- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി പ്രഖ്യാപിക്കാൻ വൈകി പോയ എറണാകുളം കളക്ടർക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി; ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കി; രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ; ബാലാവകാശ കമ്മീഷനിലും പരാതി; അവധി വൈകിയത് അന്വേഷിക്കുമെന്ന് റവന്യുമന്ത്രി
കൊച്ചി: കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ' എന്ന് ചോദിച്ച് എറണാകുളം ജില്ലാ കളക്ടർക്കെതിരെ സോഷ്യൽ മീഡിയിൽ രോഷം പുകയുന്നതിനിടെ, ഹൈക്കോടതിയിലും ഹർജി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിൽ ആണ് ഹർജി നൽകിയത്. അവധി പ്രഖ്യാപനത്തിനുള്ള മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്.
അതിനിടെ, എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. സാഹചര്യം നോക്കി സ്‌കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നു ചൂണ്ടിക്കാട്ടി എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മിഷനിലും പരാതി ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഭൂരിഭാഗം സ്‌കൂളുകളും പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. കളക്ടറുടെ ഫേസ്‌ബുക്ക് പേജിലൂടെയും രൂക്ഷവിമർശനങ്ങൾ ഉയർന്നു.
ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണെന്ന് രാവിലെ 8:30 നാണ് കളക്ടർ അറിയിച്ചത്. വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ജോലിക്കായി പുറപ്പെട്ടതിന് ശേഷം അവധി പ്രഖ്യാപിച്ചതാണ് വ്യാപക വിമർശനത്തിനിടയാക്കിയത്. നടപടി വിവാദമായതോടെ എറണാകുളം കളക്ടർ പുതുക്കിയ നിർദ്ദേശം ഇറക്കി. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടർ ഡോ. രേണു രാജ് വിശദീകരണ കുറിപ്പ് ഇറക്കി.
രേണുരാജിന് എതിരെ മാതാപിതാക്കളും ഫേസ്‌ബുക്കുൽ രോഷം ചൊരിഞ്ഞു. 'ഇൻഎഫിഷ്യന്റ് കലക്ടർ' എന്നു ചില മാതാപിതാക്കൾ. 'വെങ്കിട്ടരാമന്റെ ബ്രാൻഡാണെന്നു തോന്നുന്നു' എന്നു മറ്റു ചിലർ. കഷ്ടം. 'ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു സ്‌കൂളിൽ വിട്ടത്' എന്ന് ഏഞ്ചൽ റോസെന്ന യൂസർ. എന്തായാലും കമന്റ് ബോക്‌സ് നിറയെ എറണാകുളം ജില്ലാ കലക്ടർ ഡോ.രേണു രാജിനു പൊങ്കാലയാണ്.
ഇന്നലെ മുതൽ വിദ്യാർത്ഥികളും മാതാപിതാക്കളും കലക്ടറുടെ പേജിൽ കയറി അഭ്യർത്ഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് 8.25ന്. അപ്പോഴേക്കും കുട്ടികൾ സ്‌കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർത്ഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്ക സ്‌കൂളുകളും കളക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിരുന്നു.