വാഷിങ്ടൺ: മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം ചെറുവിമാനത്തിൽ യാത്ര ചെയ്യവേ വിമാനം തകർന്നുവെങ്കിലും 16കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിനു ശേഷം ഒരു ദിവസം തനിയെ നടന്ന് രക്ഷാമാർഗത്തിലെത്തിയ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു.

വളർത്തു മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ബീച്ച് എ-35 എന്ന ചെറുവിമാനത്തിൽ സഞ്ചരിക്കവേയാണ് ഓട്ടം വച്ച് എന്ന പെൺകുട്ടി വിമാനാപകടത്തിൽ പെടുന്നത്. എന്നാൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി ഓട്ടം ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു.
മൊണ്ടാനയിലെ കാലിസ്‌പെല്ലിൽ നിന്ന് ശനിയാഴ്ച മൂവരും വാഷിങ്ടണിലെ ലിൻഡനിലേക്കാണ് യാത്ര പുറപ്പെട്ടത്. എന്നാൽ വാഷിങ്ടണിലെ നോർത്ത് കാസ്‌കേഡ്‌സ് നാഷണൽ പാർക്കിൽ വിമാനം തകർന്നു വീഴുകയായിരുന്നു.

വിമാനം ലിൻഡനിൽ എത്താതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ വ്യോമയാന അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അപകട സ്ഥലത്ത് ഒരു ദിവസം കഴിഞ്ഞ ശേഷം അടുത്തുള്ള പുഴയുടെ തീരത്തുള്ള ഒറ്റയടിപ്പാതയിലൂടെ നടന്ന് ഓട്ടം റോഡിലെത്തുകയായിരുന്നു. അതുവഴി വന്ന ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനാണ് പെൺകുട്ടിയെ മാസ്മ പട്ടണത്തിലുള്ള ആശുപത്രിയിലാക്കിയത്. ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബ്രൂവ്സ്റ്റർ നഗരത്തിലെ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റുകയായിരുന്നു. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓട്ടം പൂർണമായി സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

അതേസമയം അപകടത്തിൽ മുത്തശ്ശനും മുത്തശ്ശിക്കും എന്തുസംഭവിച്ചുവെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം പെൺകുട്ടി രക്ഷപ്പെട്ടത് അത്ഭുതമായേ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് സിവിൽ എയർ പട്രോൾ വിഭാഗത്തിലെ കേൺ ജെഫ്രി ലുസ്റ്റിക് വെളിപ്പെടുത്തി.