ജുബൈൽ: പ്രൊവിൻസിലെ പബ്ലിക് ബേക്കറികളിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ജുബൈൽ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ചൂട് ആഹാരപദാർഥങ്ങൾ എടുക്കുന്നതിന് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുമ്പോൾ അത് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇതിനെതിരേ കാമ്പയിൻ നടത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

ബേക്കറികളിൽ പ്ലാസ്റ്റിക് ബാഗുകൾക്കു പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. നിവാസികൾക്കെന്ന പോലെ തന്നെ പരിസ്ഥിതിക്കും സുരക്ഷിതമാണ് പേപ്പർ ബാഗുകൾ. ആരോഗ്യകരവും മാലിന്യവിമുക്തവുമായ പരിസ്ഥിതി ഉറപ്പാക്കുന്നതിന് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ ഈസ്റ്റേൺ പ്രൊവിൻ മേയർ ഫഹദ് അൽ ജുബൈർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് നിരോധനത്തിനൊപ്പം തന്നെ കാമ്പയിൻ കൂടി സംഘടിപ്പിക്കുന്നത് ജനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തെ മൂലമുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ബോധവത്ക്കരിക്കാനാണെന്നും മേയർ വ്യക്തിമാക്കി.

ചൂടുള്ള ബ്രെഡ്ഡുകളും മറ്റും പ്ലാസ്റ്റിക്കിൽ പൊതിയുമ്പോൾ അവ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ച് ചൂട് കാലാവസ്ഥയിൽ ഒട്ടേറെ ഭവിഷ്യത്തുകൾ ഇതുമൂലം ഉണ്ടാകും. മനുഷ്യ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ ഇത്തരത്തിൽ ആഹാരപദാർഥങ്ങളിൽ ലയിക്കുമെന്നും ഇതു തടയുകയാണ് പ്ലാസ്റ്റിക് നിരോധനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ജുബൈൽ മുനിസിപ്പാലിറ്റി അധികൃതർ ചൂണ്ടിക്കാട്ടി.