തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം നിലവിൽ വരുമ്പോൾ പരിശോധനയും കർശനമാക്കും. കടകളിലും മറ്റും ഇന്ന് മുതൽ വ്യാപക റെയ്ഡ് നടത്തും. ഇതു നടപ്പാക്കുന്നതു തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും ആണ്. നേരത്തെ പ്രാദേശിക അടിസ്ഥാനത്തിലായിരുന്നു നിരോധനം. എന്നാൽ ഇത് പുതിയൊരു തലത്തിലേക്ക് മാറുകയാണ്. ഒന്നിലേറെ ഏജൻസികൾ പരിശോധനയ്ക്ക് എത്തുകയും ചെയ്യും.

നിരോധനം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും. തുടക്കത്തിൽ പരിശോധനകൾ കർശനമാക്കുകയാണ്. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്താൽ സ്ഥാപനത്തിനു നോട്ടിസ് നൽകും. അടുത്ത ഘട്ടത്തിൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക കൺട്രോൾ റൂമുകളും സ്‌ക്വാഡുകളും ഉണ്ടാകും.

പ്ലാസ്റ്റിക് നിരോധനം കാലങ്ങളായി പല തരത്തിൽ സർക്കാരുകൾ കൊണ്ടു വന്നിട്ടുണ്ട്. അതുകൊണ്ടൊന്നും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. രാജ്യത്ത് പ്രതിദിനം ഉണ്ടാകുന്നത് 25940 ടൺ മാലിന്യം. ഇത് തടയാനാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപനങ്ങൾ ഇനി വേണ്ടെന്ന തീരുമാനം. കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡുകൾക്കാണ് നിരോധനം കൃത്യമായി നടപ്പാക്കാനുള്ള ചുമതല. ചട്ടലംഘകർക്ക് പിഴ ഉറപ്പ്. വ്യക്തികൾക്കും വീടുകൾക്കും പിഴ 500 രൂപ. സ്ഥാപനമായാൽ 5000 രൂപ. ഇതാണ് കണക്ക്.

കഴിഞ്ഞ സെപ്റ്റംബറിൽ 75 മൈക്രോണിന് താഴെയുള്ളതും ഡിസംബറിൽ 12ഛ മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് സഞ്ചികൾ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോഴും ലഭ്യതക്ക് കുറവില്ല. എല്ലാവരും പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണെങ്കിൽ അപ്പോൾ ചിന്തിക്കാമെന്ന് കച്ചവടക്കാർ പറയുന്നു. അതുകൊണ്ട് തന്നെ നേരത്തെ നിരോധനം ഏർപ്പെടുത്തിയപ്പോഴുണ്ടായ അവസ്ഥ ആവർത്തിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ടെനാണ് സർക്കാർ പറയുന്നത്.

നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകും. കേന്ദ്രസർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മെയ്‌ മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽവരും.

നിരോധിച്ചവ

* മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സിലെ സ്റ്റിക്ക്, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്.

* മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം.

* നോൺ വൂവൻ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക കാരിബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവയൊഴികെ).

* ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ.

* തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ.

* ഏകോപയോഗ പ്ലാസ്റ്റിക് നിർമ്മിത സ്പൂൺ, ഫോർക്, സ്ട്രോ, സ്റ്റീറർ.

* പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ.

* പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, പി.വി സി. ഫ്‌ളെക്‌സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ.

* കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ.

* 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ.

* പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.