- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര പതിറ്റാണ്ട് മുമ്പ് പൂട്ടിയ മലയിൽ ബാങ്കിലെ ഇടപാടുകാർക്ക് നിക്ഷേപതുക പൂർണമായും ലഭിച്ചിട്ടില്ലെന്ന് പരാതി; പലിശ സഹിതം നിക്ഷേപതുക തിരിച്ചുനൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ ബാങ്ക് ഉടമകൾ; വാർധക്യ കാലത്ത് നീതി തേടി നിക്ഷേപകരും
തിരുവനന്തപുരം: 1998 ൽ പൂട്ടിയ മലയിൽ ബാങ്കിലെ ഇടപാടുകാർക്ക് കോടതി നിർദ്ദേശപ്രകാരമുള്ള മുഴുവൻ പണവും ഇതുവരെ നൽകിയിട്ടില്ലെന്ന് പരാതി. മലയിൽ ബാങ്ക് ഡപ്പോസിറ്റേഴ്സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിക്ഷേപകരിൽ ആയിരത്തോളം പേർ 80 മുതൽ 90 വയസുവരെ പ്രായമുള്ള വയോധികരാണ്. വഞ്ചിക്കപ്പെട്ട പണം പൂർണമായും തിരിച്ചുകിട്ടാൻ ഇപ്പോളും കോടതിയും പൊലീസ് സ്റ്റേഷനും കയറി ഇറങ്ങുകയാണ് അവർ.
1985 ൽ സ്ഥാപിതമായ മലയിൽ ബാങ്ക് ആദ്യത്തെ പത്ത് വർഷം വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു, കേരളത്തിൽ 10 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന ഒരു സ്ഥാപനം നല്ല പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും പണം വാങ്ങുകയും ഉയർന്ന പലിശയ്ക്ക് പണം കടം കൊടുക്കുകയും ചെയ്തുവന്നു. എന്നാൽ 1998ലെ കണക്ക് കടബാധ്യതയിൽ അവസാനിക്കുകയും ഇൻകം ടാക്സ് വകുപ്പ് ഇടപെട്ട് ബാങ്ക് പൂട്ടിക്കുകയുമായിരുന്നു. നിക്ഷേപകരിൽ 1000ൽ പരം അംഗങ്ങൾ, 650 കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന 80-90 പ്രായപരിധിയിൽ പെട്ടവരാണ്.
ബാങ്ക് പൊളിഞ്ഞതോടെ നിക്ഷേപകർക്ക് ആശങ്കയായി. വീട് വയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മക്കളുടെ കല്യാണത്തിനുമൊക്കെ പണം നിക്ഷേപിച്ചിരുന്നവരായിരുന്നു അവരിലേറെയും. പെൻഷനായപ്പോൾ ലഭിച്ച ആനുകൂല്യങ്ങളും ജീവിതത്തിലെ മുഴുവൻ സമ്പാദ്യങ്ങളുമൊക്കെ അവർ ബാങ്കിൽ നിക്ഷേപിച്ചു. ബാങ്കിനൊപ്പം തകർന്നത് അവരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. തങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചുകിട്ടാൻ നിക്ഷേപകർ ചേർന്ന് ആ വർഷം തന്നെ മലയിൽ ബാങ്ക് ഡപ്പോസിറ്റേഴ്സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് അഡീഷണൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു.
എന്നാൽ ഏറെ താമസിയാതെ കോടതി പ്രതികളെ പാപ്പരായി പ്രഖ്യാപിച്ചു. തൽഫലമായി പ്രതികൾ വാദികളെ പ്രതികളാക്കി 500ൽ പരം പേർ ഉൾപ്പെട്ട മൂന്ന് അപ്പീലുകളും ഫയൽ ചെയ്തു. അതിനിടെ പ്രതികൾ സമഗ്രമായ ഒത്തുതീർപ്പ് വ്യവസ്ഥ അവതരിപ്പിച്ചു. മലയിൽകാർ നിക്ഷേപകരുടെ മുതലും പലിശയും മടക്കി കൊടുക്കാൻ തയ്യാറാണെന്നും അതിന്റെ ആവശ്യത്തിലേക്ക് മലയിൽക്കാർ സമ്പാദിച്ചിരുന്നതും ഞങ്ങൾ പിടിച്ചെടുത്തിരുന്നതുമായ ഏഴ് വസ്തുക്കൾ വിറ്റ് മൊത്തം കടം തീർക്കാമെന്നുമായിരുന്നു വ്യവസ്ഥ. ആ തീരുമാനം ജില്ലാ കോടതിയും നിക്ഷേപകരും അംഗീകരിച്ചു.
അതിനെ തുടർന്ന് 2008 ജൂലൈയിൽ ഫസ്റ്റ് ക്ലാസ് അഡീഷണൽ സബ് കോടതി മുൻ അപ്പീൽ തള്ളുകയും ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം നിക്ഷേപകർ ബാങ്കിൽ നിക്ഷേപിച്ച പണം വിതരണം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ ഈ ദുരവസ്ഥയിലും കേവലം മുതൽ മാത്രം സ്വീകരിച്ച് ഒഴിയണമെന്നും പലിശ നൽകാൻ കഴിയില്ലെന്നും വാദിച്ച് മലയിൽക്കാർ നിക്ഷേപകരെ വഞ്ചിച്ചെന്ന് മലയിൽ ബാങ്ക് ഡപ്പോസിറ്റേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു.
ഇതിനെതിരെ നിക്ഷേപകർ ഹൈക്കോടതിയിൽ പോകുകയും ഒത്തുതീർപ്പ് കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് തീരുമാനമുണ്ടാകണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. സബ് കോടതിയിലെ തീർപ്പ് അസ്ഥിരപ്പെടുത്തേണ്ടതാണെന്നും എത്രയും വേഗം നടപടി ഉണ്ടാകണമെന്നും നിർദ്ദേശിച്ച് 2018 ൽ ഹൈക്കോടതി ഓർഡർ ഫസ്റ്റ് ക്ലാസ് അഡീഷണൽ കോടതിയിലേക്ക് അയച്ചു.
ഇതുപ്രകാരം മലയിൽ ബാങ്ക് ഉടമസ്ഥർ ഒത്തുതീർപ്പ് കരാർ മനോരമ പത്രത്തിൽ പരസ്യം ചെയ്തു. നിക്ഷേപകരുടെ മൊത്തം ബാധ്യതകളും മലയിൽ ബാങ്ക് ഉടമസ്ഥർ തീർത്തു കൊടുക്കാമെന്നായിരുന്നു പരസ്യം. എന്നാൽ പരസ്യം നൽകിയ ശേഷം അവർ നിക്ഷേപകരെ വഞ്ചിച്ച് അവരുടെ ഏഴ് വസ്തുക്കൾ ഒഴിച്ച് ബാക്കി മുഴുവൻ വസ്തുക്കളും വിറ്റൊഴിച്ചതായി അസോസിയേഷൻ പരാതിപ്പെടുന്നു. ഇത് കോടതിയുടെ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്നും അവർ പറയുന്നു.
പണം തന്നുതീർക്കാൻ ബാങ്ക് മാനേജ്മെന്റ് തയ്യാറാകാത്തതിനാൽ 2016 ൽ അസോസിയേഷൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി അയച്ചു. ഒത്തുതീർപ്പ് കരാർ ആധാരമാക്കി സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. അതുപ്രകാരം നാല് വർഷം കഴിഞ്ഞ് 2020 ൽ ഒരു വിധിയുണ്ടായി. ഒത്തുതീർപ്പ് കരാർ പ്രകാരം പലിശ സഹിതം നിക്ഷേപങ്ങൾ കൊടുത്തുതീർക്കണമെന്നായിരുന്നു കോടതി വിധി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ആ കോടതി വിധി നടപ്പിലായിട്ടില്ല. കേസിൽ ഇടപെടണമെന്നും പണം തരുന്നതിന് കാലാവധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചിരിക്കുകയാണ് അസോസിയേഷൻ.
കാൽ നൂറ്റാണ്ടോളം കാലമായി നീളുന്ന ഈ നിയമപോരാട്ടത്തിനിടയിൽ നീതി ലഭിക്കാതെ വീണുപോയവർ ഏറെയാണ്. ജീവിതസമ്പാദ്യമാകെ വലിയ സ്വപ്നങ്ങൾ കണ്ട് ബാങ്കിൽ നിക്ഷേപിച്ചിട്ട് മരണം വരെയും അത് തിരിച്ചുകിട്ടാതെ, കണ്ട സ്വപ്നങ്ങളൊക്കെ കയ്യെത്തുംദൂരെ നഷ്ടമായ ഹതഭാഗ്യർ. അവരുടെ അവസ്ഥയാകുമോ തങ്ങൾക്കും എന്ന ആശങ്കയിലാണ് മറ്റുള്ള നിക്ഷേപകരും. മികച്ച പലിശനിരക്കിൽ ആകർഷകരായി മറ്റ് ബാങ്കുകളിലെ നിക്ഷേപങ്ങളും പിൻവലിച്ച് മലയിൽ ബാങ്കിൽ നിക്ഷേപിച്ചവരും കുറവല്ല. കാൽ നൂറ്റാണ്ട് മുമ്പ് നൽകിയ പണത്തിന് തുല്യമായ പണമാണ് അവർ ആവശ്യപ്പെടുന്നത്. എല്ലാം നഷ്ടമായ ഈ വൃദ്ധ നിക്ഷേപകർക്ക് അവരുടെ അവശനാളുകളിൽ ആശ്വാസമാകുന്ന തീരുമാനം മാത്രമല്ല, നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവർക്ക് ലഭിക്കേണ്ട നീതി കൂടിയാണ് അത്.
മറുനാടന് മലയാളി ബ്യൂറോ