- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞവർ ആ സമയത്ത് സ്ഥലത്തില്ലാത്തവർ; വൈദ്യപരിശോധനയിലും പീഡനത്തിന് തെളിവില്ല; സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിക്ക് കാരണം സ്‌കൂളിൽ പോകാനുള്ള മടി; മൊബൈൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ കള്ളം പറഞ്ഞെന്ന് വിലയിരുത്തൽ
എടത്വാ: സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതി സ്‌കൂളിൽ പോകാനുള്ള മടികാരണം പറഞ്ഞതാണെന്നു വിലയിരുത്തൽ. ഇതോടെ കേസ് അപ്രസക്തമാകും.
നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു. എന്നാൽ, മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു.
രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടി. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതിന്റെ ഫലമായി പീഡനകഥ കുട്ടി മെനഞ്ഞതെന്നാണു കരുതുന്നത്.
സ്‌കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകർത്താക്കളോടു പറഞ്ഞത്. വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സി.സി. ടി.വി. ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തിൽ തന്നെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന് വ്യക്തമായി. വൈദ്യ പരിശോധനയിലും പീഡനം നടന്നില്ലെന്ന് തെളിഞ്ഞു. പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ