- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{പ്ലസ് ടു}} വാദം മാറ്റാൻ ബലിയാടിനെ വേണം! എങ്കിൽ പിന്നെ നല്ലത് ഡിപിഐ തന്നെ; പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റണമെന്ന ആവശ്യവുമായി വിദ്യാഭ്യാസമന്ത്രി; ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന മട്ടിൽ മുഖ്യമന്ത്രിയും
തിരുവനന്തപുരം: ഹയർസെക്കന്ററീ സ്‌കൂളുകളിൽ കുട്ടികളെ നിറയ്ക്കാൻ നടത്തിയ നീക്കമാണ് എസ്എസ്എൽസി ഫലത്തിൽ പ്രതിഫലിച്ചതെന്ന വാദം ശക്തമായതോടെ ബലിയാടുകളെ കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വം തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. എല്ലാം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മേൽ ചാരി വിവാദങ്ങൾക്ക് പുതിയ തലം നൽകാനാണ് നീക്കം. പത്താം ക്ലാസ് ഫലത്തിൽ പിഴവൊന്നും വന്ന
തിരുവനന്തപുരം: ഹയർസെക്കന്ററീ സ്‌കൂളുകളിൽ കുട്ടികളെ നിറയ്ക്കാൻ നടത്തിയ നീക്കമാണ് എസ്എസ്എൽസി ഫലത്തിൽ പ്രതിഫലിച്ചതെന്ന വാദം ശക്തമായതോടെ ബലിയാടുകളെ കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വം തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. എല്ലാം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മേൽ ചാരി വിവാദങ്ങൾക്ക് പുതിയ തലം നൽകാനാണ് നീക്കം. പത്താം ക്ലാസ് ഫലത്തിൽ പിഴവൊന്നും വന്നില്ലെന്നും സാധാരണ സംഭവിക്കുന്നതൊക്കെയേ ഉണ്ടായുള്ളൂ എന്നുമായിരുന്നു വിവാദത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ തെറ്റ് സംഭവിച്ചത് എവിടെ എന്നാണ്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. സോഫ്റ്റ് വെയർ പിഴവെന്ന ആദ്യ പരമാർശം നാഷണൽ ഇൻഫർമാറ്റിക് സെന്റർ തന്നെ പൊളിച്ചു. ഇതോടെ മാർക്ക് ദാനവും ഹയസെക്കന്ററീ സ്‌കൂൾ മാനേജ്‌മെന്റുമായുള്ള ഒത്തുകളിയിലെ പിന്നാമ്പുറം മറുനാടൻ മലയാളി ഉയർത്തിക്കാട്ടി. ഇതോടെ മറ്റ് മാദ്ധ്യമങ്ങളും പ്രശ്‌നം ഏറ്റെടുത്തു. പല പത്രങ്ങളുടേയും പ്രധാന വാർത്തയായി. ഇതോടെയാണ് പരീക്ഷയിൽ പിഴവുണ്ടെന്ന ചർച്ചകൾ സജീവമാക്കിയത്.
പിഴവുകളുടെ പേരിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറെ പുറത്താക്കാനാണ് നീക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് വിദ്യാഭ്യാസ മന്ത്രി തന്നെ ഈ നിർദ്ദേശം മുന്നോട്ട് വയ്ക്കും. മുസ്ലിംലീഗിന്റെ വിദ്യാഭ്യാസ സംഘനയായ എംഎസ്എഫ് പറയുന്നത് എല്ലാത്തിനും കാരണം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഗോപാലകൃഷ്ണ ഭട്ട് എന്നാണ്. അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ചുവട് പിടിച്ചാണ് ഡിപിഐയ്ക്ക് എതിരായ നീക്കം. ഭരണപക്ഷത്തെ മിക്ക സംഘടനകൾക്കും പത്താം ക്ലാസ് ഫല പ്രഖ്യാപനത്തിലെ വിവാദങ്ങളിൽ അതൃപ്തിയുണ്ട്. അതുകൊണ്ട് ഡിപിഐയെ മാറ്റണമെന്നാണ് ആവശ്യം. എന്നാൽ തിടുക്കത്തിലെ മാറ്റം വിവാദം കൂട്ടുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തന്നെയാകും ഈ വിവാദത്തേയും മുഖ്യമന്ത്രി കാണുന്നത്. ഈ സാഹചര്യത്തിൽ ഡിപിഐയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രസ്താവനകളുമായി വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിക്കുന്നവർ എത്തും.
മുസ്ലിംലീഗിലെ റബ്ബ് വിരുദ്ധ ചേരി വിദ്യാഭ്യാസ മന്ത്രിക്കെതിരെ രംഗത്ത് വന്നതോടെയാണ് എംഎസ്എഫിനെ ഇറക്കി ചർച്ചകൾ വഴിതിരിക്കാൻ അബ്ദു റബ്ബ് നേരിട്ട് ചരട് വലികൾ നടത്തിയത്. ഇത് മനസ്സിലാക്കിയതോടെ സോഫ്റ്റ് വെയറിനെ പഴിക്കേണ്ടെന്നും മൂല്യനിർണയ ക്യാമ്പിലാണ് എസ്എസ്എൽസി പരീക്ഷാ ഫലത്തിലെ പിഴവ് സംഭവിച്ചതെന്നും ഡിപിഐ ഗോപാലകൃഷ്ണ ഭട്ടും വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ ചർച്ചകൾ പോകുമ്പോൾ ഹയർ സെക്കന്ററിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആക്ഷേപങ്ങളും കുറയും. യഥാർത്ഥത്തിൽ പ്ലസ് ടൂ സീറ്റുകളുടെ എണ്ണത്തിന് പത്താം ക്ലാസിൽ കുട്ടികളെ ജയിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായി. ഇതുണ്ടാക്കിയ ആശയക്കുഴപ്പമാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പ്രതിഫലിച്ചതെന്നാണ് അദ്ധ്യാപക സംഘടനകൾ നൽകുന്ന സൂചന.
സോഫ്റ്റ്‌വെയറിൽ വലിയ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നിയില്ലെന്ന് ഡിപിഐയും വ്യക്തമാക്കുന്നു. ഡാറ്റ എൻട്രിയിൽ വന്ന തെറ്റാണ് പരീക്ഷാ ഫലത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണം. സാങ്കേതിക പ്രശ്‌നമാണോ എന്നു പരിശോധിക്കുകയും ചെയ്യുമെന്ന് ഡിപിഐ വ്യക്തമാക്കി. പിഴവുകൾക്കു കാരണം സോഫ്റ്റ്‌വെയർ തകരാറാണ് എന്നായിരുന്നു വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചത്. ഇത് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിൽ രണ്ടഭിപ്രായം ഉണ്ടെന്നതിന് തെളിവ്. വ്യാപക തെറ്റുകൾ കണ്ടത്തെിയ സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാഫലം ഔദ്യോഗിക സൈറ്റുകളിൽനിന്ന് നീക്കിയിരുന്നു. തെറ്റ് തിരുത്തി പുതിയ ഫലം പ്രസിദ്ധീകരിക്കുന്നതോടെ വിവാദങ്ങളും തീരും. പക്ഷേ അടുത്ത വർഷമെങ്കിലും ഇത്തരം പിഴവുകൾ ഉണ്ടാകരുതെന്നാണ് അഭിപ്രായമുയരുന്നത്. എന്നാൽ പ്ലസ് ടൂ കച്ചവടത്തിന്റെ കാലത്ത് ഇതൊക്കെ ഇനി സ്വാഭാവികമാണെന്നാണ് വാദമുയരുന്നത്.
സംസ്ഥാനത്ത് +1 സീറ്റുകളുടെ എണ്ണം ഒന്നുപോലും കൂട്ടിയില്ലെങ്കിലും നാലുവർഷം കഴിയുമ്പോൾ സീറ്റുകളുടെ എണ്ണം പത്താംക്ലൂസ് പാസാകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാവും. പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ കണക്കനുസരിച്ച് 2019ൽ 3,57,322 കുട്ടികളാണ് പത്താംതരം പരീക്ഷയെഴുതുക. ഈ വർഷം സർക്കാർ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് +1ന് 3,61,130 സീറ്റുകളാണുണ്ടാവുക. എഴുതിയ കുട്ടികളെല്ലാം പാസാവുകയും അവരെല്ലാം +1 പ്രവേശനം തേടുകയും ചെയ്താലും സീറ്റ് ബാക്കികിടക്കുമെന്നർഥം. ഇതിനു പുറമേയാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്‌നിക്, ഐ.ടി.ഐ. തുടങ്ങിയ കോഴ്‌സുകൾ. കണക്കില്ലാതെ +1 സീറ്റ് അനുവദിക്കുന്നതിന് പിന്നിൽ മാനേജ്‌മെന്റുകളുടെ കച്ചവടതാത്പര്യമാണെന്ന വിമർശം മുമ്പുതന്നെ ഉയർന്നിരുന്നു. ഈ കച്ചവട താൽപ്പര്യം സംരക്ഷിക്കാൻ പത്താംക്ലാസിൽ കൂടുതൽ കുട്ടികളെ ജയിപ്പിക്കണം.
+1ന് ആകെയുള്ള സീറ്റിൽ പകുതിയിലേറെയും സയൻസ് ഗ്രൂപ്പിലാണ്. പത്താംതരം കഷ്ടിച്ച് കടന്നുകൂടിയ കുട്ടികളും ഇതോടെ സയൻസ് ഗ്രൂപ്പ് സ്വീകരിക്കാൻ നിർബന്ധിതരാവുന്നു. 1,86,032 സീറ്റുകൾ സയൻസ് ബാച്ചിൽ ഉണ്ടാവുമെന്നാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ കണക്ക്. അതേസമയം, കൊമേഴ്‌സിൽ 1,05,210 സീറ്റും ഹ്യൂമാനിറ്റീസിൽ 69,888 സീറ്റും മാത്രമാണുള്ളത്. രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെന്റുകളും സയൻസ് ഗ്രൂപ്പിന്റെ പിന്നാലെ പായുമ്പോൾ വെട്ടിലാവുന്നത് കുട്ടികളാണ്. പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത കുട്ടികൾ അദ്ധ്യാപകരെയും ബുദ്ധിമുട്ടിലാക്കുന്നു. സയൻസിനും മാക്‌സിനും കുട്ടികളെ ചേർക്കുമ്പോൾ കൂടുതൽ ഡൊണേഷൻ വാങ്ങാം. മാനേജ്‌മെന്റുകൾക്ക് അതാണ് താൽപ്പര്യം. അങ്ങനെ കേരളാ മോഡലെന്ന കൈയടി കിട്ടിയ വിദ്യാഭ്യാസ മാതൃകയെ തകർക്കുകയാണ് എല്ലാവരും ചേർന്ന്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മാർക്കദാനവും പത്താംക്ലാസ് റിസൾട്ട് വിവാദങ്ങളും.
അതിനിടെ റബ്ബിനെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന അഭിപ്രായം മുസ്ലിംലീഗിൽ സജീവമാണ്. എന്നാൽ നേതൃത്വം ഇതിന് തയ്യാറാകില്ല. മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകും. റബ്ബ് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് മാറിയാൽ പകരം അബ്ദുസമദ് സമദാനി മന്ത്രിയാകുമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിനിടെ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനുമെതിരെ വിമർശനമുയർത്തി ലീഗിലെ കെ.എൻ.എ ഖാദർ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് എസ്.എസ്.എൽ.സി വിവാദത്തിൽ വിദ്യാഭ്യാസമന്ത്രിയെ തിരുത്തി രംഗത്തു വന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർ ഗോപാലകൃഷ്ണ ഭട്ടിനെ മാറ്റണമെന്ന് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടന എം.എസ്.എഫ് ആവശ്യപ്പെട്ടത്. ഡി.പി.ഐക്കെതിരെ മുമ്പും പരാതികളുണ്ടായിരുന്നതായും ഫലപ്രഖ്യാപനത്തിൽ പിഴവു സംഭവിച്ച സംഭവത്തിൽ ഡി.പി.ഐയെ മാറ്റണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. പാർട്ടിയിൽ റബ്ബിനും പിന്തുണയുണ്ടെന്ന് വരുത്താനാണ് ഇത്.