- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പീകെ' 'ഘർ വാപ്പസിക്കാലത്തെ' സാംസ്കാരിക പ്രതിരോധം; മതേതര ഇന്ത്യ രാജ്കുമാർ ഹിറാനിയോട് നന്ദി പറയുന്നു: ഹൃദയമുള്ള അന്യഗ്രഹജീവിയായി അമ്പരപ്പിച്ച് ആമിർ ഖാൻ!
മുട്ടിന് മുട്ടിന് പാട്ട്. അതിനിടയിൽ സ്റ്റണ്ടും നായകന്റെ കുറെ വീരശൂരപരാക്രമങ്ങളും. അൽപ്പം സെന്റിമെൻസും മേമ്പൊടിയായൊരു ഐറ്റം ഡാൻസും. നമ്മുടെ ഉദയകൃഷ്ണ സിബി കെ.തോമസ് കൂട്ട് എഴുതുന്ന മട്ടിൽ ഒരേ അച്ചിൽ വാർത്തവയായതിനാൽ കമേർഷ്യൽ ഹിന്ദി സിനിമകൾക്ക് പോയി സമയം മിനക്കെടുത്തുന്ന രീതിയില്ലായിരുന്നു. ഷാറൂഖ് ഖാന്റെ 'ഹാപ്പി ന്യൂ ഇയർ'പോലുള്ള അറ
മുട്ടിന് മുട്ടിന് പാട്ട്. അതിനിടയിൽ സ്റ്റണ്ടും നായകന്റെ കുറെ വീരശൂരപരാക്രമങ്ങളും. അൽപ്പം സെന്റിമെൻസും മേമ്പൊടിയായൊരു ഐറ്റം ഡാൻസും. നമ്മുടെ ഉദയകൃഷ്ണ സിബി കെ.തോമസ് കൂട്ട് എഴുതുന്ന മട്ടിൽ ഒരേ അച്ചിൽ വാർത്തവയായതിനാൽ കമേർഷ്യൽ ഹിന്ദി സിനിമകൾക്ക് പോയി സമയം മിനക്കെടുത്തുന്ന രീതിയില്ലായിരുന്നു. ഷാറൂഖ് ഖാന്റെ 'ഹാപ്പി ന്യൂ ഇയർ'പോലുള്ള അറുതല്ലിപ്പൊളി പടങ്ങൾ പോലും വിജയിക്കുന്നത്, അവിടുത്തെ ചലച്ചിത്ര സംസ്‌ക്കാരത്തിന്റെ ദയനീയതകൂടിയാണ് വെളിപ്പെടുത്തുന്നത്.
ഹൃതിക് റോഷനും അഭിഷേക് ബച്ചനും, സൽമാൻഖാനുമൊക്കെ പടച്ചുവിടുന്ന ഭൂലോക കത്തികൾ കണ്ട് തലച്ചോർ തകർന്നിരിക്കുന്ന ഹിന്ദി പ്രേക്ഷകർക്കുള്ള ഉത്തേജന ഔഷധമാണ് പലപ്പോഴും ആമിർഖാൻ ചിത്രങ്ങൾ. ഇന്ത്യൻ സിനിമാ സൂപ്പർതാരങ്ങളിൽ കമൽഹാസനും അമിർഖാനും മാത്രമേയുള്ളൂ സാമൂഹിക പ്രതിബന്ധതയുള്ള സിനിമയെടുക്കാനുള്ള ധൈര്യമുള്ളത്. മതം, രാഷ്ട്രീയം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലൊക്കെ മൗനംപാലിച്ച് പാട്ടും ഡപ്പാക്കൂത്തുമായി ജനത്തെ മയക്കിക്കിടത്തുന്ന ബോളിവുഡ്ഡിന്റെ പതിവ് കലാപരിപാടിയിൽ നിന്ന് താൻ ഏറെ വ്യത്യസ്തനാണെന്ന് പുതിയ ചിത്രമായ പീകെയിലൂടെ അമിർ വീണ്ടും തെളിയിക്കുന്നു.
മതചുഷണങ്ങളും ആൾദൈവ വ്യവസായവും തകർത്താടുന്ന ഇന്ത്യയിൽ ഇതുപോലൊരു പ്രമേയം തെരഞ്ഞെടുത്തതിനും അതിഗംഭീരമായി എടുത്ത് ഫലിപ്പിച്ചതിനും സംവിധായകൻ രാജ്കുമാർ ഹിറാനിയോടും മതേതര ഇന്ത്യ നന്ദിപറയണം. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നെന്ന് പറഞ്ഞ് ശിവസേന പീക്കെതിരെ രംഗത്തത്തെിയത് ആ സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരം തന്നെയാണ്.
ഹൃദയമുള്ള അന്യഗ്രഹജീവി
അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകൾ ഹോളിവുഡ്ഡിൽ നിന്ന് ഒത്തിരി കണ്ടവരാണ് നാം. പീകെയും ഈ കഥയാണ് പറയുന്നത്. പക്ഷേ ഇവിടെ അമിർ സാക്ഷാത്കരിക്കുന്ന അന്യഗ്രഹജീവിക്ക് 'ഹൃദയമുണ്ടെന്നതാണ് ഹോളിവുഡ്ഡ് സിനിമകളിൽ നിന്നുള്ള പ്രധാന മാറ്റം. ഭൂമിയെ കൂട്ടത്തോടെ ആക്രമിക്കാൻ പറക്കും തളികയിൽ വരുന്ന ഭീകരരാണ് ഹോളിവുഡ്ഡിലെ അന്യഗ്രഹക്കാർ. ഇവിടെ പറക്കും തളികയിൽ വന്നിറങ്ങിയ നഗ്‌നനായ ആ ജീവി മാതൃപേടകവുമായ ബന്ധം അറ്റ് ഭൂമിയിൽ കുടുങ്ങിപ്പോവുന്നു. രാജസ്ഥാൻ മരുഭൂമിയിൽവച്ച് അയാളുടെ റിമോട്ട് കൺട്രോൾ മോഷ്ടിച്ച് ഒരുത്തൻ കടന്നുകളഞ്ഞതാണ് പ്രശ്‌നമായത്. പിറന്നുവീണ കുട്ടിയെപ്പോലെ നിഷ്‌കളനാണ് അയാൾ. ഇവിടുത്തെ ചതിയും, കുതന്ത്രവും, മതവും, ജാതിയും ഒന്നും അറിയില്ല. ഈ നിഷ്‌കളങ്കത മൂലമുള്ള 'അഞ്ചുപൈസ കുറവുള്ള' കളിയാണ് അയാൾക്ക് പീകെയെന്ന പേര് നേടിക്കൊടുക്കുന്നത്. തന്റെ റിമോട്ട് എങ്ങനെയെങ്കിലും തിരച്ചുകിട്ടാനുള്ള ശ്രമത്തിലാണ് പീകെ. ദൈവം വിചാരിച്ചാലേ ഇത് നടക്കുവെന്ന് എല്ലാവരും പറയുന്നതുകേട്ട്, അയാൾ ദൈവത്തെ തേടിയിറങ്ങുന്നതാണ് ചിത്രത്തിലെ ഹൈലൈറ്റ്. [BLURB#2-H]
അപ്പോഴാണ് ഇവിടെ പല പല ദൈവങ്ങൾ ഉണ്ടെന്നും ഒന്ന് മറ്റൊന്നിൽ നിന്ന് തീർത്തും വ്യത്യസ്തമാണെന്നും അറിയുന്നത്. അമ്പലത്തിൽ തേങ്ങയടിക്കുന്നതുകണ്ട പീകെ ചർച്ചിലും അതുപോലെ ചെയ്ത് അപഹാസ്യനാവുന്നു. ചർച്ചിൽ വീഞ്ഞുപാനം ചെയ്യുന്നത് കണ്ട് ദൈവത്തിന് അതിഷ്ടമാണെന്ന് കരുതി രണ്ട് ബീർകുപ്പികളും വാങ്ങി മോസ്‌ക്കിലേക്ക് പോയാലുള്ള അവസ്ഥയെന്തായിരിക്കും! ഈ രീതിയിലുള്ള തമാശകൾകൊണ്ട് മത മൗലികവാദത്തെ സിനിമ പൊളിച്ചടുക്കുന്നു. ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യനായും ബുദ്ധനായും പാർസിയായുമൊക്കെ അയാൾ ദൈവത്തിനരികിലത്തെുന്നു. തന്റെ റിമോട്ട് തിരച്ചുകിട്ടാനായി. ഒരു ഘട്ടത്തിൽ തന്റെ പണം വാങ്ങിയിട്ടും കാര്യം നടത്തില്ലെന്ന് ആരോപിച്ച് ദൈവത്തിനെതിരെ അയാൾ പൊലീസ്‌സ്റ്റേഷനിലും എത്തുന്നു!
ആയിടയ്ക്കാണ് ഒരു ടെലിവിഷൻ റിപ്പോർട്ടറായ ജഗ്ഗു (അനുഷ്‌ക്ക ശർമ)വിന്റെ കണ്ണിൽ പീകെ പതിയുന്നത്. ഭഗവാനെ കണാനില്ലെന്നും കണ്ടുകിട്ടുന്നവർ അറിയക്കണമെന്നുമുള്ള നോട്ടീസടിച്ച് ട്രെയിനിൽ വിതരണം ചെയ്യുകയായിരുന്നു പീകെയപ്പോൾ. പിന്നീടുള്ള അയാളുടെ അന്വേഷണത്തിൽ ജഗ്ഗുവും ഒപ്പമുണ്ടാവുന്നു. എല്ലാമതത്തിലുമായി കുറച്ചുകാലം ജീവിച്ചപ്പോഴാണ് പീകെക്ക് ഒരു വെളിവുണ്ടാകുന്നത്. ഈ ഭൂമിയിൽ രണ്ടുതരത്തിലുള്ള ദൈവങ്ങളുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവവും, നമ്മൾ സൃഷ്ടിച്ച ദൈവവും. ആദ്യത്തെ ദൈവത്തെ തേടാനായി രണ്ടാമത്തെ ദൈവത്തെ വിളിക്കുമ്പോൾ നിങ്ങൾ റോങ്ങ്കാൾ ആവുകയാണ്. ഈ റോങ്ങ്കാൾ സിദ്ധാന്തം ജഗ്ഗു വികസിപ്പിച്ചതോടെ അത് ആൾദൈവങ്ങൾക്കെതിരായ വലിയ ടെലിവിഷൻ കാമ്പയിനായി മാറുന്നു. ജഗ്ഗുവിന്റെ കുടംബത്തിന്റെ കൂടി ആത്മീയ ആചാര്യനായ തപസ്വി മഹാരാജുമായി (സൗരഭ് ശുക്‌ള) പീകെ ഏറ്റുമുട്ടലിന് ഇറങ്ങുന്നതോടെ കാര്യങ്ങൾ ചൂടുപിടിക്കുന്നു. അവസാന സീനുകളിൽ പലേടത്തും പീകെ പ്രേക്ഷകരുടെ കണ്ണ് നയിക്കുന്നുമുണ്ട്.
സംഘികൾക്ക് കുരുപൊട്ടുമ്പോൾ
[BLURB#1-VL]ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഹോളിവുഡ് അന്യഗ്രഹ ജീവികളുടെ കഥയുമായി രംഗത്തെത്തിയത്. ഇതിന് വ്യക്തമായൊരു രാഷ്ട്രീയവും ഉണ്ടായിരുന്നു. മുമ്പ് റാംമ്പോ, ജെയിംസ്‌ബോണ്ട് സിനിമകളിൽ സോവിയറ്റ് യൂണിയനായിരുന്നു ഹോളിവുഡ്ഡിന്റെ വില്ലൻ. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ഇനി ഞങ്ങൾക്ക് ഏറ്റുമുട്ടാൻ തക്ക ശത്രുക്കൾ മറ്റ് ഗോളങ്ങളിൽ നിന്നു വരണമെന്ന അമേരിക്കൻ ധാർഷ്ട്യത്തിൽനിന്നാണ് 'ഏലിയൻ' സിനിമകൾ ഉണ്ടായതെന്ന് പല നിരൂപകരും വിലയിരുത്തിയിട്ടുണ്ട്. ഇവിടെ രാജ്കുമാർ ഹിറാനിയും അന്യഗ്രഹ ജീവിയിലൂടെ ഒരു മുൻകരുതൽ എടുത്തിട്ടുണ്ട്. മതങ്ങളെയും കപട അത്മീയതെയും വിമർശിക്കുമ്പോൾ നായകൻ ഒരു മതത്തിലുമില്ലാത്തതെന്ന് പോട്ടെ ഈ ഭൂമിയിൽതന്നെയുള്ള ആളല്ലെന്ന് വരുത്തേണ്ടത് നിഷ്പക്ഷതക്ക് അനിവാര്യമാണെന്ന് സംവിധായകൻ കരുതുന്നു. ഈ കഥപറയാൻ ശരിക്കും അന്യഗ്രഹജീവിയൊക്കെ വേണ്ടിയിരുന്നില്ല. ഈ ടീമിന്റെ മുൻകാല ഹിറ്റുകളായ 'ത്രീ ഇഡിയറ്റ്‌സും', മുന്നാഭായിയുമൊക്കെ' നോക്കുമ്പോൾ അത്രക്ക് ശക്തമൊന്നുമല്ല പീകെയുടെ തിരക്കഥയും. പക്ഷേ പീകെ ഉയർത്തുന്ന മതരാഷ്ട്രീയ ചോദ്യങ്ങളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
പക്ഷേ ഇവിടെ മതങ്ങൾക്കെതിരായല്ല, മതത്തിന്റെ പേരിൽ നടക്കുന്ന പേക്കൂത്തുകൾക്കെതിരെയാണ് ഹിറാനി വാളെടുത്തതെങ്കിലും ശിവസേന അതിനെ ഹൈന്ദവ വിരുദ്ധമാക്കി. നാലുദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ കയറിയെ പീകെക്ക് പിന്നെയും ആളെകൂട്ടുന്ന രീതിയിൽ അവർ വെളിച്ചപ്പെടുകയാണ്. പക്ഷേ ഹിറാനിയും ആമിർഖാനും ഉയർത്തിയ പൊതുമതേതര ബോധംകൊണ്ട് അവരെ പാക്കിസ്ഥാൻ ചാരന്മാരാണെന്നൊക്കെ പറഞ്ഞ് ഒറ്റപ്പെടുത്താനും അവുന്നില്ല.
പക്ഷേ ഒരുകാര്യം നോക്കണം. സംഘികൾക്ക് കുരുപൊട്ടാന്മാത്രം ഈ സിനിമയിൽ എന്താണുള്ളത്. ആത്മീയ ചൂഷണത്തെ തുറന്നുകാട്ടുമ്പോൾ ഇവർ നിലവിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഇവിടെയാണ് പീകെയുടെ രാഷ്ട്രീയമുള്ളത്. എല്ലാ മതങ്ങളും ഒരുപോലെയാണെന്നും, വേഷത്തിലുള്ള മാറ്റമില്ലെങ്കിൽ നിങ്ങൾക്ക് വിവിധ മതസ്ഥരെ തിരിച്ചറിയാൻപോലും കഴിയില്ലെന്ന് പീകെ സമർത്ഥിക്കുന്നു. ഘർവാപ്പസിയെന്ന പേരിലുള്ള പുനമതപരിവർത്തനത്തിലൂടെ സംഘികൾ കെട്ടിപ്പൊക്കിയ ഹിന്ദുമതത്തിന്റെ മഹത്വമെന്ന ആശയത്തിന് കടകവിരുദ്ധമാണിത്! എല്ലാമതങ്ങളും ഒരുപോലെയാണെങ്കിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറേണ്ട കാര്യമെന്താണ്. അതുകൊണ്ടുതന്നെ അവർ പീകെക്ക് എതിരെയും തിരിയുന്നു.
കേരളത്തിന്റെ ഒരു വിശാല മതേതര ഭൂമികയിൽ നിന്ന് നോക്കുന്നതുകൊണ്ടാണ് നമുക്ക് പീകെ ഉയർത്തിയ ആശയപോരാട്ടത്തിന്റെ കരുത്ത് ബോധ്യപ്പെടാത്തത്. പശുവും പന്നിയും വേലി ചാടിയതിന്റെ പേരിൽപോലും ലഹളകൾ ഉണ്ടാകുന്ന, അങ്ങേയറ്റം വർഗീയവത്ക്കരിക്കപ്പെട്ട ഉത്തരേന്ത്യൻ സാഹചര്യത്തിൽ അക്ഷരാർഥത്തിലുള്ള വിപ്‌ളവമാണ് ഈ സിനിമ.
ടെലിവിഷനിലൂടെ പീകെ തെളിയിക്കുന്ന ചില കാര്യങ്ങൾ ചിരിക്കൊപ്പം ചിന്തയും ഉണർത്തുന്നു. ഭീതി എങ്ങനെ ദൈവ ഭയമാവുന്നു എന്ന് കാണിക്കാനായി പീകെ ലൈവായി ചാനൽ ക്രൂവിനൊപ്പം ഒരു പരീക്ഷണം നടക്കുന്നിടത്ത് എത്തുന്നു. അവിടെകണ്ട ഒരുകല്ല് കുത്തനെവച്ച് അതിന്മേൽകുറച്ച് കുങ്കുമവും വാരിപ്പൂശി ഏതാനും നാണയത്തുട്ടുകൾ നിക്ഷേപിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പരീക്ഷക്കാർ കാണിക്കയിട്ടും ദണ്ഡ നമസ്‌ക്കാരം നടത്തിയും അവിടെ ശരിക്കും ഒരു ആരാധനാലയമാവുന്നു! ഈ സീൻ കണ്ടപ്പോൾ മനസ്സിലേക്ക് ഓടിവന്നത് ബാബറി മസ്ജിദിന്റെ തകർച്ചയും, ശിലാന്യാസവും കർസേവയും അടക്കം ഇന്ത്യ മുഴുവൻ കലുഷിതമാക്കിയ വിഗ്രഹ രാഷ്ട്രീയമാണ്. ചുരുക്കിപ്പറഞ്ഞാൽ മതംവച്ച് മുതലെടുക്കുന്നവർക്കുള്ള മുഖത്തടിച്ച ആട്ടാണ് ഈ ചിത്രം.
അതേ, അടികിട്ടാതിരിക്കാൻ പീകെ മുഖത്ത് ഹനുമാന്റെയും ശ്രീകൃഷ്ണന്റെയും സ്റ്റിക്കറുകൾ ഒട്ടിച്ചുവച്ചാണ് നടപ്പ്. സിനിമ അവസാനിക്കുന്നതും അങ്ങനെതന്നെ. അന്യഗ്രഹത്തുനിന്ന് തന്നോടൊപ്പം ഭൂമിയിൽ വന്നിറങ്ങിയ പുതിയ വ്യക്തിയുടെ മുഖത്ത് ഇവിടെ പിഴച്ചുപോകാൻ അത്യാവശ്യം വേണ്ട മുൻകരുതലായ ദൈവ ചിത്രങ്ങൾ ഒട്ടിച്ചുകൊടുക്കയാണ് പീകെ! പാക്കിസ്ഥാൻ നമ്മുടെ ശത്രുരാജ്യം എന്ന രീതിയിൽ മേജർരവി മോഡൽ സിനിമ കണ്ടവർക്ക് ഇതിലെ പാക്കിസ്ഥാൻ പയ്യനായായ സർഫ്രാസിനെ (സുഷാന്ത്‌സിങ്) പിടിക്കാനിടയില്ല. ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ചതിന് സാനിയ മിർസയെപ്പോലുള്ള മഹത്തായ ഒരു ഇന്ത്യൻ സ്പോർട്സ് താരത്തിന്റെ ദേശക്കൂറുപോലും ചോദ്യംചെയ്യപ്പെടുന്ന ഇക്കാലത്ത് പാക്കിസ്ഥാനി യുവാവ്, നായികയെ ചതിക്കുന്നുവെന്ന ഫോർമുലക്കായിരുന്നു ബോക്‌സോഫീസ് വിലക്കൂടുതൽ. എന്നാൽ പീകെ ആ 'മേജർരവി ദേശീയതയെയും പൊളിച്ചടുക്കുന്നു. സർഫ്രാസ് ജഗ്ഗുവിനെ വഞ്ചിച്ചിട്ടില്ലെന്ന് തിരച്ചറിഞ്ഞ് അവർ ഒന്നിക്കാനൊരുങ്ങുന്നത്, രാവിലെ മുതൽ വർഗീയത നാമം ജപിച്ചുകൂടുന്നവർ സഹിക്കുന്നതെങ്ങനെ?
അമിർ എന്ന അവതാരം
എന്നും വ്യത്യസ്തകൾ തന്നെയായിരുന്ന അമിർഖാൻ എന്ന നടന്റെ മുഖമുദ്ര. അമിർ ആങ്കറായി വന്ന 'സത്യമേവ ജയതേയുടെ' പഴയ ലക്കങ്ങൾ കണ്ടുനോക്കൂ. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ നിങ്ങൾക്ക് ഇതുപോലൊരു അത്ഭുതം കാണാൻ കഴിയുമോ. ദുരഭിമാനക്കൊല, ആസിഡാക്രമണം, ജാതീപീഡനം തൊട്ട് രാജ്യത്ത് ഇന്നും തോട്ടികളായി ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുമെല്ലാം ഇതാദ്യമായി ടെലിവിഷനിൽ വന്നു. ആ സത്യമേവ ജയതേയുടെ ഫിക്ഷൻ രൂപമാണ് പീകെയെന്ന് വേണമെങ്കിൽ പറയാം.
ആനച്ചെവിയും, നീലക്കണ്ണുകളുമായി, സദാമുറുക്കിത്തുപ്പി, ഭോജ്പുരി സംസാരിക്കുന്ന ('രാജമാണിക്യത്തിലെ' മമ്മൂട്ടിയുടെ തിരുവനന്തപുരം സ്‌ളാങ്ങ്‌പോലെ അമിറിന്റെ ഭോജ്പുരിയും ഹിറ്റായി കഴിഞ്ഞു) തലയിൽ സദാഹെൽമറ്റും, കൈയിലൊരു വടിയും സ്യൂട്ട്‌കെയ്‌സുമായി ദൈവത്തെ അന്വേഷിച്ചു നടക്കുന്ന പീകെ ആയി ആമിർഖാന്റെ വൺമാൻഷോ തന്നെയാണ് ഈ സനിമ. സഞ്ജയ്ദത്ത്, ബോമൻ ഇറാനി എന്നവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല. ക്രിക്കറ്റതാരം വിരാട്‌കോഹ്ലിയുടെ കാമുകിയെന്ന പേരിൽ വാർത്തകളിൽ നിറഞ്ഞ അനുഷ്‌ക്ക ഇത്തവണ അഭിനയത്തിലൂടെ സ്വന്തം വ്യക്തിത്വം നിലനിർത്തി. സാധാരണ ഹിറാനി ചിത്രങ്ങളിൽ ഉള്ളത്ര സംഗീതം മെച്ചപ്പെട്ടില്ലെങ്കിലും പീകെയിലെ ഗാനങ്ങൾ മോശമായിട്ടില്ല. സംസാര പ്രാധാന്യമായ ഈ സിനിമ ഹിന്ദി അത്ര വഴങ്ങാത്തവർക്ക് അൽപ്പം വിഷമമുണ്ടാക്കും. സബ്‌ടൈറ്റിലിങ്ങോടെ സിനിമ പലേടത്തും പ്രദർശിപ്പിക്കുന്നത് ആശ്വാസമാണ്.
തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് രാജ്കുമാർ ഹിറാനി. ത്രീ ഇഡിയറ്റ്‌സിലുടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതകൾ എത്ര ശക്തമായി അദ്ദേഹം അവതരിപ്പിച്ചെന്ന് ഓർക്കുക.
വാൽക്കഷ്ണം: നമ്മൾ മലയാളികൾ മറന്ന ഒരു മലയാളിയാണത്രേ പീകെയുടെ കഥക്ക് ബീജം നൽകിയതെന്ന് സംവിധായകൻ ഹിറാനി ഒരഭിമുഖത്തിൽ പറയുന്നു. പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ഡോ.എബ്രാഹം കോവൂരെന്ന എ.ടി കോവൂരിന്റെ അനുഭവക്കുറിപ്പുകൾ വായിച്ചപ്പോഴാണ് ഹിറാനിക്ക് ഈ ആശയം വീണുകിട്ടിയതത്രേ. കോവൂരിന്റെ അനുഭവക്കുറിപ്പുകളെ അവലംബിച്ച് 'പുനർജനം' എന്ന സിനിമ മലയാളത്തിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയിരുന്നു.
2002ൽ പുറത്തിറങ്ങിയ ഉമേഷ് ശുക്‌ളയുടെ 'ഓ മൈ ഗോഡ്' എന്ന ചിത്രവുമായുള്ള സാദൃശ്യവും സംവിധായകൻ മറച്ചുവെക്കുന്നില്ല. ഈ സിനിമയിൽ ദൈവത്തിനെതിരെ കേസുകൊടക്കുന്ന സീൻ ഉള്ളതുകൊണ്ടാണ് ആദ്യം അത്തരമൊരെണ്ണം പ്‌ളാൻചെയ്തിട്ടും പീകെയിൽ ഒഴിവാക്കിയതെന്നും ഹിറാനി ചൂണ്ടിക്കാണിക്കുന്നു. എന്തൊരു സത്യസന്ധത! നമ്മുടെ മലയാളി കോപ്പിയടി വീരന്മാർ ഈ തുറന്നു പറച്ചിൽകേട്ട് നാണിക്കുന്നുണ്ടാവും.