ലണ്ടൻ: റോഡുകളിലെ കുണ്ടും കുഴിയും കാരണം യാത്രകൾ വൈകുന്നത് ലോകത്തെങ്ങും സർവ സാധാരമാണ്. ഇന്ന് ലോകത്ത് റോഡുകളിൽ ഭൂരിഭാഗവും ടാറും കോൺക്രീറ്റും മറ്റും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയുടെ മെയിന്റനൻസിന് ചെലവേറെ വരുന്നതിലാൽ മിക്കയിടങ്ങളിലെയും അധികൃതർ റോഡുകൾ കാലാകാലങ്ങളിൽ നന്നാക്കാറുമില്ല. ഇതിനൊരു പരിഹാരവുമായാണ് ഡച്ച് കമ്പനി പ്ലാസ്റ്റിക്ക് കൊണ്ടുള്ള റോഡ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഇതു പ്രകാരം പ്ലാസ്റ്റിക്ക് കട്ടകളായിരിക്കും റോഡിൽ പാകുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ പോലുള്ള വസ്തുക്കൾ റീസൈക്കിൾ ചെയ്തിട്ടായിരിക്കും ഇതിനുള്ള പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കൾ സമാഹരിക്കുന്നതെന്ന മെച്ചവുമുണ്ട്.

ഇതിലൂടെ ലോകത്തെ കീഴടക്കുന്ന പ്ലാസ്റ്റിക് മാലിന്യമെന്ന വൻവിപത്തിനെ ഫലപ്രദമായി നേരിടാനുമാവും. ഇത്തരം റോഡുകൾ യാഥാർത്ഥ്യമായാൽ ഗട്ടറുകൾ പഴങ്കഥയാകും. പൈപ്പിടാൻ റോഡുകൾ മാന്തേണ്ടിയും വരില്ല. ലോകത്തെ കൊല്ലുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗയോഗ്യമാകുമെന്നതാണിതിന്റെ ഏറ്റവും വലിയ മെച്ചം. ഇത്തരം റോഡുകൾ പ്ലാസ്റ്റിക്ക് റിഫാബ് റോഡുകൾ എന്നാണ് അറിയപ്പെടുന്നത്. ഇവ സമീപഭാവിയിൽ ലോകത്തെ കീഴടക്കാനുള്ള സാധ്യതയേറുകയാണ്.

പ്ലാസ്റ്റിക് റീഫാബ് റോഡിൽ ഏതെങ്കിലും ഒരു ഭാഗത്ത് കേടുപാടുകളുണ്ടാവുകയാണെങ്കിൽ ആ ഭാഗം നീക്കം ചെയ്ത് പകരം പുതിയ പ്ലാസ്റ്റിക് ബ്രിക്ക്‌സ് പതിച്ചാൽ മതിയാകുമെന്ന മെച്ചമുണ്ട്.ഡച്ച് കമ്പനിയുടെ ഈ പ്രൊജക്ട് പ്ലാസ്റ്റിക് റോഡ് എന്നാണറിയപ്പെടുന്നത്.റോട്ടർഡാമിലായിരിക്കും ഈ റോഡുകൾ ആദ്യം നിലവിൽ വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനുള്ള ടൈലുകൾ ഫാക്ടറിയിൽ മുൻകൂട്ടി നിർമ്മിച്ച് കഴിഞ്ഞു.

തികഞ്ഞ പരിസ്ഥിതി സൗഹൃദം പുലർത്തുന്ന പദ്ധതിയാണിത്. ഉപയോഗ ശൂന്യമായ ബോട്ടിലുകൽ നിന്നാണിതിനുള്ള പ്ലാസ്റ്റിക് കണ്ടെത്തുന്നതെന്നതാണ് പ്രധാന മെച്ചം. എന്നാൽ നനവുണ്ടാകുമ്പോൾ ഈ പ്ലാസ്റ്റിക് പാതകളിൽ വഴുക്കലുണ്ടാകുമെന്ന ആശങ്ക കമ്പനി ഡയറക്ടർ പങ്ക് വയ്ക്കുന്നുമുണ്ട്. കൺസ്ട്രക്ഷൻ സ്ഥാപനമായ വോൾക്കർവെസൽസാണീ ഈ ആശയത്തിന് പുറകിൽ പ്രവർത്തിക്കുന്നത്. പരമ്പരാഗത റോഡ് നിർമ്മാണ വസ്തുക്കളേക്കാൾ കുറഞ്ഞ മെയിന്റനൻസ് ചെലവേ ഇതിന് വരുന്നുള്ളുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.40 ഡിഗ്രി സെൽഷ്യസിനും 80 ഡിഗ്രി സെൽഷ്യസിനുമിടയിലുള്ള താപനിലയിൽ ഈ റോഡിന് നിലകൊള്ളാനാവുമെന്ന പ്രത്യേകതയുമുണ്ട്. സാധാരണ റോഡുകൾ നിർമ്മിക്കാൻ മാസങ്ങൾ വേണ്ടി വരുമ്പോൾ ഈ റോഡ് നിർമ്മിക്കാൻ ആഴ്ചകൾ മതിയാകും.

ഇത്തരം റോഡുകളിലൂടെ കേബിളിടാനും പൈപ്പിടാനും റോഡുകൾ മാന്തിപ്പൊളിക്കേണ്ടി വരില്ല. പ്ലാസ്റ്റാക്കായതിനാൽ ഇതൊക്കെ താരതമ്യേന എളുപ്പം സാധിക്കുന്നതാണ്. ഈ ആശയം പ്രാരംഭ ദശയിലാണെങ്കിലും മൂന്ന് വർഷത്തിനുള്ളിൽ ഇത്തരം റോഡുകൾ യാഥാർത്ഥ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. റോട്ടർഡാം കൗൺസിൽ ഇത്തരം റോഡുകൾ നടപ്പിലാക്കാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നും കമ്പനി പറയുന്നു. ഈ റോഡുകളിൽ സ്ഥാപിക്കുന്ന സോളാർ പാനലിലൂടെ ഊർ ഉപയോഗവും സ്മാർട്ട് ഡിജിറ്റൽ െ്രെഡവിങ് സർഫേസും പ്രദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.