- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേത്രങ്ങളും സ്കൂളുകളും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ; ക്ഷേത്രങ്ങൾക്കുള്ള പ്രവർത്തനനിർദ്ദേശങ്ങൾ ദീപാവലിക്ക് ശേഷം പുറത്തിറക്കും
മുംബൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഉടൻ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ക്ഷേത്രങ്ങൾക്കുള്ള പ്രവർത്തനനിർദ്ദേശങ്ങൾ ദീപാവലിക്ക് ശേഷം പുറത്തിറക്കും. സംസ്ഥാനത്തെ സ്കൂളുകളും ദീപാവലിക്ക് ശേഷം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 9മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായിരിക്കും സ്കൂളുകളിൽ പ്രവേശനം നൽകുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ മാർച്ച് മുതലാണ് ക്ഷേത്രങ്ങളും സ്കൂളുകളും അടച്ചിട്ടത്.
'മുതിർന്ന പൗരന്മാർ കൂടുതലായി എത്താൻ സാധ്യതയുള്ള സ്ഥലമാണ് ക്ഷേത്രങ്ങൾ. ഇവർക്ക് രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനാൽ ആരാധനാലയങ്ങളിൽ ആൾത്തിരക്ക് ഉണ്ടാവുന്നത് കർശനമായി നിയന്ത്രിക്കും. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമായി തുടരണം. അല്ലാത്തവർക്ക് പിഴ നേരിടേണ്ടിവരും'.- അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവും ഗവർണർ ഭഗത് സിങ് കോഷിയാരിയും തമ്മിൽ വാക്പോര് നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കാൻ ഉടൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ ഉദ്ധവിന് കത്തയച്ചിരുന്നു. ക്ഷേത്രം തുറക്കാത്തതിൽ ബിജെപിയും പ്രതിഷേധമുയർത്തി. എന്നാൽ ഗൗരവമായി ആലോചിക്കാതെ ഉടൻ തീരുമാനം സ്വീകരിക്കില്ലെന്നായിരുന്നു ഉദ്ധവിന്റെ നിലപാട്.
അതിനിടെ, സാധാരണ ആളുകൾക്ക് കൊറോണ വൈറസ് വാക്സിൻ ലഭിക്കാൻ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ കോവിഡ് വാക്സിൻ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നായി മാറാൻ ഒരു വർഷത്തിലേറെ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ടാസ്ക് ഫോഴ്സിലെ അംഗം കൂടിയാണ് ഡോ. രൺദീപ്.
' നമ്മുടെ രാജ്യത്തെ ജനസംഖ്യ വളരെ കൂടുതലാണ്. കോവിഡ് പ്രതിരോധമരുന്ന് വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന രീതിയിൽ എത്തിക്കാൻ നമുക്ക് സമയം ആവശ്യമാണ്', അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ ലഭ്യമായാൽ ആദ്യത്തെ ലക്ഷ്യം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും മരുന്ന് എത്തിക്കാനായിരിക്കുമെന്നും രൺദീപ് പറഞ്ഞു. ' വേണ്ടത്ര സിറിഞ്ചും നീഡിലുകളും ഉറപ്പാക്കി ഉൾപ്രദേശങ്ങളിൽ വരെ തടസ്സമില്ലാതെ വാക്സിൻ വിതരണം ഉറപ്പാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ വാക്സിൻ വിതരണം ചെയ്തതിന് ശേഷം കുടുതൽ മെച്ചപ്പെട്ട മറ്റൊരു വാക്സിൻ എത്തിയാൽ അതിന്റെ സ്ഥാനനിർണ്ണയമായിരിക്കും മറ്റൊരു വെല്ലുവിളിയെന്നും ഡോക്ടർ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ ആർക്ക് ഏത് വാക്സിൻആണ് നൽകേണ്ടതെന്ന് നിശ്ചയിക്കണം കോഴ്സ് കറക്ഷൻ എത്തരത്തിൽ സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കണം. മുന്നോട്ടുപോകുമ്പോൾ ഇത്തരം പല കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ ലഭ്യമായാലും കൊറോണ വൈറസ് ഇല്ലാതാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്