കൊച്ചി: കോവിഡ് പശ്ചാത്തലമാക്കി എറണാകുളം സ്വദേശി അനൂപ് രാധാകൃഷ്ണൻ വരച്ച കാർട്ടൂണിന് ലളിതകലാ അക്കാദമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹൈന്ദവീയം ഫൗണ്ടേഷനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദേശദ്രോഹപരമായ കാർട്ടൂണിന് അംഗീകാരം നൽകിയത് പിൻവലിക്കണമെന്നാണ് ആവശ്യം.

ജസ്റ്റിസ് എൻ.നഗരേഷിനു മുൻപാകെ എത്തിയ ഹർജി ഫയലിൽ സ്വീകരിച്ചു. പിന്നീട് പരിഗണിക്കുന്നതിനു മാറ്റിവച്ചു. സർക്കാരിനും, കാർട്ടൂൺ അക്കാദമിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഈ കാർട്ടൂണിന് അവാർഡ് നൽകിയതിനെതിരെ നേരത്തേതന്നെ പ്രതിഷേധം ഉയർന്നിരുന്നു. യുവമോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ റാലികളും നടത്തി.

കാർട്ടൂൺ അവാർഡുകളിൽ ഏറ്റവും അധികം വിവാദം ക്ഷണിച്ചുവരുത്തിയത്, ഓണറബിൾ മെൻഷൻ പുരസ്‌ക്കാരം ലഭിച്ച അനൂപ് രാധാകൃഷ്ണന്റെ 'കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ്.

ഇംഗ്ലണ്ട്, ചൈന, യുഎസ്എ എന്നീ രാജ്യങ്ങൾ അല്ലെങ്കിൽ, രാജ്യ പ്രതിനിധികൾ പരിഷ്‌കാരികളായി ഗമയിൽ പങ്കെടുക്കുമ്പോൾ, ഇന്ത്യൻ പ്രതിനിധി പുതപ്പ് പുതച്ച ഒരു പശുവാണ്. കോവിഡിന്റെ പേരിൽ രാജ്യത്ത് ഒരിവിഭാഗം ഉയർത്തി കാട്ടിയ ചില അന്ധവിശ്വാസങ്ങളെയോ, ചികിത്സാരീതികളെയോ പരിഹസിക്കുകയാണ് എന്ന് കാർട്ടൂണിസ്റ്റിന് അവകാശപ്പെടാം. എന്നാൽ, ബിജെപി ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിക്കഴിഞ്ഞു. സംഘപരിവാർ പശുവിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളാണ് കാർട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

അതേസമയം കാർട്ടൂണിന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത് പിതൃശൂന്യതയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.

കെ.സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മിതമായ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ് ലളിതകലാ അക്കാദമി കാണിച്ചിരിക്കുന്നത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരും.

രാജ്യത്തെ അപമാനിക്കാൻ സർക്കാർ വക അവാർഡ് എന്നാണ് ആരോപണം. പാക്കിസ്ഥാന്റെയും ചൈനയുടെയും ഡിഎൻഎ പേറുന്ന രാജ്യ ദ്രോഹികൾ എന്നാണ് ബിജെപി നേതാവ് എസ്.സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. 135 കോടി വരുന്ന ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മികച്ച കാർട്ടൂണിന് ഉള്ള പുരസ്‌കാരം കിട്ടിയത് ദിൻരാജിനാണ്. 'രാജാ ആൻഡ് മഹാരാജ' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിറ്റതിനെയാണ് കാർട്ടൂണിസ്റ്റ് പരിഹസിക്കുന്നത്. രാജയായി മോദിയാണ് കാർട്ടൂണിൽ പ്രത്യക്ഷപ്പെടുന്നത്. കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യയെ കരകയറ്റാൻ ടാറ്റയ്ക്ക് കൈമാറിയതിനെ പരിഹസിക്കുന്ന കാർട്ടൂണിന് എതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.

ഓണറബിൾ മെൻഷൻ പുരസ്‌ക്കാരത്തിന് അർഹനായ രതീഷ് രവി കൊച്ചി പെരുമാനൂർ സ്വദേശിയാണ്. 'മരട് ഫ്ളാറ്റ്' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

2019 ലെ കേരള ലളിത കലാ അക്കാദമി കാർട്ടൂൺ പുരസ്‌കാരവും വിവാദമായിരുന്നു. ഹാസ്യകൈരളി മാസികയിൽ ബിഷപ് ഫ്രാങ്കോയെ പരിഹസിച്ചു വരച്ച കാർട്ടൂണിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇതാണ് വിവാദത്തിന് അടിസ്ഥാനമായതും.

ക്രിസ്ത്യൻ മതവികാരത്തെ അവഹേളിക്കുന്ന കാർട്ടൂൺ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ സർക്കാർ പുരസ്‌കാരം മരവിപ്പിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കേന്ദ്ര കഥാപാത്രമായ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെ.സി.ബി.സി ഉൾപ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാൻ സർക്കാർ ലളിതകലാ അക്കാദമിക്ക് നിർദ്ദേശം നൽകിയത്.