ചെങ്ങന്നൂർ: പിറവം വലിയ പള്ളിയെ ചൊല്ലിയുള്ള യാക്കോബായ-ഓർത്തഡോക്‌സ് തർക്കം കാലങ്ങളായി നിലനിൽക്കുന്നതാണ്. ഈ തർക്കത്തിന് ഒടുവിൽ ഓർത്തഡോക്‌സുകാർക്കായി അനുകൂലമായാണ് സുപ്രീം കോടതി വിധി വന്നത്. ഇതിനെതിരെ പ്രതിഷേധവുമായി യാക്കോബായക്കാർ രംഗത്തെത്തിയിരുന്നു. ഇതോടെ തർക്കം മൂലം ഇപ്പോൾ ഒന്നു നടക്കാത്ത അവസ്ഥയിലാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും സഭാതർക്കം ചർച്ചയാകുകയാണ്. ഓർത്തഡോക്‌സ് വിഭാഗത്തിന് മുൻതൂക്കമുള്ള ചെങ്ങന്നൂർ മണ്ഡലത്തിൽ ഈ വിഭാഗത്തെ ഒപ്പം നിർത്താൻ വേണ്ടി സിപിഎം വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

തർക്കത്തിൽ നിൽക്കുന്ന പള്ളി സുപ്രീംകോടതി വിധി അനുസരിച്ച് ഓർത്തഡോക്‌സുകാർക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് സിപിഎം ചെങ്ങന്നൂരിലെ സഭക്കാർക്കിടയിൽ പ്രചരിപ്പിക്കുന്ന കാര്യം. ഇക്കാര്യം സാധിച്ചു തരാൻ സിഎസ്‌ഐ വിഭാഗക്കാരനായ സജി ചെറിയാനെ വിജയിപ്പിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നതെന്ന കുറ്റപ്പെടുത്തലുമായി യുഡിഎഫ് രംഗത്തെത്തി. പള്ളി ഓർത്തഡോക്‌സ് വിഭാഗക്കാരുടെ പക്കലെത്താൻ തരത്തിലുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന ഉറപ്പ് സിപിഎം നേതാക്കൾ നൽകിയിട്ടുണ്ട്. ഇക്കാര്യം എൽഡിഎഫുകാരും വാദിക്കുന്നു. വിവാദമായ ഈ വാഗ്ദാനം യാക്കോബായ വിഭാഗത്തിനിടെ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമാണ് പിറവം വലിയ പള്ളി.

പരമ്പരാഗതമായി യാക്കോബായ വിഭാഗം എൽഡിഎഫിനൊപ്പം നിലകൊള്ളുന്ന വിഭാഗമാണ്. ഓർത്തഡോക്‌സ് വിഭാഗമാകട്ടെ യുഡിഎഫിനെയും പിന്തുക്കുന്നു. ഇത്തവണയും ഉമ്മൻ ചാണ്ടി അടക്കമുള്ളവർ സജീവായി രംഗത്തിറങ്ങുന്നതോടു ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വോട്ട് ഡി വിജയകുമാറിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഈ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താനാണ് ഓർത്തഡോക്‌സുകാരുടെ വൈകാരിക വിഷയമായ പിറവം വലിയ പള്ളി പ്രശ്‌നത്തിൽ തന്നെ ഇടപെട്ടത്.

എന്നാൽ, ഓർത്തഡോക്‌സുകാർക്ക് അനുകൂലമായ നീക്കം യാക്കോബായ വിഭാഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് നേതാക്കളോടു ചോദിച്ചപ്പോൾ എല്ലാം ശരിയാക്കാമെന്നാണ് നേതാക്കൾ യാക്കോബായ വിഭാഗക്കാരോടും പറഞ്ഞിരിക്കുന്നത്. അതേസമയം രണ്ട് തോണിയിൽ കാൽവെച്ചുള്ള വൈകാരിക വിഷയം എടുത്തത് സിപിഎം സമുദായ രാഷ്ട്രീയം കളിക്കുകയാണെന്നാണ് യുഡിഎഫ് ആക്ഷേപിക്കുന്നത്. മതനേതാക്കളെയെല്ലാം സമീപിച്ച് വോട്ടുതേടിയാണ് സിപിഎം ചെങ്ങന്നൂരിൽ മത്സരിക്കുന്നത്.

എൻഎസ്എസിനെ പ്രീതിപ്പെടുത്താനുള്ള നീക്കത്തിനൊപ്പം എസ്എൻഡിപിയെയും ഒപ്പം നിർത്താൻ എൽഡിഎഫ് ശ്രമിക്കുന്നുണ്ട്. ഓർത്തഡോക്‌സ് വിഭാഗക്കാരിയായ ശോഭനാ ജോർജ്ജിനെ തുടക്കത്തിൽ തന്നെ ഒപ്പം നിർത്തിയും ഈ നിലപാടി വ്യക്തമാക്കിയുന്നു. എൻഎസ്ഡിപി വോട്ടുകൾ മറിയാതിരിക്കാൻ വേണ്ടി യൂണിയൻ തലത്തിലെ നേതാക്കളെ തന്നെ ആദ്യം കൈയിലെടുത്തിരുന്നു. സവർണ വോട്ടുകളെ ഒപ്പം നിർത്താൻ സംവരണ വിഷയവും എടുത്തിട്ടിട്ടുണ്ട്. ആർ ബാലകൃഷ്ണ പിള്ളയടക്കം മണ്ഡലത്തിൽ പ്രചരണ രംഗത്തുണ്ട്. എന്നാൽ, സിപിഎമ്മിന്റെ വർഗീയക്കളി തുറന്നുകാട്ടിക്കൊണ്ടു തന്നെയാണ് കോൺഗ്രസിന്റെ പ്രചരണം പുരോഗമിക്കുന്നത്.

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കം സർക്കാരിന്റെ ഇഛാശക്തിയാണ് വെളിപ്പെടുത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എൻ.എസ്.എസ് ഇടതുപ്രീണനം നടത്തുകയല്ലന്നെും, പക്ഷേ നല്ല കാര്യങ്ങൾ ചെയ്താൽ അത് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എൻ.എസ്.എസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന പരോക്ഷ സൂചനയാണ് സുകുമാരൻ നായർ നൽകിയത്. എന്നാൽ തത്വത്തിൽ അദ്ദേഹം ഇപ്പോഴും സമദൂരത്തിൽ ഉറച്ചുനിൽക്കയാണ്.ഒരു മുന്നണിക്കും വോട്ട്ചെയ്യാനുള്ള പരസ്യമായ ആഹ്വാനം എൻ.എസ്.എസ് നൽകിയിട്ടില്ല.

നേരത്തെ ഹൈന്ദവ സമുദായ സംഘടനകളുമായി പിണറായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്തവന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിഷേധക്കുറിപ്പ് വന്നിരുന്നു. സാമ്പത്തിക സംവരണത്തിന് നീക്കം എന്ന വാർത്ത തെറ്റിദ്ധാരണ ജനകമാണെന്നും, സംവരണ വിഷയത്തിൽ ഇടത് സർക്കാറിന്റെ നയം വ്യക്തമാണെന്നുമാണ് പത്രക്കുറിപ്പിൽ അറിയിച്ചത്.സംവരണാവകാശത്തിന് ഭരണഘടനാപരമായി അവകാശമില്ലാത്ത മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ലഭ്യമാക്കണം എന്നാണ് എൽ.ഡി.എഫ് സർക്കാറിന്റെ നയമെന്നും, ഇത് നിലവിലുള്ള ആരെയും ബാധിക്കില്ലെന്നും ഇതിനായി ഭരണഘടനാ ഭേദഗതിക്ക് ക്രേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കിയിരുന്നു.

ഇനി കയറാൻ വീടുകളുണ്ടോ, കാണാൻ ഗൃഹനാഥന്മാരുണ്ടോ, സാമുദായിക നേതാക്കളുണ്ടോ, പൗരപ്രമുഖരുണ്ടോ എന്നിങ്ങനെയുള്ള വിശകലനത്തിരക്കിലാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രാദേശിക നേതാക്കൾ. ആര് മുന്നിൽ, ആര് പിന്നിൽ എന്ന് പറയാൻ കഴിയാത്ത ഇളക്കിമറിച്ചിലാണ് തന്ത്രങ്ങളുടെ എല്ലാ അടവുകളും ആവനാഴിയിൽനിന്ന് പുറത്തെടുത്ത് പാർട്ടികൾ നടത്തുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാനും യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയും പലവട്ടം മണ്ഡലമാകെ സഞ്ചരിച്ചുകഴിഞ്ഞു. ത്രികോണ മത്സരത്തിന്റെ തീവ്രമായ ചൂടിലാണ് ഈ ഭൂപ്രദേശം. കലാശക്കൊട്ടിന്റെ അടുത്തേക്ക് നീങ്ങുമ്പോൾ മണ്ഡലം ഇളക്കിമറിക്കാൻ നേതാക്കളുടെ പടയും എത്തുന്നു.

വി എസ്. അച്യുതാനന്ദന്റെ സ്വതസിദ്ധ പ്രസംഗവൈഭവമാണ് ഞായറാഴ്ച ഇടതുമുന്നണിക്ക് മുതൽക്കൂട്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റുനേതാക്കളും തുടർദിവസങ്ങളിലെത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന-കേന്ദ്ര കമ്മിറ്റി നേതാക്കളും ദിവസങ്ങളായി ചെങ്ങന്നൂരിന് ചിരപരിചിതരാണ്. ഒരിഞ്ച് വിട്ടുകൊടുക്കാതെ നീങ്ങുകയാണ് യു.ഡി.എഫും. പരമ്പരാഗത തട്ടകം തിരിച്ചുപിടിക്കാനുള്ള ആവേശം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇവിടെതന്നെയാണ്. വി എം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേറെയും. എ.കെ. ആന്റണി എത്തുന്നതോടെ യു.ഡി.എഫിന്റെ പോർമുഖത്തിന് കൂടുതൽ തിളക്കമാകുമെന്ന് അവർ പറയുന്നു.