മാനിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചാൽ ഇനി കീശ കാലിയാകും. വരുമാന വർദ്ധനവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് പ്ലാസ്റ്റിക് ബാഗുകൾക്ക് നികുതി ഏർപ്പെടുത്തണമെന്ന ആവസ്യം ഉയർന്നുകഴിഞ്ഞു. ഒരു വിഭാഗം വിദഗ്ദ്ധർ ഉന്നയിച്ച നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശത്തെ പിന്തുണച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി.

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് മുൻപുതന്നെ ഉയർന്ന ആവശ്യമായിരുന്നു. സ്‌കോട്‌ലൻഡും നെതർലൻഡും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ നിയന്ത്രണം നടപ്പിൽ വരുത്തുകയും ചെയ്തു. 2002ലാണ് അയർലൻഡിൽ നിയന്ത്രണം നിലവിൽ വന്നത്. നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ ഒരു ചെറിയ നിരക്ക് പ്ലാസ്റ്റിക് ബാഗുകൾക്കുമേൽ കടകൾ ചുമത്തുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയുകയും ചെയ്തിരുന്നു. ബാഗുകൾക്ക് നികുതി ഏർപ്പെടുത്തുന്നതിനെ മികച്ച ആശയമായാണ് പരിസ്ഥിതി വാദികൾ വ്യക്തമാക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് പ്ലാസ്റ്റിക് തടസമാകുന്നതിനാൽ ഈ വിഷയത്തിൽ അനുകൂല നിലപാട് തന്നെയാണ് സ്പാർ സൂപ്പർ മാർക്കറ്റ് വൃത്തങ്ങളും കൈക്കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ജീവനക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് എല്ലാവർക്കും ഗുണം ചെയ്യും. അതുകൊണ്ടുതന്നെ സർക്കാർ സ്വീകരിക്കുന്ന ഏതു തീരുമാനവും പാലിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കും ലോകത്തെ സർവ്വജീവജാലങ്ങൾക്കും ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് എൺവിയോണ്മെന്റൽ സൊസൈറ്റി ഓഫ് ഒമാനും വ്യക്തമാക്കുന്നത്.

സംസ്‌കരിക്കാൻ കഴിയുന്ന ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും വിദഗ്ദ്ധർ ഇതിനുള്ള അനുമതി നൽകിയിട്ടില്ല. എങ്കിലും ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെല്ലാം സൂപ്പർ മാർക്കറ്റുകൾ സ്വീകരിച്ചുവരികയാണ്. കടലാസ് ബാഗുകളും ചണ സഞ്ചികളും വിതരണം ചെയ്യുന്നുണ്ട്.