കോഴിക്കോട്: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ദേവസ്വം എൽ പി സ്‌കൂളിൽ ബന്ധു നിയമന വിവാദം. ഇന്റർവ്യൂ ബോർഡിൽ അംഗമായ മുൻ കൗൺസിലർ തന്റെ ബന്ധുവിന് ചട്ടങ്ങൾ മറികടന്ന് നിയമനം നടത്തിയെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സിപിഎം നേതാവും പിഷാരിക്കാവ് ദേവസ്വത്തിലെ ഗവ. നോമിനിയുമായ വ്യക്തിയുടെ ഭാര്യാ സഹോദരിക്ക് നിയമനം നൽകിയാണ് വിവാദമായത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം ആനക്കുളം ലോക്കലിലെ നാൽപ്പതോളം പ്രവർത്തകരും നേതാക്കളും രാജിക്ക് ഒരുങ്ങിയതോടെ സി പി എം പ്രതിസന്ധിയിലായി.

സ്‌കൂളിലേക്ക് വന്ന രണ്ട് അദ്ധ്യാപക ഒഴിവിലേക്ക് പാർട്ടി നിർദ്ദേശിച്ചവരെ മറികടന്ന് കടന്നാണ് ദേവസ്വത്തിലെ ഗവ. നോമിനി ബന്ധുവിന് നിയമനം നൽകാൻ നീക്കം നടത്തിയതെന്ന് ആക്ഷേപിച്ചാണ് പ്രവർത്തകരുടെ പ്രതിഷേധം. ഒരു കാലത്ത് സിപിഐ എം കൊയിലാണ്ടി ഏരിയയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുകയും പാർട്ടി നടപടിക്ക് വിധേയനാവുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവാണ് പാർട്ടി തീരുമാനം കാറ്റിൽപറത്തി ബന്ധുനിയമനത്തിന് മുതിർന്നതെന്നാണ് പ്രവർത്തകരുടെ പരാതി.

ഇയാളെ സംരക്ഷിക്കുന്നത് പൊതുജന മധ്യത്തിൽ പാർട്ടിയെ ദോഷമായി ബാധിക്കുമെന്നും പ്രവർത്തകർ പറയുന്നു. നാല് ലോക്കൽ കമ്മിറ്റി മെമ്പർമാരും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 34 ഓളം പാർട്ടിയംഗങ്ങളുമാണ് സംഭവത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയത്. ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതൃത്വവും കടുത്ത പ്രതിഷേധം പാർട്ടിയെ അറിയിച്ചു.

അദ്ധ്യാപക നിയമനത്തിനായി നടന്ന ഇന്റർവ്യൂ മാനദണ്ഢങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്നും പരാതിയുണ്ട്. താത്ക്കാലികമായി രണ്ടു വർഷമായി സ്‌കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപികമാരെ ഒഴിവാക്കിയാണ് സ്വന്തക്കാരെ നിയമിച്ചത്. കഴിഞ്ഞ അദ്ധ്യാപക നിയമനത്തിൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിഷാരിക്കാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി നൽകിയ പരാതിയെത്തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും നിയമന വിവാദം ഉണ്ടായത്.

പ്രശ്‌നം തലവേദനയായതോടെ വിഷയം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ആനക്കുളം ലോക്കൽ കമ്മിറ്റി യോഗത്തിലും കൊല്ലം ലോക്കൽ കമ്മിറ്റി യോഗത്തിലും കടുത്ത എതിർപ്പുകൾ ഉയർന്നു. ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും രാജി ഭീഷണി മുഴക്കുകയും ചെയ്തു. മുൻ എം എൽ എ കെ ദാസനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രനും പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധം ഉയർന്നത്. കൊയിലാണ്ടി നഗരസഭ മുൻ വൈസ് ചെയർമാനും സി ഐ ടി യു നേതാവുമായ ടി കെ ചന്ദ്രൻ ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിലാണ് ബന്ധുനിയമന വിവാദം ഉടലെടുത്തത്.

പ്രശ്‌നം രൂക്ഷമായതോടെ സിപിഐഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തിര സബ് കമ്മിറ്റി വിളിച്ചു ചേർക്കുകയും നിയമന തീരുമാനം പിൻവലിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. വിവാദ ബന്ധു നിയമനത്തിന് ചുക്കാൻ പിടിച്ച സി പി എം നേതാവും, ട്രസ്റ്റി ബോർഡ് അംഗമായ ടി കെ. രാജേഷിനെ തിരെ സംഘടനാ നടപടിക്ക് യോഗം ശുപാർശ ചെയ്തതതായും അറിയുന്നു.