കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, കോടതിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഹർജി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ധനിലാണ് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ ഇപ്പോൾ നടക്കുന്നത് നാടകം മാത്രമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ കോടതി ആദ്യമെ വിധി എഴുതി വെച്ചു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ബാക്കി എല്ലാം അവിടെ കഴിഞ്ഞുവെന്നും,' എന്നായിരുന്നു ഭാഗ്യലക്ഷമിയുടെ പരാമർശം. തൃശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ഇന്നലെ സാംസ്‌കാരിക കേരളം അതിജീവിതയ്‌ക്കൊപ്പം എന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു ഭാഗ്യലക്ഷമിയുടെ പരാമർശം.

പണമുള്ളവർക്കു മാത്രമേ കോടതികളിൽ പോകാൻ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാൻ സാധിക്കുകയുള്ളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാൻ സാധിക്കുകയുള്ളൂ. പാവപ്പെട്ടവർ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികൾ. അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റു പല നാടകങ്ങളാണ്.'ഭാഗ്യലക്ഷ്മി പറഞ്ഞു.

'നടിക്ക് നീതി വൈകുന്നതിന് പ്രധാന കാരണം അതിജീവിതക്ക് കോടികൾ ഇല്ലാ എന്നതാണ്. കോടികൾ ഉള്ളവർക്ക് മാത്രമെ കോടതികളിൽ നിന്ന് നീതി ലഭിക്കുകയുള്ളൂ എന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇത് അംഗീകരിക്കാൻ പറ്റില്ല. സാധാരണക്കാരായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന ലക്ഷ്യത്തോട് കൂടിയാണ് അതിജീവിതക്ക് വേണ്ടി പോരാടാൻ ഇറങ്ങിയത്' എന്നും ഭാഗ്യലക്ഷമി പറഞ്ഞിരുന്നു.