- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ സന്ദർശനത്തിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ചു; പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമായി ബന്ധമുള്ള രണ്ടുപ്രതികൾ പിടിയിലായതായി ബിഹാർ പൊലീസ്; തീവ്രവാദ ശൃംഖല ലക്ഷ്യമിട്ടത് 2047 നുള്ളിൽ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാൻ
പട്‌ന: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള തീവ്രവാദ ശൃംഖലയിലെ രണ്ടുസുപ്രധാന കണ്ണികളെ വലയിലാക്കിയതായി ബിഹാർ പൊലീസ്. ജൂലൈ 12ന് ബിഹാറിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതിയാണ് പൊളിച്ചത്. പട്‌ന കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 2047നുള്ളിൽ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് വെളിപ്പെടുത്തി. അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മോദി എത്തുന്നതിനു രണ്ടാഴ്ച മുൻപാണ് ഇവരെ പിടികൂടിയത്. മോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനായി ഈ ഭീകരസംഘം ജൂലൈ 6, 7 തീയതികളിൽ പ്രത്യേകം യോഗം ചേർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
എട്ട് പേജുള്ള ഇന്ത്യ വിഷൻ 2047 എന്ന രേഖയും അറസ്റ്റിലായവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഭീരുക്കളായ ഭൂരിപക്ഷ സമുദായങ്ങളെ കീഴടക്കുന്നതും, പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിനെ കുറിച്ചുമാണ് രേഖയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഝാർഖണ്ഡിലെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായ മുഹമ്മദ് ജലാലുദ്ദീൻ. സിമി മുൻ അംഗവും, പോപ്പുലർ ഫ്രണ്ടിലും, എസ്ഡിപിഐയിലും അംഗവുമാണ് അതർ പർവേസ്.
കഴിഞ്ഞ രണ്ടുമാസമായി ഇവർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ വിളിച്ചുചേർക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും, ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ കള്ളപ്പേരാണ് ഇവർ നൽകിയിരുന്നത്. പർവേശിന്റെ ഇളയ സഹോദരൻ 2001-02 കാലഘട്ടത്തിലെ ബോംബ് സ്‌ഫോടനങ്ങളുടെ പേരിൽ ജയിലിൽ പോയ ആളാണ്. ഇതിന് ശേഷമാണ് സിമിയെ നിരോധിച്ചത്. ലക്ഷങ്ങളുടെ ഫണ്ടും പർവേശ് ശേഖരിച്ചിരുന്നു. മാർഷ്യൽ ആർട്‌സ് പഠിപ്പിക്കുന്നു എന്ന വ്യാജേന വാളും കത്തിയും ഒക്കെ പ്രയോഗിക്കാൻ ഇയാൾ നാട്ടുകാരെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇതുകൂടാതെ അന്യമതക്കാർക്കെതിരെ അക്രമത്തിനും പ്രേരിപ്പിച്ചു. സിസിടിവി ഫുട്ടേജുകളും, ദൃക്‌സാക്ഷി വിവരണങ്ങളും തെളിവായുണ്ട്.
ഫുൽവാരി ഷരീഫ് മേഖല കേന്ദ്രീകരിച്ച് ഭീകരവാദ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിത്യസന്ദർശകരായിരുന്ന കൂടുതൽ യുവാക്കളും കേരളം, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുണ്ട്. പിടിയിലായ യുവാക്കൾക്ക് മുസ്‌ലിം രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.
ഭീകരരുടെ ഇന്ത്യ വിഷൻ 2047 പ്രകാരം, മുസ്ലിം സമുദായത്തിലെ 10 ശതമാനം പേരെങ്കിലും തങ്ങളുടെ പേരിൽ അണിനിരന്നാൽ, ഭൂരിപക്ഷ സമുദായത്തെ അടിച്ചമർത്തി, ഇസ്ലാമിക രാജ്യമാക്കി മാറ്റാമെന്ന പ്രതീക്ഷ പങ്കുവയ്ക്കുന്നു. സ്വന്തം കേഡറുടെ സഹായം മാത്രമല്ല, തങ്ങളോട് സൗഹൃദമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയും കാക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പോപ്പുലർ ഫ്രണ്ട് തുർക്കിയുമായി സൗഹൃദ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ബിഹാർ പൊലീസ് അറിയിച്ചു.
ഈ വർഷം മെയിൽ പോപ്പുലർ ഫ്രണ്ടും, അതിന്റെ രാഷ്ട്രീയ വിഭാഗവുമായ എസ്ഡിപിഐയും തീവ് സംഘടനകളാണന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഇവ നിരോധിത സംഘടനകൾ അല്ലെന്നും ജസ്റ്റിസ് കെ.ഹരിപാലിന്റെ ബഞ്ച് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ