തിരുവനന്തപുരം: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പേര് നിർദ്ദേശിച്ചപ്പോൾ അതിനെ അട്ടിമറിച്ചത് കോൺഗ്രസ് നേതൃത്വമാണെന്ന് രാജ്യസഭാ മുൻഉപാധ്യക്ഷൻ പി.ജെ കുര്യൻ. അതുപോലെ തന്നെ തനിക്ക് അർഹമായിരുന്ന രാജ്യസഭാ സീറ്റ് നിഷേധിച്ചത് ഉമ്മൻ ചാണ്ടി ആയിരുന്നു. സീറ്റ് കേരള കോൺഗ്രസിന് കൊടുക്കാനുള്ള തീരുമാനത്തെ ചെന്നിത്തലയും പിന്തുണച്ചു. ഫോണിലൂടെ പോലും തന്നോട് ആശയവിനിമയം നടത്തിയില്ലെന്ന് പി.ജെ കുര്യൻ പറഞ്ഞു.

പി.ജെ കുര്യനെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പുറത്തിറക്കുന്ന അനുസ്മരണ ഗ്രന്ഥമായ - സത്യത്തിലേക്കുള്ള സഞ്ചാരങ്ങൾ- എന്ന പുസ്തകത്തിൽ അസ്തമനം അവസാനമല്ല എന്ന അധ്യായത്തിലെ പ്രസക്ത ഭാഗങ്ങളാണ് പുതിയ ലക്കം പ്രസാധകൻ മാസിക പ്രസിദ്ധീകരിച്ചത്. എഴുത്തുകാരനും, പത്രപ്രവർത്തകനുമായ എബ്രഹാം മാത്യുവുമായി നടത്തിയ ദീർഘമായ അഭിമുഖമാണ് പ്രസാധകൻ മാസികയിലുള്ളത്. സൂര്യനെല്ലി സംഭവത്തിലും, സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലുമുണ്ടായ കോളിളക്കങ്ങൾ, ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ വേട്ടയാടാൻ നോക്കിയതുമെല്ലാം കുര്യൻ അഭിമുഖത്തിൽ തുറന്നടിക്കുന്നുണ്ട്.

പി.ജെ കുര്യന്റെ രാഷ്ട്രീയ-വ്യക്തി ജീവിതങ്ങളിൽ ഇന്നും വേട്ടയാടുന്ന സംഭവമാണ് സൂര്യനെല്ലി പെൺവാണിഭ കേസ്. അതിൽ ഒരു തരത്തിലും പങ്കില്ലാതിരുന്ന കുര്യന്റെ പേര് വലിച്ചിഴച്ചതിന് പിന്നിൽ സിപിഎമ്മിനോടൊപ്പം എ-ഗ്രൂപ്പിലെ ഒരുപറ്റം നേതാക്കളുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം കരുതുന്നത്. എ.കെ ആന്റണി മാത്രമാണ് ആ വിഷയത്തിൽ തനിക്കൊപ്പം നിന്നതെന്ന് കുര്യൻ പറഞ്ഞു.സൂര്യനെല്ലി വിവാദത്തിൽ ഞാൻ പാർട്ടിയുടെയോ മറ്റാരുടെയെങ്കിലുമോ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ നിരപരാധിയായതുകൊണ്ട് അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയത്. സത്യം മനസ്സിലാക്കിയ എ.കെ. ആന്റണി ഞാൻ ആവശ്യപ്പെടാതെതന്നെ എനിക്ക് ആത്മബലവും പിന്തുണയും നൽകി. മറ്റാരുടേയും സഹായം ഞാൻ ആവശ്യപ്പെട്ടിട്ടില്ല.

പി.സി. ജോർജ്ജ് ഒരിക്കലെന്നോട് യഥാർത്ഥ പ്രതി എന്റെയൊരു അപരനാണെന്നും ആ ആളിനെ യാദൃച്ഛികമായി പരിചയപ്പെട്ടു എന്നും ആ ആൾ കുറ്റം ഏറ്റു പറഞ്ഞെന്നും പറയുകയുണ്ടായി. പക്ഷേ, ആ അപരൻ ആരാണെന്ന് ഞാൻ നിർബന്ധിച്ചിട്ടും അദ്ദേഹം എന്നോട് വെളിപ്പെടുത്തിയില്ല. ഒരു അപരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്നും എന്റെ പാർട്ടിയുടെതന്നെ ഒരു നേതാവ് ഇടപെട്ട് ആളിനെ വിടുവിച്ചുവെന്നും ഞാൻ അറിഞ്ഞിട്ടുണ്ട്. ചെറിയാൻ ഫിലിപ്പിനും ഇതുപോലെ ചില അറിവുകൾ ലഭിച്ചതായി ഞാൻ മനസ്സിലാക്കുന്നു. ഡൽഹി തെഹൽകാ ഓൺലൈൻ പത്രത്തിന്റെ എഡിറ്ററായ മാത്യു സാമുവൽ, ഒരു അപരനെ സ്റ്റിങ് ഓപ്പറേഷൻ നടത്തിയെന്നും അയാൾ കുറ്റം സമ്മതിച്ചുവെന്നും കേരളശബ്ദം വാരികയിൽ വെളിപ്പെടുത്തി. ഈ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറയുവാൻ എനിക്ക് കഴിയില്ല. ഞാൻ കുറ്റക്കാരനല്ല എന്ന വസ്തുത മാത്രമാണ് എനിക്ക് പറയാൻ കഴിയുന്നത്. മറ്റൊരാളിനെ ചൂണ്ടിക്കാട്ടുവാൻ എനിക്കെങ്ങനെ കഴിയും

ഞാന് ആന്റണിയെ എന്റെ നേതാവായും ഉമ്മൻ ചാണ്ടിയെ എന്റെയൊരു സീനിയർ സഹപ്രവർത്തകനുമായാണ് കണ്ടിട്ടുള്ളത്. ആന്റണിയോട് എനിക്ക് അടിസ്ഥാനപരമായ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ചില കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ ആന്റണിയുടെ പേരിലുള്ള എ ഗ്രൂപ്പിലായിരുന്നു എന്നും ഞാൻ പ്രവർത്തിച്ചത്. എ ഗ്രൂപ്പിനുവേണ്ടി പല കാര്യങ്ങളും ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുവാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പ്രചരണം നടക്കുമ്പോള് പ്രചാരണത്തില് ഞാന് പങ്കെടുത്തില്ല.

എ.ഐ.സി.സി. നിരീക്ഷകന് ആയി കരുണാകരന്റെ സുഹൃത്തായ മൂപ്പനാരെത്തന്നെ അയയ്ക്കണമെന്ന് ഉമ്മന്ചാണ്ടിയുടെ നിര്‌ദ്ദേശപ്രകാരം നരസിംഹറാവുവിനോട് ആവശ്യപ്പെട്ടത് ഞാനാണ് (ആ ആവശ്യത്തിന്റെ യുക്തി ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും കരുണാകരന്റെ സുഹൃത്തായ മൂപ്പനാരെക്കൊണ്ടുതന്നെ കരുണാകരനെതിരെ റിപ്പോര്ട്ട് നല്കിക്കുക എന്ന ഉമ്മന്ചാണ്ടിയുടെ കൗശലമാണെന്ന് പിന്നീടെനിക്ക് മനസ്സിലായി). നരസിംഹറാവു മൂപ്പനാരെത്തന്നെ അയയ്ക്കുകയും ചെയ്തു. ആന്റണിയെ മുഖ്യമന്ത്രിയായി നരസിംഹറാവു തീരുമാനിച്ചപ്പോള് ഉമ്മന്ചാണ്ടിയുടെ ആവശ്യപ്രകാരം ആന്റണിയുടെ സമ്മതം വാങ്ങാതെ നിരസിംഹറാവുവിനെക്കണ്ട് ആന്റണിക്ക് സ്‌പെഷ്യൽ ഫ്‌ളൈറ്റ് അനുവദിപ്പിച്ചത് ഞാനാണ്.

ആന്റണിയുടെ സമ്മതമില്ലാതെ അത് ചെയ്തതിന്റെ പേരില് അദ്ദേഹം എന്നെ ശകാരിക്കുകയും ചെയ്തു) ഇങ്ങനെ പല കാര്യങ്ങളും ഞാന് ഉമ്മന്ചാണ്ടിയുടെ ആവശ്യപ്രകാരം ചെയ്തിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ 10 വര്ഷത്തിലധികമായി ഞാനൊരു ഗ്രൂപ്പ് പ്രവര്ത്തനങ്ങളിലും ഇല്ല. അമിതമായ ഗ്രൂപ്പിസമാണ് കേരളത്തില് കോൺഗ്രസിനെ ക്ഷീണിപ്പിച്ചതെന്ന് ഞാന് മനസ്സിലാക്കി. പാര്ട്ടിക്കുവേണ്ടി ഒന്നും ചെയ്യേണ്ടതില്ല. ഗ്രൂപ്പ് നേതാക്കന്മാരെ സന്തോഷിപ്പിച്ചാല് ഏത് സ്ഥാനവും നേടാമെന്ന നില വന്നപ്പോള് ആത്മാര്ത്ഥതയുള്ള പ്രവര്ത്തകരും നിരാശരായി.

തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നിൽ ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയ ആസൂത്രിതമായ ഓപ്പറേഷൻ ആയിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ ഇടുങ്ങിയ കാഴ്ചപ്പാട് നിമിത്തമാണ് തന്റെ സീറ്റ് വെട്ടലിന് പിന്നിൽ. മൂക്കിനു താഴെയുള്ളതേ അവര് കാണുകയുള്ളൂ. രാജ്യസഭാ സീറ്റ് കാര്യത്തില് മാണിഗ്രൂപ്പ് ആവശ്യപ്പെടാതെയാണ് അവര്ക്ക് സീറ്റ് ഓഫര് ചെയ്തതെന്ന് ജോസ് കെ. മാണി തന്നെ എന്നെ ഫോണില് വിളിച്ചു പറഞ്ഞു. ''ഞങ്ങള് ഒരു പാര്ട്ടിയാണ്. സീറ്റ് ഓഫര് ചെയ്താല് വേണ്ട എന്ന് പറയുവാന് കഴിയുമോ.'' അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് രാജ്യസഭാ സീറ്റ് കാര്യത്തില് ഒരു പരാതിയും ഇല്ല എന്ന് ഞാന് മറുപടി പറഞ്ഞു.

സീറ്റ് കേരളാ കോൺഗ്രസ്സിന് കൊടുക്കാന് തീരുമാനമെടുത്തത് ഉമ്മന് ചാണ്ടിയാണ്. അതിനോട് രമേശ് ചെന്നിത്തല യോജിക്കുകയും ചെയ്തു. എന്നാല് രമേശ് 14 അക്‌ബര് റോഡില് വന്ന് ഞാന് സീറ്റ് ആവശ്യപ്പെടണമെന്ന് എന്നോട് പറയുകയും ഞാന് ആവശ്യപ്പെടില്ലായെന്ന് പറഞ്ഞപ്പോള് രമേശ് തന്നെ എനിക്കുവേണ്ടി സംസാരിക്കുമെന്നും ഞാന് ഡല്ഹിയില് ഉണ്ടായിരിക്കേണ്ടത് രമേശിന്റെയും ആവശ്യമാണെന്ന് പറയുകയും ചെയ്തിരുന്നു. ഉമ്മന് ചാണ്ടിയുടെ സമ്മര്ദ്ദംകൊണ്ടാകാം രമേശ് കൂടെപ്പോയത്. പക്ഷേ, വര്ഷങ്ങളോളം എ ഗ്രൂപ്പിനുവേണ്ടി ഉമ്മന്ചാണ്ടി ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ഡല്ഹിയില് ചെയ്തിട്ടുള്ള എന്നോട്, സീറ്റ് കേരളാ കോൺഗ്രസ്സിന് കൊടുക്കുന്നതിനെപ്പറ്റി ഫോണില് പോലും ഒരു വാക്ക് ഉമ്മന് ചാണ്ടി സംസാരിച്ചില്ല. ഇത് എനിക്ക് വളരെ പ്രയാസം ഉണ്ടാക്കിയ കാര്യമാണ്.

ഈ കാര്യത്തില് ഉമ്മന് ചാണ്ടിയെ ഞാന് പരസ്യമായി വിമര്ശിച്ചിരുന്നു. വിമര്ശനം സ്ഥാനമോഹത്തിന്റെ പേരിലാണെന്ന് ചിലര് തെറ്റിദ്ധരിച്ചിട്ടുണ്ട്. സ്ഥാനമോഹമായിരുന്നെങ്കില് പ്രധാനമന്ത്രി പാര്‌ലമെന്ററികാര്യമന്ത്രിയെ പറഞ്ഞയച്ചപ്പോള് തന്നെ അദ്ദേഹത്തെ പോയിക്കണ്ട് സ്ഥാനം നേടാമായിരുന്നു. ഇത് സംബന്ധിച്ച് ഞാന് രാഹുല് ഗാന്ധിക്ക് കത്ത് എഴുതിയിരുന്നു. രാഹുല്ഗാന്ധിക്ക് എഴുതിയ കത്തില് രാജ്യസഭാ സീറ്റ് ഞാന് ആവശ്യപ്പെടുന്നില്ലായെന്നും കോൺഗ്രസ്സില് നിന്നുതന്നെ വി എം. സുധീരന്, രാജ്‌മോഹന് ഉണ്ണിത്താന്, പി.സി. ചാക്കോ, ഷാനിമോള് ഉസ്മാന് തുടങ്ങിയവരില് ആര്‌ക്കെങ്കിലും സീറ്റ് നല്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കത്ത് ഞാന് പരസ്യപ്പെടുത്തുകയും ചെയ്തു. എനിക്ക്, പരാതിയുമില്ല പരിഭവവുമില്ല. കോൺഗ്രസ്സ് പാര്ട്ടി എനിക്ക് നിരവധി സ്ഥാനങ്ങള് നല്കിയിട്ടുണ്ട്. അതില് ഞാന് സംതൃപ്തനാണ്. തന്റെ ഉപരാഷ്ട്രപതി സ്ഥാനം തെറിപ്പിച്ചതിന്റെ പിന്നിലും ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും കൈകളുണ്ടായിരുന്നു. അതുപോലെ തന്നെ തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചതിന് ശേഷം നടന്ന സൈബർ ആക്രമണങ്ങളിൽ എ-ഗ്രൂപ്പിന്റെ കൃത്യമായ നിരീക്ഷണവും ഓപ്പറേഷനുമുണ്ടായിരുന്നുവെന്ന് തനിക്കറിയാമെന്ന് കുര്യൻ വെളിപ്പെടുത്തി.

തിരുവല്ലയില് മാർത്തോമ സഭ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാൻ വന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടത്തിയ പ്രസംഗത്തില് ഇപ്പോൾ ഡെപ്യൂട്ടി ചെയര്മാനായ പി.ജെ. കുര്യന് ചെയര്മാനാകേണ്ട ആളാണെന്ന് പറഞ്ഞു എന്നത് സത്യമാണ്. ഉമ്മന് ചാണ്ടി സ്റ്റേജില് ഉണ്ടായിരുന്നു. അദ്ദേഹം അതിനെക്കുറിച്ചൊന്നും സംസാരിച്ചില്ല. ഏതാനും ദിവസങ്ങള് കഴിഞ്ഞപ്പോള് അദ്ദേഹത്തിന്റെ അനുയായികളായ ചില യൂത്ത് കോൺഗ്രസ് നേതാക്കള് എനിക്കും ഉമ്മന്ചാണ്ടിക്കും ഏതാണ്ട് ഒരേ പ്രായമാണ് എന്ന വസ്തുത മറന്നുകൊണ്ട് പി.ജെ. കുര്യനു പ്രായമായി എന്നും അദ്ദേഹത്തെ രാജ്യസഭയില് അയയ്ക്കരുതെന്നും സോഷ്യല് മീഡിയയില് പ്രചരിപ്പിച്ചു. ഉമ്മന് ചാണ്ടി അവരെ തള്ളിപ്പറഞ്ഞതുമില്ല. ഉമ്മന് ചാണ്ടിക്ക് പ്രായമായിയെന്ന് ഏതായാലും അവരു പറഞ്ഞില്ല. അതു നന്നായി. ഞാന് വെങ്കയ്യാജിയോട് അങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നു പറഞ്ഞു. അതിനെന്താ കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. വേണ്ടായിരുന്നുവെന്ന് ഞാന് മറുപടിയും പറഞ്ഞു. ഞാന് രാജ്യസഭയില് ഒന്നിലധികം പ്രാവശ്യം മെമ്പര് ആയതാണെന്നും ഇനിയും താത്പര്യമില്ലായെന്നും അദ്ദേഹത്തോട് പറഞ്ഞു. വെങ്കയ്യാജിയുടെ പ്രസംഗം എനിക്കെതിരെ ചരടുവലിക്കുവാന് ഉമ്മന് ചാണ്ടിക്ക് കൂടുതല് ഊര്ജ്ജം നല്കി.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നുവെന്നും പ്രധാനമന്ത്രിയെ കാണണമെന്നും പാര്‌ലമെന്ററികാര്യമന്ത്രി നഖ്വി രണ്ടു പ്രാവശ്യം വന്ന് എന്നോട് സംസാരിച്ചു എന്നതും ശരിയാണ്. നഖ് വി തന്റെ ലേഖനത്തില് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത് ഞാന് കണ്ടു. പക്ഷേ, അത് നടക്കാതെ പോയതില് ഞാനാരെയും കുറ്റപ്പെടുത്തുന്നില്ല. അതിന്റെ പല കാരണങ്ങളില് ഒന്ന്, ഇക്കാര്യത്തിലുള്ള എന്റെ തെറ്റായ വിലയിരുത്തലുകളാണെന്ന് ഞാന് കരുതുന്നു. മറ്റു കാരണങ്ങളിലേക്ക് ഇപ്പോള് ഞാന് കടക്കുന്നില്ല. അത് ആവശ്യമെങ്കില് പിന്നീടൊരിക്കല് പറഞ്ഞുകൊള്ളാം എന്തായാലും ദൈവം നിശ്ചയിച്ചിട്ടുള്ളതേ നടക്കുകയുള്ളു. അതുകൊണ്ട് ആ കാര്യത്തില് എനിക്ക് ആരോടും പരിഭവമില്ല.

എ.കെ. ആന്റണി ഇക്കാര്യത്തില് താങ്കളെ പിന്തുണയ്ക്കാതിരുന്നത് എന്തുകൊണ്ടായിരിക്കുമെന്ന ചോദ്യത്തിന് വളരെ തന്ത്രപരമായ മറുപടിയാണ് കുര്യൻ പറഞ്ഞത്. ഇക്കാര്യം, എ.കെ. ആന്റണി അറിഞ്ഞിട്ടില്ലായെന്നാണ് എന്റെ വിശ്വാസം. സോണിയാഗാന്ധിയുമായി ചര്ച്ച ചെയ്തശേഷം അദ്ദേഹത്തെ അറിയിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല് അങ്ങനെ നടന്നില്ല.

2021-ലെ തിരഞ്ഞെടുപ്പിൽ കുര്യന്റെ സ്വന്തം തട്ടകമായ പത്തനംതിട്ട ജില്ലയിലെ അഞ്ച് സീറ്റും യുഡിഎഫിന് നഷ്ടമായതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചു. 2021 അസംബ്ലി തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് എനിക്ക് ഒരു പങ്കും ഇല്ല. എല്ലാം ഗ്രൂപ്പ് നേതാക്കന്മാര് തീരുമാനിച്ചു. ഞാന് ഇലക്ഷന് കമ്മറ്റിയില് ചില നിര്‌ദ്ദേശങ്ങള് വച്ചു. അവ പരിഗണിച്ചിരുന്നുവെങ്കില് പത്തനംതിട്ടയില് 3 സീറ്റെങ്കിലും ജയിക്കുമായിരുന്നു. പക്ഷേ, അത് ഉണ്ടായില്ല. പരിണതഫലമോ പരാജയം. ഇതിനര്ത്ഥം പരാജയത്തിന്റെ ഉത്തരവാദിത്വം അവര്ക്ക് മാത്രം എന്നല്ല, എല്ലാവര്ക്കും ഉള്ളതാണ്. എനിക്കും അതില് പങ്കുണ്ട്

എബ്രഹാം മാത്യു എഡിറ്ററായുള്ള സത്യത്തിലേക്കുള്ള സഞ്ചാരങ്ങള് എന്ന പുസ്തകത്തിന്റെ പ്രസാധകര് ഡിസി ബുക്‌സാണ്. പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്യും. രാഷ്ട്രപതി മുതല് പി.ജെ. കുര്യന്റെ സഹപാഠികള് വരെ അദ്ദേഹത്തിന്റെ ജീവിതത്തെ ഈ പുസ്തകത്തില് വിലയിരുത്തുന്നുണ്ട്.