കപ്പള്ളികളുടെ എണ്ണം പിറവത്തും കോലഞ്ചേരിയിലും അടക്കം മാറുകയായിരുന്നു.

1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചർച്ചകൾക്കാണു ഓർത്തഡോക്സ സഭ മുൻഗണന നൽകിയിരുന്നത്. 2002-ൽ യാക്കോബായ സഭ സ്വന്തമായി ഭരണഘടനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ അതുമായി മുന്നോട്ടു പോകട്ടെ, അതിനു ശേഷമുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും മാത്രമാണ് ആ ഭരണഘടനയിൽ വരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചർച്ചകൾ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികൾക്കും സഭാ തർക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങൾ തടയുന്നതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.

അടഞ്ഞു കിടക്കുന്ന പള്ളികൾ തുറക്കുകയും ആരാധന തുടരുകയും ചെയ്യണമെന്നും സഭാ പ്രശ്നം ആത്യന്തികമായി പരിഹരിക്കണമെന്നുമുള്ള ആഗ്രഹമാണ് ഇതിനു പിന്നിൽ. മേലിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് എഗ്രിമെന്റു വച്ച് നിലവിലുള്ള പള്ളികളുടെ തർക്കം പരിഹരിക്കുകയാണെങ്കിൽ അൽപ്പം നഷ്ടം സഹിച്ചു വിട്ടുവീഴ്ചകൾ ചെയ്യാനും ഞങ്ങൾ തയാറാണ്. 74-ലാണ് പള്ളികൾ തമ്മിലുള്ള വ്യഹാരങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ മൊത്തം 34 പള്ളികളാണ് തർക്കത്തിൽ ഉണ്ടായിരുന്നത്. അതിൽ മലബാർ ഭദ്രാസനത്തിൽ 12 പള്ളികൾ ഉണ്ടായിരുന്നു. യോജിക്കുന്ന സഭയിൽ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നുമുള്ള പുതുതായി വാഴിക്കപ്പെട്ട മെത്രാപ്പൊലീത്തമാരുടെ ആശങ്കകളാണ് പലപ്പോഴും എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുന്നത്.