മുംബൈ: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. അടുത്ത വർഷം പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി ഉൾപ്പെടെ അഞ്ചു നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. ആർബിഐയുടെ 2013-14 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി, മൈസൂർ, ജയ്പൂർ, ഭുവനേശ്വർ, സിംല എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക. തുടർന്ന് ഇത് രാജ്യവ്യാപകമാക്കും. ചെറിയ തുകയുടെ പ്ലാസ്റ്റിക് കറൻസികളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. കറ പിടിക്കില്ലെന്നതും എളുപ്പത്തിൽ മുഷിഞ്ഞു പോകില്ലെന്നതുമാണ് പ്ലാസ്റ്റിക് നോട്ടുകളിലേക്ക് തിരിയാൻ ആർബിഐയെ പ്രേരിപ്പിക്കുന്നത്.

പോളിമർ കറൻസി നോട്ടുകൾ പല രാജ്യങ്ങളിലും നിലവിലുണ്ട്. കോട്ടൺ ഫൈബറിൽ തയ്യാറാക്കുന്ന പേപ്പർ നോട്ടുകളെക്കാൾ ചെലവേറിയതാണ് പോളിമർ കറൻസികൾ. വ്യാജ കറൻസികളെ പ്രതിരോധിക്കാനായി സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി കാര്യക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ദേശീയതലത്തിൽ ബിൽ പേയ്‌മെന്റ് സംവിധാനം രൂപീകരിക്കണമെന്നും ആർബിഐ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

സാമ്പത്തികരംഗത്തെ മുൻഗണനാ മേഖലകളിൽ മാറ്റം വന്ന സാഹചര്യത്തിൽ ബാങ്കിങ് രംഗത്തെ മുൻഗണനാ മേഖലകളെക്കുറിച്ച് റിസർവ്വ് ബാങ്ക് പുനഃപരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.