- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനത്തിൽ അയോഗ്യത ഉറപ്പായി; മത്സര വിലക്കു വന്നാൽ മോൻസ് വാളെടുക്കും; ഫ്രാൻസിസ് ജോർജ്ജ് ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നതും പ്രതിസന്ധി; പാലായിലെ തിരിച്ചടിക്കൊപ്പം തൊടുപുഴയിലെ മണ്ണും ഒലിച്ചു പോയി; പിളരും തോറും വളരാമെന്ന വിശ്വാസത്തിൽ കേരളാ കോൺഗ്രസിനെ പിളർത്തിയ ജോസഫ് പുലിവാലു പിടിക്കുമ്പോൾ
തിരുവനന്തപുരം: വളരും തോറും പിളരും. പിളരും തോറും വളരും... ഇതായിരുന്നു കേരളാ കോൺഗ്രസിനെ കുറിച്ച് കെ എം മാണി എന്നും പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ചാണ് മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് എമ്മിനെ പിജെ ജോസഫ് പിളർത്തിയത്. പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിൽ അടി കിട്ടിയതോടെ കേരളാ കോൺഗ്രസിന്റെ ഈ മുതിർന്ന നേതാവ് സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നതാണ് വസ്തുത. ഇതിനൊപ്പമാണ് പാർട്ടിയിലെ തമ്മിൽ തല്ലും ചർച്ചകളിൽ നിറയുന്നത്.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഇനി സർവ്വത്ര പ്രതിസന്ധിയാകും ഉണ്ടാവുക. എംഎൽഎ മോൻസ് ജോസഫും മുൻ എംപി ഫ്രാൻസിസ് ജോർജ്ജും ചേരി തിരിഞ്ഞ് നേതാക്കളെ ഒപ്പം നിർത്തുന്നത് പിജെ ജോസഫിന് നേരത്തെ തന്നെ തലവേദനയാണ്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും. ജോസ് കെ മാണി കൂടുതൽ കരുത്ത് നേടിയിരിക്കുന്നു. പാർട്ടി ചിഹ്നവും പാർട്ടി പേരും മാണിയുടെ മകന് ലഭിക്കുകയും ചെയ്തു. തദ്ദേശത്തിലെ വിജയത്തിലൂടെ ചെണ്ട കൊട്ടി ഇതിന് തോൽപ്പിക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഇതോടെ ജോസഫിന്റെ രാഷ്ട്രീയം തന്നെ പ്രതിസന്ധിയിലാകുകയാണ്.
തോൽവിയെ ന്യായീകരിക്കാൻ പലതും ജോസഫ് പറയുന്നുണ്ട്. എങ്കിലും കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും എൽഡിഎഫിനുണ്ടായ നേട്ടത്തിന് കാരണം ജോസ് കെ മാണി ഫാക്ടറാണെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിയിൽ പോലും കോൺഗ്രസിന് ക്ഷീണമുണ്ടായി. പൂഞ്ഞാറിൽ പിസി ജോർജിന്റെ മകന്റെ വിജയം പോലും കരുത്തിന് തെളിവാണ്. അതും മൂന്ന് മുന്നണികളേയും തോൽപ്പിച്ച്. എന്നാൽ പാലായിൽ ജോസഫ് പക്ഷം അടപടലം തോറ്റു. ഇത് വലിയ പ്രതിസന്ധി ജോസഫിനുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ചോദിക്കുന്നതെല്ലാം ഇനി കോൺഗ്രസിൽ നിന്ന് ജോസഫിന് ലഭിക്കില്ല. ഇതിനൊപ്പം അയോഗ്യതാ ഭീഷണിയും വരും.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാൽ അണികൾ ജോസഫിനൊപ്പമല്ലെന്നും ജോസ് കെ മാണിക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇതോടെ ജോസഫ് വിഭാഗത്തിൽ തമ്മിലടി മൂർച്ഛിക്കും. ഇത് യുഡിഎഫ് നേതൃത്വത്തേയും അങ്കലാക്കിലാക്കും. പാർട്ടിയിലെ രണ്ടാമൻ ആരെന്ന ചർച്ചയും ജോസഫ് വിഭാഗത്തിലുണ്ട്. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ അധികാര വടംവലി രൂക്ഷമാണ്. ഈ തർക്കത്തിൽ ജോസഫും തീർത്തും നിരാശനുമാണ്. ഇതിനിടെയാണ് തോൽവിയെന്ന പ്രതിസന്ധി.
മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവർ ഒരു പക്ഷത്ത്. മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ, ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും. എല്ലാവർക്കും എംഎൽഎയായി മത്സരിക്കാൻ സീറ്റ് വേണമെന്നതാണ് പ്രശ്നം. ഇനി അത് നടക്കില്ല. ചോദിക്കുന്നതൊന്നും യുഡിഎഫ് കൊടുക്കില്ല. ഇതിനൊപ്പമാണ് തൊടുപുഴയിലെ യുഡിഎഫ് തോൽവിയും അയോഗ്യതാ പ്രശ്നവും.
രാജ്യസഭ വോട്ടെടുപ്പിലും അവിശ്വാസ പ്രമേയം ചർച്ചാവേളയിലും വിട്ടു നൽകണമെന്നായിരുന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെ ഫ്രാൻസിസ് ജോർജ് ,ജോയി എബ്രഹാം അടങ്ങുന്ന മറുപക്ഷം അട്ടിമറിച്ചു. യുഡിഎഫ് അനുകൂല നിലപാട് ഉയർത്തി വോട്ട് ചെയ്യുകയും മറു പക്ഷത്തിന് വിപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോസഫ് ഇതിനെ അംഗീകരിച്ചു. ഇതാണ് പ്രതിസന്ധി ശക്തമാകാൻ കാരണം. ചിഹ്നവുമായി ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അനുകൂലമായതോടെ മോൻസ് ജോസഫ് തീർത്തും പ്രതിസന്ധിയിലായി. മോൻസിന് മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കാനായിരുന്നു ഇതെന്ന് കടുത്തുരുത്തി എംഎൽഎയെ അനുകൂലിക്കുന്നവർ കരുതുന്നു.
ചിഹ്ന പ്രശ്നത്തിൽ ഹൈക്കൊടതിയിൽ നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉള്ള കേസിൽ ഉണ്ടായ സ്റ്റെ താൽക്കാലിക വിജയം മാത്രമാണെന്നും മേൽകോടതിയിൽ കേസ് തോൽക്കുമെന്നും മോൻസ് ജോസഫ് തിരിച്ചറിയുന്നു. സ്പീക്കർക്കും ജോസ് പക്ഷത്തിന് അനുകൂലമായ നിയമോപദേശം ആണ് ലഭിച്ചിരിക്കുന്നത്. അയോഗ്യതയിലേക്കും അതുവഴി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യത്തിലേക്കും പി ജെ ജോസഫിനേയും മോൻസിനെയും കൊണ്ട് ചെന്ന് എത്തിച്ചത് ഫ്രാൻസിസ് ജോർജിന്റേയും ജോയ് എബ്രഹാത്തിന്റെയും പിടിവാശിയാണെന്നതാണ് വസ്തുത. തൊടുപുഴയിൽ മത്സരിക്കാൻ പി.ജെ ജോസഫിന്റെ മകൻ അപ്പു ജോസഫും പിന്നിൽ ചരടു വലികൾ നടത്തിയെന്ന വിലയിരുത്തലും മോൻസിനുണ്ട്. ഇതെല്ലാം മോൻസിനെ പൊട്ടിത്തെറിയുടെ വക്കിൽ എത്തിക്കും.
ഏറ്റുമാനൂർ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിൻസ് ലൂക്കോസിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിൽ സജി മഞ്ഞക്കടമ്പനും ജോസഫിനോട് പിണങ്ങി. തിരുവല്ല സീറ്റ് ഓഫർ ചെയ്ത് ജോസഫ് എം പുതുശ്ശേരിയെ സ്വീകരിച്ചത് വിക്ടർ ടി തോമസിനും ഇഷ്ടപ്പെട്ടില്ല, കുട്ടനാട് സീറ്റിൽ വിമതനായി മത്സരിച്ച പഴയ മാണി ഗ്രൂപ്പുകാരനായ ജോസ് കോയിപ്പള്ളിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതും കുട്ടനാട്ടിലെ ജോസഫ് ഗ്രൂപ്പ് നേതാവായ ജേക്കബ് എബ്രഹാമിന് കടുത്ത അതൃപ്തി ഉണ്ടാക്കി. ഇത്തരം പ്രശ്നങ്ങളെ പോലും നേരിടാനാകാത്ത ജോസഫിന് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് തിരിച്ചടി പ്രതിസന്ധി കൂട്ടും. തെരഞ്ഞെടുപ്പോടെ ഇടതു പക്ഷം കരുത്തരായിരിക്കുന്നു. ജോസ് കെ മാണിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ അടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ അയോഗ്യതാ പരാതിയിൽ ജോസഫിനും മോൻസിനും നടപടി നേരിടേണ്ടിയും വരും.
ഇനി കേരളാ കോൺഗ്രസിലേക്ക് സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേർക്കായി ആകെ കോൺഗ്രസ് നൽകുക അഞ്ചോ ആറോ നിയമസഭാ സീറ്റ് മാത്രമാകും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാൽ മോൻസിനും ജോസഫിനും മത്സരിക്കാൻ കഴിയില്ലെന്നതും പ്രതിസന്ധി മൂർച്ഛിപ്പിക്കും. പകരം മകനെ ഇറക്കാനുള്ള ജോസഫിന്റെ ആലോചനയ്ക്കെതിരേയും നേതാക്കൾ രംഗത്തുണ്ട്.
മറുനാടന് മലയാളി ബ്യൂറോ