മസ്‌കത്ത്: സൗദി അറേബ്യക്കും അബൂദബിക്കും പിന്നാലെ സ്വദേശികൾക്കും പ്രവാസി തൊഴിലാളികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ ഒമാൻ ആലോചിക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിലാണ്.

ഘട്ടംഘട്ടമായി ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനാണ് സർക്കാർ പദ്ധതിയിടുന്നത്.അഞ്ചു മുതൽ 10 വർഷം വരെ കാലയളവിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനാണ് പദ്ധതി. ശേഷം ഇൻഷുറൻസ് നിർബന്ധമാക്കും. പ്രവാസികൾ ജോലിചെയ്യുന്ന വലിയ കമ്പനികളിലാകും പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഇത് വിലയിരുത്തിയശേഷമാകും അടുത്തഘട്ടം നടപ്പാക്കുക. തൊഴിലാളികൾക്ക് പണം നൽകാതെ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി.

ദക്ഷിണ കൊറിയൻ സർക്കാറുമായി ചേർന്ന് വിശദപഠനം നടത്തിയശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. രണ്ടുമാസം മുമ്പ് റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചു. ഇൻഷുറൻസ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ആശുപത്രികളിലും പോളിക്‌ളിനിക്കുകളിലുമാകും രജിസ്റ്റർ ചെയ്ത കമ്പനികളിലെ തൊഴിലാളികൾക്ക് ചികിത്സ ലഭ്യമാക്കുക. കമ്പനി ഗ്രൂപ് മെഡിക്കൽ പ്രീമിയം അടച്ചാൽ മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഇൻഷുറൻസ് കമ്പനിയുടെയും ആശുപത്രിയുടെയും ചുമതലയായിരിക്കും.