പാലക്കാട്: ഒടുവിൽ സിപിഎമ്മിൽ പികെ ശശി എംഎൽഎ ഒറ്റപ്പെടുന്നു. പാലക്കാട്ട് സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ആളായി നിറഞ്ഞ് എതിരാളികളെ വെട്ടിയൊതുക്കിയ ശശിക്ക് പാർട്ടി അച്ചടക്ക നടപടി അനിവാര്യമാണെന്ന തിരിച്ചറിവ് ഉണ്ടായിരിക്കുകയാണ്. ആരോപണങ്ങളെ നേരിടാൻ പി.കെ. ശശി എംഎൽഎ വിളിച്ചു ചേർത്ത ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി യോഗം ചേരാനാകാതെ മാറ്റിയിരുന്നു. 19 അംഗങ്ങളിൽ 3 പേർ മാത്രമാണ് എത്തിയത്. 9 പേർ സ്ഥലത്ത് ഇല്ലാത്തതിനാലും ഒരാൾ ആരോഗ്യകാരണങ്ങളാലും എത്തില്ലെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും ജില്ലാ കമ്മിറ്റി റിപ്പോർട്ടിങ് എന്ന പേരിൽ യോഗം വിളിക്കുകയായിരുന്നു. ഈ നീക്കമാണ് പൊളിഞ്ഞത്. ഇതിനിടെ ശശിക്കെതിരെ പരാതിയുണ്ടെന്ന് സിപിഎം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു.

അതിനിടെ പീഡന പരാതിയിൽ എത്രയും വേഗം നീതിപൂർവകമായ തീർപ്പുണ്ടാകണമെന്നു ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി എസ്.അച്യുതാനന്ദൻ സിപിഎം ജനറൽസെക്രട്ടറി സീതാറാം യച്ചൂരിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആവശ്യമായ മാർഗനിർദ്ദേശവും ഇടപെടലും പൊളിറ്റ്ബ്യൂറോയിൽ നിന്നുണ്ടാകണം. ക്രിമിനൽ നടപടി നേരിടേണ്ട വീഴ്ചയാണ് ഒരു എംഎൽഎയിൽ നിന്നുണ്ടായിരിക്കുന്നതെന്ന ആക്ഷേപമാണു രാഷ്ട്രീയ എതിരാളികളികളുടേതെന്ന് വി എസ് അറിയിച്ചു. യെച്ചൂരിയും ശശിക്ക് എതിരാണ്. മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ കൈവിടാൻ തീരുമാനിച്ചുവെന്ന സന്ദേശം ജില്ലയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ ശശി തീർത്തും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിൽ തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ചെർപ്പുളശേരിയിലെ സ്‌കൂളിലെ ഉദ്ഘാടന ചടങ്ങ് പോലും വേണ്ടെന്ന് വച്ചു. അതിവിശ്വസ്തർ പോലും തന്നെ കൈവിട്ടുവെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ ഷൊർണൂർ എംഎൽഎ പി കെ ശശി പരസ്യപ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കണമെന്നും പ്രകോപനം ഒഴിവാക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. അതേസമയം, പികെ ശശിക്കെതിരായ പീഡനപരാതി മറച്ചു വെയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. സ്ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വെച്ചു പൊറുപ്പിക്കില്ല. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദ അറിയിച്ചു. ആരോപണമുയർന്ന സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ. ശ്രീമതി എംപി പറഞ്ഞു. തെറ്റുപറ്റിയാൽ ആരായാലും പാർട്ടി സംരക്ഷിക്കില്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. പി കെ ശശിക്കെതിരായ പീഡനപരാതിയിൽ ഉടൻ അന്വേഷണം പൂർത്തിയാക്കുമെന്നും എസ്ആർപി പ്രതികരിച്ചു. അതേസമയം, താൻ തെറ്റ് ചെയ്തില്ലെന്നും, അന്വേഷണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് കരുത്ത് തനിക്കുണ്ടെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ നടപടിയുണ്ടാകുമെന്ന സൂചന സിപിഎം സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ തന്നെ ശശിക്ക് നൽകിയതായും സൂചനയുണ്ട്. ഇതോടെയാണ് ശശി നിരാശനായത്. പൊലീസ് കേസ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. പരാതി പാർട്ടി പൊലീസിൽ നൽകില്ല. എന്നാൽ പരാതിക്കാരി നൽകിയാൽ പാർട്ടിക്കൊന്നും ചെയ്യാനാകില്ലെന്നാണ് കോടിയേരിയുടെ നിലപാട്. വിഷയത്തിൽ സർക്കാരും സഹായിക്കില്ലെന്ന സൂചന മന്ത്രി ഇപി ജയരാജനും നൽകി. പിണറായി വിജയനും പരാതി പുറത്ത് ചർച്ചയായതിൽ കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ നടപടിയെടുക്കണമെന്നാണ് പിണറായിയുടേയും നിലപാട്.

ശശിക്കെതിരായി ഉയർന്നുവന്ന പരാതിയിലും പാർട്ടിയുടെ ഭരണഘടനയ്ക്കും അന്തസ്സിനും സദാചാര മൂല്യങ്ങൾക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാർട്ടി കൈക്കൊള്ളുക. അതിലാർക്കും സംശയം വേണ്ടെന്ന് കോടിയേരി പരസ്യമായി പ്രതികരിക്കുകയും ചെയ്തു. പി കെ ശശിയ്‌ക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികൾ ആരംഭിച്ചതെന്നും ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പാർട്ടി പി ബി ഇക്കാര്യത്തിൽ ഒരു നിർദ്ദേശവും സംസ്ഥാനകമ്മിറ്റിക്ക് നൽകിയിട്ടില്ലെന്ന് പി ബി തന്നെ വ്യക്തമാക്കിയതുമാണ്. എന്നിട്ടും ദിവസേന പുതിയ കഥകൾ മെനയുന്നവരുടെ താൽപ്പര്യം മറ്റെന്തോ ആണെന്നും കോടിയേരി പറയുന്നു. എന്നാൽ യെച്ചൂരിയുടേയും വിഎസിന്റേയും നിലപാടുകൾ തന്നെയാണ് പ്രശ്‌നത്തിൽ സിപിഎമ്മിനെ ശശിക്കെതിരെ തിരിച്ചതെന്നാണ് സൂചന.

അതിനിടെ ഒരു വർഷം മുൻപ് നിയമസഭയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാരോപണം നിരത്തി സിപിഎം എംഎൽഎ പി.കെ. ശശി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പടരുന്നത് പാർട്ടിക്ക് ക്ഷീണമായി. പീഡനക്കേസുകളിൽ ഉൾപ്പെട്ടവർ ചാരിത്ര്യപ്രസംഗം നടത്തുന്നുവെന്നായിരുന്നു ശശിയുടെ അന്നത്തെ പരിഹാസം. ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നതോടെ, അതേ ചോദ്യം ശശിയോടു തന്നെ ഉന്നയിച്ചുകൊണ്ടാണ് അന്നത്തെ പ്രസംഗത്തിന്റെ വിഡിയോ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. 2017 മെയ്‌ അഞ്ചിന് ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ, പ്രതിപക്ഷത്തെ പരിഹസിച്ച ശശി ഒടുവിൽ ലൈംഗികാരോപണങ്ങളിലേക്കു കടന്നു. ഇതാണിപ്പോൾ വൈറലാകുന്നത്.

വൈറലാകുന്ന പ്രസംഗം ഇങ്ങനെ:

'അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെൺകുട്ടി 10 പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും അഭിപ്രായം പറയാൻ കോൺഗ്രസുകാർക്ക് ഇപ്പോഴെങ്കിലും തോന്നിയതിൽ സന്തോഷം.

ആരുടെയും പേരു പറയുന്നില്ല. കൊല്ലത്തു നിന്നു സേവാദൾ വൊളന്റിയറെ മഞ്ചേരിയിൽ കൊണ്ടുവന്നു ദിവസങ്ങളോളം പാതിരാത്രി യോഗസ്സനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാർട്ടിയല്ലേ! അവർ സ്ത്രീത്വത്തെപ്പറ്റി പറയുമ്പോൾ കേൾക്കാൻ നല്ല സുഖമാണ്. സ്വന്തം പാർട്ടി ഓഫിസിലെ തൂപ്പുകാരിയായ സ്ത്രീയെ ഉപയോഗം കഴിഞ്ഞതിനു ശേഷം വെട്ടിനുറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കന്മാരുടെ പാർട്ടിയല്ലേ.

വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയുടെ ശരീരഭാഗങ്ങളിലാകെ കയ്യടയാളം പതിപ്പിച്ച, മഹാന്മാരിൽ മഹാന്മാരുടേതല്ലേ നിങ്ങളുടെ പാർട്ടി. അവരാണു സ്ത്രീത്വത്തെപ്പറ്റി പഠിപ്പിക്കാൻ നടക്കുന്നത്. ഒരു സാരോപദേശവും ഇങ്ങോട്ടു വേണ്ട. ശരിയും തെറ്റും ഞങ്ങൾക്ക് അറിയാം'.