- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയുടെ ലാളന വീണ്ടും അനുഭവിക്കാൻ സമയമായിട്ടില്ല ; പി കെ ശശിയെ തിരിച്ചെടുത്ത നടപടിയിൽ പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം; വിമർശനം വേഗത്തിൽ തിരിച്ചെടുത്തതും പുതിയ സ്ഥാനത്തിന്റെ പത്രപരസ്യം നൽകിയതും ചൂണ്ടിക്കാട്ടി; പ്രതിഷേധം ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെ
പാലക്കാട്: തെറ്റ് തിരുത്തലും തെറ്റ് ചുണ്ടിക്കാട്ടലും തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധവും പ്രതിസന്ധിയും കൊണ്ട് സമ്പന്നമാവുകയാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ. ജില്ലാ സമ്മേളനങ്ങൾ പകുതി പിന്നിടുമ്പോൾ മിക്കയിടത്തും ഇത്തരം അസ്വാരസ്യങ്ങൾ പ്രകടമാണ്.അതിന്റെ ചുവട് പിടിച്ച് ഇപ്പോഴിത പാലക്കാട് ജില്ലാ സമ്മേളനത്തിലും പാർട്ടിയുടെ നടപടിക്കെതിരെ വിമർശനം ശക്തമാവുകയാണ്.പി കെ ശശിയെ വേഗത്തിൽ തിരിച്ചെടുത്ത നിലപാടാണ് പാലക്കാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയ്ക്കും വിമർശനത്തിനും വഴിവെച്ചത്.ഒപ്പം സംസ്ഥാനത്തെ പൊലീസിന്റെ നിയന്ത്രണവും ചർച്ചയ്ക്ക് വഴിവെച്ചു.
പാർട്ടി നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തത് ശരിയായില്ലെന്നാണ് വിമർശനം. കെ.ടി.ഡി.സി ചെയർമാൻ ആയപ്പോൾ ശശി പത്രപരസ്യം നൽകിയത് സംബന്ധിച്ചും വിമർശനം ഉയർന്നു. പുതുശ്ശേരി, പട്ടാമ്പി ഏരിയ കമ്മിറ്റികളാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്.
ചിറ്റൂർ, കൊല്ലങ്കോട്, വടക്കഞ്ചേരി, പാലക്കാട്, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, അട്ടപ്പാടി, പട്ടാമ്പി, തൃത്താല ഏരിയ കമ്മിറ്റികളിലാണ് ശശി പക്ഷത്തിന് ഭൂരിപക്ഷമുള്ളത്. ഒറ്റപ്പാലം, ആലത്തൂർ, കുഴൽമന്ദം, ശ്രീകൃഷ്ണപുരം, പുതുശ്ശേരി, മുണ്ടൂർ ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനാണ് സ്വാധീനം. വിഭാഗീയത ശക്തമായ പുതുശ്ശേരി, കുഴൽമന്ദം ഏരിയ കമ്മിറ്റികളിൽനിന്ന് മാത്രമാണ് ശശി വിരുദ്ധർക്ക് പൂർണ പിന്തുണയുള്ളത്.
പി കെ ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനവും ശക്തമാകുന്നത്.മൂന്ന് ടേം പൂർത്തിയാക്കിയ സി.കെ. രാജേന്ദ്രൻ സിപിഎം ജില്ല സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ ഒമ്പത് എണ്ണത്തിൽ പി.കെ. ശശി വിഭാഗത്തിനും ആറ് ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനുമാണ് മേൽക്കൈ.
ആരോപണങ്ങളെത്തുടർന്ന് രണ്ടാമൂഴത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തിയ പി.കെ. ശശിയെ ജില്ല നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ശശി അനുകൂലികൾക്ക് ആഗ്രഹമുണ്ട്. എന്നാൽ, കെ.ടി.ഡി.സി ചെയർമാർ സ്ഥാനത്ത് എത്തി അധികമാവാത്തതിനാൽ ശശിയെ പരിഗണിക്കാനിടയില്ല.അതേസമയം, സംസ്ഥാന നേതൃത്വം ശക്തമായി നിർദേശിച്ചാൽ എൻ.എൻ. കൃഷ്ണദാസിന് നറുക്കുവീഴാം.ഇതിനുപുറമെജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.കെ. ചന്ദ്രൻ, ഇ.എൻ. സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പാർട്ടി ചർച്ചകളിലുള്ളത്. സമവായ സ്ഥാനാർത്ഥിയായി വി. ചെന്താമരാക്ഷനും പരിഗണിക്കപ്പെട്ടേക്കാം.
ഇതിനുപുറമെ സംസ്ഥാനത്തെ പൊലീസ് നടപടികളെക്കുറിച്ചും സമ്മേളനത്തിൽ വിമർശനമുയർന്നു.പൊലീസ് സർക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. ഇത് തിരുത്തപ്പെടണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണമ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ചു. സി.കെ.ചാമുണ്ണി മാത്രമല്ല ഇടപാടിലെ കുറ്റക്കാരൻ. ഒറ്റപ്പാലം സഹകരണബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും പ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.
മറുനാടന് മലയാളി ബ്യൂറോ