തൊടുപുഴ: ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങിയേക്കും. പിണറായി സർക്കാരിന്റെ ഒന്നാം വർഷികത്തോടനുബന്ധിച്ച് വിമാനം ഇറക്കാനാണ് പദ്ധതി. എൻസിസി കേഡറ്റുകൾക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തിൽ പണിയുന്ന എയർ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മന്ദഗതിയിലായിരുന്ന നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്.

എൻസിസിയുടെ എയർ വിങ് കേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുന്നതിനാണ് സത്രത്തിൽ എയർസ്ട്രിപ്പ് നിർമ്മിക്കുന്നത്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയിലാണ് നിർമ്മാണം തുടങ്ങിയത്. 650 മീറ്റർ റൺവേയുടെ പണികൾ ഇതിനോടകം പൂർത്തിയായി. വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാംഗറിന്റെ പണികൾ അവസാന ഘട്ടത്തിലാണ്.

25-ാം തീയതിയോടെ പെയിന്റിങ് ഉൾപ്പെടെ പൂർത്തിയാകും. അടിയന്തര സാഹചര്യത്തിൽ രാത്രിയിലും വിമാനമിറക്കാൻ റൺവേ ലൈറ്റിങ് ഉടൻ തുടങ്ങും. ഇതിനു ശേഷം റൺവേയുടെ ഇരു ഭാഗത്തെയും ടാറിങ് തുടങ്ങും.വൈറസ് എസ്ഡബ്ല്യു- 80 വിഭാഗത്തിലുള്ള രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന നാലു വിമാനങ്ങൾ ഇവിടേക്ക് എൻസിസി അനുവദിച്ചിട്ടുണ്ട്.

ആധുനിക രീതിയിലുള്ള പരിശീലന വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാൻ റൺവേയുടെ നീളം ആയിരം മീറ്ററാക്കണം. ഇതിനായി 11.5 ഏക്കർ സ്ഥലം കൂടി വിട്ടു കിട്ടണം. ഒപ്പം ഒരു ഭാഗത്തുള്ള മൺതിട്ടയും മാറ്റണം. ഇതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതു കൂടി പൂർത്തിയായാൽ അടിയന്തര സാഹചര്യങ്ങളിൽ വ്യോമസേന വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകും