- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്നല്ല നിലപാട്; സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ആളുകളുമായി ചർച്ച നടത്തി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വാസം ആർജിക്കും; മുന്നാക്ക സംവരണത്തിൽ നിലപാട് മാറ്റി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ സംഭവത്തിൽ നിലപാട് മാറ്റി മുസ്ലിം ലീഗ്. മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതൽ പിന്നാക്കരാക്കുമെന്ന് നേരത്തേ നിലപാടെടുത്ത മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞത്. സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്നല്ല നിലപാടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കൂട്ടായ ചർച്ചയിലുടെ അഭിപ്രായ സമന്വയമാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഈ വിഷയത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് ഇറക്കിയ പ്രകടന പത്രികയിൽ വ്യക്തമായ നിലപാട് പറയുന്നുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്ന രീതിയിൽ ഒരു സമന്വയം ഉണ്ടാക്കണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്', കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ആളുകളുമായി അതിന് വേണ്ട ചർച്ച നടത്തുമെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വാസം ആർജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ കാലാവധി അവസാനിക്കാറായപ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് ഒരു പ്രഖ്യാപനം നടത്തി എല്ലാവരെയും തമ്മിലടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നേരത്തെ സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയപ്പോൾ ലീഗ് വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതൽ പിന്നാക്കരാക്കുമെന്ന് കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞിരുന്നു.സർക്കാർ തീരുമാനം പിൻവലിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 28ന് ലീഗ് എറണാകുളത്ത് പിന്നാക്ക വിഭാഗങ്ങളുടെ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങൾക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിലാണ്. സംവരണ സമുദായങ്ങൾ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നു അന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ലോക്സഭാംഗമായ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് സാമ്പത്തിക സംവരണ വിഷയത്തിൽ നിലപാട് മാറ്റം. പികെ കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇന്ന് മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് അറിയിച്ചത്. ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കുന്ന വിധം രാജിയുണ്ടാവുമെന്നുമാണ് ലഭിക്കുന്ന ലീഗ് നേതൃത്വം വ്യക്തമാക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന എം.കെ മുനീറിനും, യുവ നേതാക്കളായ കെ.എം.ഷാജി ഉൾപ്പെടെയുള്ളവർക്കും കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് ഡെസ്ക്