- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെൺകുട്ടിയുടെ ചുറ്റുപാടും സ്വഭാവവും കൂടി അന്വേഷിക്കേണ്ടതാണ്; ആരോഗ്യ പ്രവർത്തകരെ പെൺകുട്ടി മനഃപൂർവം ഒഴിവാക്കിയത് തന്നെയാവും; ഒടുക്കം കുറ്റം മുഴുവൻ അവന്റെ തലയിലും.. നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള പീഡനം; അരിയാഹാരം കഴിക്കുന്നവർക്ക് അത് മനസിലാകും..ഫീലിങ് പരമപുച്ഛം': ആറന്മുളയിൽ 108 ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ പിച്ചിചീന്താൻ സോഷ്യൽ മീഡിയയിൽ ശ്രമങ്ങൾ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച 108 ആംബുലൻസ് ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ രൂക്ഷമാകുന്നു. പ്രതി നൗഫലുമായി ബന്ധം ഉള്ളവരും നൗഫലിനെ പിന്തുണയ്ക്കുന്നവരുമാണ് ആംബുലൻസ് പീഡനത്തെ വെള്ളപൂശാൻ ശ്രമിക്കുന്നത്. പെൺകുട്ടിയെയും മാതാപിതാക്കളെയും അടച്ചാക്ഷേപിക്കുന്ന കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്. പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ടു എതിർപ്പുകളും രൂപപ്പെട്ടു വരുന്നുണ്ട്. ബലാത്സംഗം തെളിയുകയും പ്രതി അറസ്റ്റിലാവുകയും അന്വേഷണത്തിനു അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്ത ശേഷമാണ് 108-ൽ നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത് എന്ന് സ്ഥാപിക്കാൻ ചില സ്ഥാപിത താത്പര്യക്കാർ ശ്രമിക്കുന്നത്.
കേരളത്തെ ഞെട്ടിക്കുകയും പീഡനത്തെ വൈകാരികമായി മലയാളികൾ തള്ളിക്കളയുകയും ചെയ്ത സന്ദർഭത്തിൽ തന്നെയാണ് പ്രകോപനപരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്. ജാതിയും മതവുമൊന്നും നോക്കാതെയാണ് ഏറ്റവും നികൃഷ്ടമായ ഈ സംഭവത്തെ കേരളം അപ്പാടെ അപലപിച്ചത്. എന്നാൽ കേരളത്തിലെ സാമൂഹ്യ ജീവിതത്തെ അപ്പാടെ ഗ്രസിക്കുന്ന വിപൽസന്ദേശങ്ങൾ അടങ്ങിയ കമന്റുകൾ ആണ് കേരളത്തെ നടുക്കിയ ഈ ക്രൂര ബലാത്സംഗവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പറന്നു പാറി നടക്കുന്നത്. ആസൂത്രിതമായാണ് നൗഫൽ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് പൊലീസ് പറയുന്നത്. ഇതേ രീതിയിലുള്ള ഒരു ആസൂത്രണം തന്നെയാണ് പ്രതിയായ നൗഫലിനെ പിന്തുണയ്ക്കുന്ന കാര്യത്തിലും സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. നൗഫലിനു പിന്തുണ പ്രഖ്യാപിച്ച് പ്രത്യക്ഷപ്പെടുന്ന കമന്റുകൾ തന്നെ അതിനു തെളിവാണ്.
ചില സാമ്പിളുകൾ ഇങ്ങനെ: ആറന്മുള നടന്നത് പീഡനമല്ല മറിച്ച് ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നുവെന്നത് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. സത്യം പുറത്ത് വരുന്നതിനു മുൻപ് ആ വ്യക്തിയേയും പ്രത്യേക മതവിഭാഗത്തെയും കരിവാരിതടക്കുന്നതിനു പിന്നിൽ ചില പ്രത്യേക വിഭാഗം ആളുകളുടെ സംഘടിത ബുദ്ധി ഉണ്ടെന്നു തീർച്ച... ഫീലിങ് പരമപുച്ഛം. മറ്റൊരു കമന്റ് ഇങ്ങനെ: പെന്കുട്ടികളെ രാത്രി മേയാൻ വിടുന്ന മാതാപിതാക്കൾക്ക് ഇത്തരം അനുഭവം പാഠമാകട്ടെ...ഇത് രോഗാവസ്ഥയിൽ ആയ പെൺകുട്ടി ആകും. അതുകൊണ്ടാകും ഒറ്റയ്ക്ക് പോകേണ്ടി വന്നത്. എങ്കിലും സഹോദരങ്ങൾ അവരെ പിന്തുടരണമായിരുന്നു. പാക്കിസ്ഥാനിലെ പെഷവാറിലെയും മറ്റും ഗ്രാമങ്ങളിലെ സ്ത്രീകൾ മുറ്റത്തേക്ക് പോലും ഇറങ്ങാറില്ല. ആശുപത്രിയിൽ പോകണമെങ്കിൽ ഭർത്താവിനെയോ സഹോദരനെയോ കൂട്ടി വിടും. അവിടെ പീഡനമില്ല. അനുസരണക്കേട് കാണിക്കുന്ന സ്ത്രീകൾക്ക് ഉചിതമായ ശിക്ഷയും അവിടെ കൊടുക്കാറുണ്ട്. ഇവിടെ ജനാധിപത്യവും പറഞ്ഞു ..... ഇരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. കേരളത്തിൽ ജനിച്ച് പാക്കിസ്ഥാൻ പക്ഷപാതിയായി ജീവിക്കുന്ന ഒരു യുവാവിന്റെ കമന്റ് ഇങ്ങനെ പോകുന്നു.
നൗഫലിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്ന ഒരാളുടെ കമന്റ് ഇങ്ങനെ: 108 ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചെന്നു വാർത്ത പരക്കുന്നു. കുറ്റാരോപിതനായ നൗഫൽ നൗഫി സഹപാഠിയും സുഹൃത്തുമാണ്. അവൻ ഒരിക്കലും ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. അതും കൊറോണ പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച രോഗിയെ പീഡിപ്പിക്കാൻ മാത്രം സൈക്കോ ആണ് അവൻ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എന്തായാലും സത്യം പുറത്ത് വരട്ടെ... മറ്റൊരു കമന്റ് ഇങ്ങനെ: നൗഫൽ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു കൃത്യം ചെയ്യുമെന്ന് കരുതുന്നില്ല. ആ പെൺകുട്ടിയുടെ ചുറ്റുപാടും സ്വഭാവവും കൂടി അന്വേഷിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരെ മനഃപൂർവം ഒഴിവാക്കിയത് ആ പെൺകുട്ടി തന്നെയാവും..ഒടുക്കം കുറ്റം മുഴുവൻ അവന്റെ തലയിലും.... ഇങ്ങനെയാണ് കമന്റുകളുടെ ഗതി നീങ്ങുന്നത്.
ഗുരുതരമായ പരുക്കുകളാണ് 108 ആംബുലൻസിൽ പീഡനത്തിൽ പെൺകുട്ടിക്ക് ഏറ്റിരിക്കുന്നത്. പിടിവലിക്കിടെ പെൺകുട്ടി മുട്ടിടിച്ച് വീണ പെൺകുട്ടിക്ക് ഇതിന്റെ വേദനയുണ്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. മാനസികവും ശാരീരികവുമായി അവശയായ പെൺകുട്ടി മൊഴി നൽകാൻ സാധിക്കുന്ന സ്ഥിതിയിലല്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പന്തളത്ത്ഇറക്കേണ്ട പെൺകുട്ടിയെ അവിടെ ഇറക്കാതെ കോഴഞ്ചേരിയിലേയ്ക്ക് കൊണ്ടുപോയി. പെൺകുട്ടിയെ അടുത്തുള്ള പന്തളം അർച്ചന ഫസ്റ്റ് ലൈൻ പരിശോധനാ കേന്ദ്രത്തിൽ ഇറക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അവിടെ ഇറക്കാതെയാണ് കോഴഞ്ചേരിക്ക് കൊണ്ടുപോയത്. തിരികെ മടങ്ങുമ്പോൾ ആംബുലൻസിന് വേഗം കുറവായിരുന്നു. യാത്രയിലുടനീളം യുവതിയോട് പ്രതി ലൈംഗിക ചുവയോടെ സംസാരിച്ചു. ഇതിനിടെ വിജനമായ സ്ഥലത്ത് വാഹനം നിർത്തി പിന്നിലെ വാതിലിലൂടെ ഉള്ളിൽക്കടന്ന പ്രതി ഡോർ കുറ്റിയിടുകയായിരുന്നു.
നൗഫൽ ആംബുലൻസിനു അകത്ത് കയറിയതോടെ പെൺകുട്ടി ഇതോടെ ഭയന്ന് നിലവിളിച്ചു. പിടിവലിക്കിടെയാണ് പെൺകുട്ടി മുട്ടിടിച്ച് വീണത്. തുടർന്നാണ് ക്രൂര പീഡനം നടന്നത്. കോവിഡിന്റെ ഭയവും അപമാനഭാരത്താൽ നീറിനീറിയിരിക്കേണ്ട അവസ്ഥയും പെൺകുട്ടിക്ക് വന്നു പെട്ടിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് മുറിവേറ്റ പെൺകുട്ടിയെ വീണ്ടും പിച്ചിച്ചീന്താൻ സോഷ്യൽ മീഡിയയിൽ ആസൂത്രിത ശ്രമം നടക്കുന്നത്. കേരള സർക്കാർ മാപ്പ് പറയേണ്ട പീഡനമാണ് 108 ആംബുലൻസിൽ നടന്നത്. ബലാത്സംഗങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ഉത്തരേന്ത്യൻ സ്റ്റേറ്റുകളിൽ പോലും ഈ രീതിയിലുള്ള ബാലാത്സംഗം നടന്നിട്ടില്ല.
അതുകൊണ്ട് തന്നെ സർക്കാർ ഭാഗത്ത് നിന്നും പിഴവുകൾ മറച്ച് പിടിക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേരള സർക്കാർ മാപ്പ് പറയേണ്ട പീഡനം നടന്നിട്ടും ആ പെൺകുട്ടിയോട് മാപ്പ് ചോദിച്ച സർക്കാരിന്റെ പ്രസ്താവന വരാതിരിക്കുന്നത്. ആംബുലൻസ് പീഡനം അത്യന്തം വേദനാജനകമാണ്. കർശന നടപടിയെടുക്കാൻ പൊലീസിനു നിർദ്ദേശം നൽകിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. പെൺകുട്ടിയോട് സർക്കാർ മാപ്പ് ചോദിക്കുന്നുവെന്ന് പറയാൻ ഒരു സ്ത്രീ ആയിട്ട് പോലും മന്ത്രി തയ്യാറായിട്ടില്ല. ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ പുറത്ത് വരും എന്നതുകൊണ്ട് മാത്രമാണ് മാപ്പ് പറയാൻ മന്ത്രി തയ്യാറാകാത്തത്. ഈ ഘട്ടത്തിലാണ് പിച്ചിച്ചീന്തപ്പെട്ട പെൺകുട്ടിയെ വീണ്ടും പിച്ചിച്ചീന്താൻ സോഷ്യൽ മീഡിയകളിൽ ആസൂത്രിത ശ്രമം നടക്കുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.