കാവാലം... കേട്ടാൽ പെട്ടെന്നോർക്കുക, പാട്ടിന്റെ നാടൻ താളവും നാടകത്തിന്റെ അനുപമ ലോകങ്ങളും സമ്മാനിച്ച ഒരേയൊരാളെയാണ്. കാവാലം നാരായണപ്പണിക്കർ. മലയാളിയുടെ മനസ് തൊട്ടറിഞ്ഞ അതേ കാവാലം. 86 വയസു പിന്നീട്ട കാവാലം നാടിനെയോർത്തും നാടിന്റെ ഹൃദയമായ പ്രകൃതിയെ ഓർത്തും വിഷമിക്കുകയാണ്. കാലത്തിന്റെ വേഗമാർന്ന ഓട്ടത്തിനൊപ്പം കടന്നുപോന്നപ്പോൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് അദ്ദേംഹ ആഹ്വാനം ചെയ്യുന്നു... മണലൂറ്റും മാലിന്യ നിക്ഷേപവും കീടനാശിനി പ്രയോഗവും ശ്വാസം മുട്ടിച്ച് കൊന്ന നദികൾക്ക് പുനർജ്ജന്മം നൽകാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കാവാലത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതിരിക്കാൻ ആർക്ക് കഴിയും. കരമനയാറിന്റെയും പമ്പയുടേയും കഥ പറഞ്ഞുകൊണ്ട് പ്രകൃതി സംരക്ഷണത്തെക്കുറിച്ചും 44 നദികൾ നേരിടുന്ന ദുരവസ്ഥയെക്കുറിച്ചും അദ്ദേഹം മറുനാടനോട്

അതിരു കാക്കും മലയൊന്ന് തുടുത്തേ...
തുടുത്തേ....തകതകതാ....
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ
ഈറ്റില്ലത്തറയിലെ പേറ്റുനോവിൽ....
ഈറ്റുറവ ഉരുകിയൊലിച്ചേ......
തകതകതാ......
കാട്ടരുവി പെണ്ണേ നീ എങ്ങോട്ട്....
നാട്ടിലൂടെ പോയപാടെ കിട്ടയതെന്തെടിയേ..
കല്ലുവച്ച നുണകളും തീയിലിട്ടാൽ കരിയാത്ത
മഴയത്തും ചീയാത്ത മഞ്ഞത്തും പിനിക്കാത്ത
കുന്നുകുന്നായ് കഥകളല്ലേ തകതകതാ...
ഒടുക്കം നീ ഒഴുക്കത്ത് കടൽപ്പടിയോളമെത്തി
ഓളത്തിലൊടുങ്ങാത്ത സ്വപ്നമായ് മാറിയേ....

പുഴയെനിക്ക് ഓർമ്മയാണ്...
ഓർമ്മയുടെ ഒഴുക്ക്..
തിരയടിക്കുമ്പോൾ താളുകൾ മറിക്കുന്ന പോലെ
ഓർമ്മകൾ പ്രതിഫലിക്കും
പുഴക്കരയിലിരിക്കുമ്പോൾ ഞാനോർക്കും..
ഞാൻ പോലും മറന്നുപോയ ചാല നാടൻ
പാട്ടുകളുടെ വരികൾ അവളോട് ചോദിച്ചാലോ എന്ന്. പുഴയിലേക്ക് നോക്കിയിരുന്ന് പാടിയിരുന്ന പാട്ടുകൾ എനിക്ക് വംശീയസ്മൃതിയുണർത്തുന്നവയാണ്.

കാവാലത്തെ ഗംഗ പമ്പയാണ്. ഊക്കോടെ ഒഴുകുന്ന പമ്പ കാവാലത്തെത്തുമ്പോൾ ശാന്തയാകും. ആറ്റരുകിൽ പണ്ട് വീടുകൾ ഉണ്ടായിരുന്നില്ല. കള്ളന്മാരേയും വെള്ളപ്പൊക്കത്തേയും മുതലയേയും ഭയമായിരുന്നു ആളുകൾക്ക്.

മുതലപ്പാതി എന്നൊരു വീടുണ്ട് ഞങ്ങളുടെ നാട്ടിൽ. മുതല ചവച്ച് ഒരാളെ ബാക്കിയിട്ടതിനാലാണ് ഈ പേര് വന്നതെന്നാണ് കേട്ടുകേൾവി. യന്ത്രം ഘടിപ്പിച്ച ബോട്ടുകൾ പുഴയിലൂടെ സവാരി തുടങ്ങിയപ്പോൾ മുതലകൾ കായലുവഴി സമുദ്രത്തിലേക്ക് പോയി. കാവാലം പുഴയിൽ മുതലകൾ ഇല്ലാതായി. അതിനുശേഷം പല പുതുപ്പണക്കാരും ആറ്റരുകിൽ വീടുവച്ചു. എനിക്കും പുഴയോരത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാനവിടെ ഒരു വീട് വച്ചു. പുഴയെനിക്ക് ഉന്മാദമാണ്. അന്നും എപ്പോഴും പുഴയിലിറങ്ങി നീന്തിക്കുളിക്കാൻ കൊതിയാണ്.

ഞങ്ങളുടെ ദേശപരദേവത പള്ളിയറക്കാവിലമ്മയാണ്. ദേവിയുടെ വാഹനം മുതലയാണ്. രാവിലെ പള്ളിയറക്കാവിലമ്മ മുതലപ്പുറത്തേറി പുഴയിലൂടെ സവാരി നടത്തുമത്രേ. വെയിൽ ചൂടാകുമ്പോൾ തിരികെ വരും. എന്നിട്ട് മുതല അമ്പലത്തിനരികിലെ ആറ്റരികിലെ മണൽത്തിട്ടയിൽ വെയിലുകാഞ്ഞ് കിടക്കും. അമ്പലത്തിൽ മുതലയെ പൂട്ടിയിട്ടിരുന്നെന്ന് കരുതുന്ന ഒരു തുടൽ ഇപ്പോഴുമുണ്ട്.

എന്ത് രസമുള്ള മിത്താണിത്. ഇന്ന് മുതലയും പോയി. വിശ്വാസവും പോയി. പള്ളിയറക്കാവിലമ്മ ഇപ്പോൾ സവാരി നടത്താറുണ്ടോ എന്തോ?

ഭയപ്പെടുത്തുന്ന വെള്ളപ്പൊക്കങ്ങൾ കേട്ടുകേൾവി മാത്രമായിരുന്നു. മൂലം തിരുന്നാൾ നാടുനീങ്ങിയ കാലത്ത് 1099-ൽ ഉണ്ടായ വെള്ളപ്പൊക്കമാണ് പറഞ്ഞ് കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീരമായ വെള്ളപ്പൊക്കം. തകഴി ശിവശങ്കരപ്പിള്ളയുടെ കഥയിൽ അതിന്റെ ഭീകരതയും സൗന്ദര്യവും ചിത്രീകരിച്ചിട്ടുണ്ട്.

കൊല്ലം തോറും പുഴയിൽ വെള്ളം പൊങ്ങും. കുട്ടികളായ ഞങ്ങൾക്ക് ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും തീരത്തളങ്ങളായിരുന്നു. വീടിനകത്ത് വെള്ളം കയറുമ്പോൾ വലിയ ചെമ്പുവാർപ്പിൽ കയറിയിരുന്ന് ഒഴുകി നടക്കും. കടലാസ് തോണിയുണ്ടാക്കി രസിക്കും. അന്നന്ന് അദ്ധ്വാനിച്ച് ജീവിക്കുന്നവരുടെ അന്നം മുട്ടും. എന്നാൽ കുട്ടികൾ അത് തിരിച്ചറിഞ്ഞിരുന്നില്ല.

ഒരുപ്പൂക്കൃഷിയായിരുന്നു ആദ്യ കാലങ്ങളിൽ കുട്ടനാടിൽ. പിന്നീട് ജനസംഖ്യാ വർദ്ധനയുണ്ടായപ്പോൾ ഇരുപ്പൂ കൃഷി തുടങ്ങി. ഒറ്റകൃഷിയായിരുന്നപ്പോൾ ചാണകവും ചാരവും ആയിരുന്നു വളമായിട്ട് ഇട്ടിരുന്നത്. കറുത്ത പശിമയുള്ള ചെളിമണ്ണായിരുന്നു കാവാലത്ത്. ഒരു പൂക്കൃഷിക്കു മുമ്പ് ഒരു വർഷം കൃഷി ചെയ്താൽ അടുത്ത വർഷം അത് പാഴ്‌നിലമിടുമായിരുന്നു. രണ്ട് വർഷത്തിലൊരിക്കൽ മാത്രം കൃഷി.

കൊയ്ത്ത് പാട്ടും ഗ്രാമീണരുടെ ലഹരിയും ഊർജ്ജവുമായിരുന്നു പാടത്ത് നിന്നും പെണ്ണുങ്ങൾ നീട്ടിപ്പാടുന്ന കൊയ്ത്തുപാട്ടുകൾ ഓരോ വീട്ടിലും എത്തിയിരുന്നു. ഓരോരുത്തരും അതേറ്റുപാടി. യന്ത്രങ്ങൾ വന്നതോടെ എല്ലാം മാറി. ജീവിതക്രമം മാറി. അധ്വാനശീലം കുറഞ്ഞു. കാറ്റിലൂടെ ഒഴുകിയെത്തിയിരുന്ന കൊയ്ത്ത് പാട്ടുകൾപാടാൻ ആളില്ലാതായി. പാട്ടിന് പകരം യന്ത്രങ്ങളുടെ ശബ്ദം നാടിനെ കീഴടക്കി.
ന'ന'
പിന്നീട് പാട്ടുകൾ നഷ്ടപ്പെട്ടു. ഒടുവിലത് കലയിൽ മാത്രമായി ചുരുങ്ങി. സ്ത്രീകളുടെ ലജ്ജ കാണണമെങ്കിൽ കൂടിയാട്ടം കാണണം എന്ന സ്ഥിതി വന്നപോലെ നാടൻ പാട്ടുകൾ കേൾക്കണമെങ്കിൽ നാടകം കാണണം എന്ന കാലം വന്നു.

ഇരുപ്പൂകൃഷി തുടങ്ങിയതോടെ ഉൽപാദനത്തിന്റെ കൂടുതൽ സാധ്യതകൾ ആളുകൾ തിരഞ്ഞ് തുടങ്ങി. ജൈവവളത്തിന് പകരം രാസവള പ്രയോഗം തുടങ്ങി. മണ്ണ് ക്ഷീണിച്ചു കൊണ്ടേയിരുന്നു. അതിനുസരിച്ച് വളം വ്യവസായം ശക്തി പ്രാപിച്ചു. ഇലക്ട്രിസിറ്റിയുടെ കടന്ന് വരവോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി. താളത്തിൽ പാട്ടുപാടി, ചന്തത്തിൽ ചക്രം ചവിട്ടി വെള്ളം തേവുന്നത് കാണാനില്ലാതായി.

കീടനാശിനി പ്രയോഗവും രാസവള പ്രയോഗവും നാടിയേയും പുഴയേയും വിഷമയമാക്കി. കുടിക്കാൻ കഴിയാത്ത പോലെ മലിനമാക്കി. ഇനി ജൈവകൃഷിയിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമാണോ? കുത്തരിക്കഞ്ഞി കുടിക്കാൻ ഇനി കഴിയുമോ? സാഹസികരായ ചിലരെങ്കിലും ജൈവകൃഷി ചെയ്യുന്നത് കാണുമ്പോൾ അപാര സന്തോഷം തോന്നാറുണ്ട്.

അശാസ്ത്രീയമായ പരിഷ്‌കരണങ്ങൾ വീണ്ടുമെന്റെ നാടിനെ ഞെരുക്കിക്കൊന്നുകൊണ്ടിരുന്നു. ചെളിയുള്ള പശിമയുള്ള കറുത്ത മണ്ണിന്റെ മാറിനെപ്പിളർന്നുകൊണ്ട് റോഡുകൾ വന്നു. അതിനുവേണ്ടി തോടുകൾ നികത്തി. പുഴയിൽ ഞരമ്പുകളായിരുന്ന കൈത്തോടുകളിൽ നിന്നും പമ്പയിലേക്കുള്ള നീരൊഴുക്ക് നിലച്ചു. വെള്ളക്കെട്ടിൽ കൊതുകുകൾ പെറ്റുപെരുകി. സർവ്വത്ര പകർച്ചാവ്യാധികൾ തിണകളെ കീറിമുറിച്ചു കൊണ്ട് ചെങ്കല്ല് റോഡുകൾ വന്നു.

നാടിന്റെ തനിമയും നിറവും സ്വഭാവവും മാറി. കുഴിഞ്ഞ തിണകളിലെ ചെമ്മണ്ണ് ലോറികളിൽ വന്നു തുടങ്ങി. കൂടെ പാമ്പിൻ മുട്ടകളും. പശിമയുള്ള മണ്ണിന്റെ തനത് സ്വഭാവം മാറി. കാലാനുസൃതമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെങ്കിലും കുട്ടനാടിനെ മനസ്സിലാക്കാതെയുള്ള ഇത്തരം അശാസ്ത്രീയ വികസ മാതൃകനാടിനെ നശിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടേയും തണ്ണീർമുക്കം ബണ്ടിന്റെയും ഇടയിലാണ് കുട്ടനാട്. അതിന്റെ ചില സാങ്കേതിക പാകപ്പിഴകളും നാടിനെ വീണ്ടും ഉലച്ചു.

ഇപ്പോൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിഷ്‌കാരങ്ങൾ വരാൻ പോകുന്നു. ചിലപ്പോൾ ഇതുവരെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ കുട്ടനാടൻ പാക്കേജിന് കഴിഞ്ഞേക്കും.

എന്റെ രണ്ട് കൃഷി നഷ്ടം വന്നു. 1971ലും 1972ലും. അന്ന് ഒരു കൃഷി പോയാൽ ഒരു ലക്ഷം രൂപ നഷ്ടം വരും. രണ്ട് വർഷം നഷ്ടം നേരിട്ടപ്പോൾ രണ്ട് ലക്ഷം രൂപ പോയി. ഞാനുടനെ എല്ലാം വിറ്റുപറക്കി തിരുവനന്തപുരത്തേക്ക് പോന്നു. വയലാർ രാമവർമ്മ അങ്ങോട്ടു കൊണ്ടുപോകുമ്പോൾ ഞാൻ ഇങ്ങോട്ട് വന്നു. കായംകുളത്ത് വച്ച് ഞാൻ അന്തിമോപചാരം അർപ്പിച്ചു. തൃക്കണ്ണാപുരത്ത് ഈ വീട് വാങ്ങിക്കാനുള്ള പ്രധാന കാരണം കരമനയാറാണ്.

ഏഴ് സെന്റ് സ്ഥലവും ആരോ പണിത ഒരു വീടുമാണിത്. വീടു കാണാൻ വന്നപ്പോൾ ഞാൻ പുഴ കണ്ടതോടെ വീട് നോക്കിയില്ല. പുഴ പോയി നോക്കി. എന്നിട്ട് ഈ വീട് മതി എന്നു തീരുമാനിച്ചു. പുഴയെന്ന ഉന്മാദം എന്നെ പിന്തുടരുകയായിരുന്നു.

പുഴ കാണുമ്പോഴും പുഴയിലിറങ്ങുമ്പോഴും എനിക്ക് കിട്ടുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നെ ഞെട്ടിവിറപ്പിച്ചുകൊണ്ട്# എല്ലാ നിയമങ്ങളേയും ധിക്കരിച്ചുകൊണ്ട് രാവിന്റെ മറവിൽ പുഴയിൽ നിന്നും മണലൂറ്റ് ആരംഭിച്ചു. ബ്രാഹ്മമുഹൂർത്തത്തിൽ മണൽ ലോറികൾ എന്റെ നെഞ്ചിലൂടെ അലറിപ്പാഞ്ഞു. പുഴയിൽ അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടുകൊണ്ടിരുന്നു. കരമനയാർ മരിക്കാൻ തുടങ്ങി.

കാവാലത്ത് പുഴ ഗതിതിരിച്ച് വിട്ട് കൃഷിനിലമാക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പുഴ മൂടീട്ട് കൃഷിക്ക് ഉപയോഗിക്കും. ആറ്റ്മുട്ട് കായൽ എന്നാണ് ആ കായലിന്റെ പേര് ഇപ്പോഴും. പക്ഷേ, മണൽ വാരുന്നത് ഞാൻ കണ്ടിട്ടില്ല.

മണൽവാരലിന്റെ ഭീകരത ഞാൻ നേരിട്ട് കണ്ടു. നിസ്സഹായനായി അമർത്തിയ നിലവിളിയോടെ ഞാൻ അത് കണ്ടുനിൽക്കേണ്ട ഗതികേടിലെത്തി. നിശബ്ദമായ യാമങ്ങളിൽ പുഴ ജീവന് വേണ്ടി കരയുന്നതും ശ്വാസവായു കിട്ടാതെ പിടയുന്നതും ഞാൻ കേട്ടു. എന്റെ ഉറക്കം നഷ്ടപ്പെട്ടു. സ്വസ്ഥത നഷ്ടപ്പെട്ടു. മനസമാധാനം നഷ്ടപ്പെട്ടു.

ഒടുവിൽ ഞാൻ പല സ്ഥലങ്ങളിലും പരാതിപ്പെട്ടു. യാതൊരു നടപടിയും എവിടെ നിന്നും ഉണ്ടായില്ല. കാട്ടുകള്ളന്മാർ ഇരുളിന്റെ മറവിൽ കരമനയാറിനെ കൊള്ളയടിച്ചുകൊണ്ടിരുന്നു.

എനിക്കെന്ത് ചെയ്യാൻ കഴിയും. ഇന്ന് കരമനയാർ തീരമില്ലാതെ ഇടിഞ്ഞ് താണു. മലിനജലം കാരണം പുഴയിലിറങ്ങാൻ കഴിയില്ല. പുഴയിലിറങ്ങാൻ കൊതിതോന്നുമ്പോൾ ഞാൻ തൃക്കണ്ണാപുരം ശിവക്ഷേത്രത്തോട് ചേർന്ന് കടവിലിറങ്ങും. അവിടെ മാത്രമേ ഇപ്പോൾ ഇറങ്ങാൻ സാധിക്കൂ.

ഇത് കരമനയാറിന്റെ കഥയല്ല. കാവാലത്തിന്റെ കഥയല്ല. കേരളത്തിലെ 44 നദികളുടെയും കഥയാണ്. അന്ത്യശ്വാസം വലിക്കുന്ന കേരളത്തിലെ 44 നദികളുടെ പ്രതിനിധിയാണ് കരമനയാർ. മണലൂറ്റും കീടനാശിനി മലിനജലപ്രയോഗവും മാലിന്യനിക്ഷേപവും നമ്മുടെ ആറുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഭൂപ്രകൃതിയെ ദ്രോഹിക്കരുതെന്ന് ആരാണ് ഈ രാക്ഷസന്മാരോട് പറയുക? ആരുടേതാണ് ഈ കേരളം, തുറന്ന കടലോരം, എവിടെയും ആർക്കും കടന്നു ചെല്ലാം. എന്തും ചെയ്യാം. പണമുണ്ടോ കയ്യിൽ? പ്രശസ്തിയുണ്ടോ കയ്യിൽ? എങ്കിൽ നിങ്ങളെ ഏത് രാക്ഷസീയമായ പ്രവർത്തികളിൽ നിന്നും തടയാൻ ആരും വരില്ല. പുഴകളെ ദൈവീകസ്വത്തായി കാണുന്നതിന് പകരം സ്വകാര്യ സ്വത്തായിട്ടാണ് ജനം കാണുന്നത്. ഓരോ പുഴയും കടലും തീരത്ത് താമസിക്കുന്നവർ വേലികെട്ടിയെടുത്ത് സ്വകാര്യ സ്വത്താക്കി ഉപയോഗിക്കുന്നു.

പഞ്ചഭൂതങ്ങളെ വായു, വെള്ളം, ആകാശം, ഭൂമി, സൂര്യൻ-ആക്രമിക്കുന്ന ഈ രീതി തടയണം. വരും തലമുറയ്ക്ക് വേണ്ടി നാം കരുതി വയ്‌ക്കേണ്ട അമൂല്യവിഭവങ്ങളാണ് ഇവയെല്ലാം. സംരക്ഷണം അതുകൊണ്ടുതന്നെ അതിപ്രധാനമാണ്.

കേരളീയൻ മനസ്സ് വച്ചാൽ പ്രകൃതിയെ സംരക്ഷിക്കാനാകും. കേരളീയർ പ്രതികരണ ശേഷി തീരെ നഷ്ടപ്പെട്ട ജനതയായി മാറുകയാണോ? ശരിയല്ല അത്.

എല്ലാവരും ഒന്ന് ഉണർന്ന് എണീക്കണം. ഇച്ഛാശക്തിയുള്ള ഭരണനേതാക്കളിൽ ഒരാൾ ആകാൻ നമുക്ക് കഴിഞ്ഞാൽ നമ്മുടെ നദികളെ സംരക്ഷിക്കാനാകും. മാദ്ധ്യമങ്ങളിലും നീതിന്യായ വ്യവസ്ഥകളിലും ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്. അനാവശ്യമായി ഒരിലപോലും വെട്ടിയെടുക്കില്ല എന്നും പ്രകൃതിയേയും നദികളേയും നാമോരോരുത്തരും സംരക്ഷിക്കുമെന്നും നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം.